കേരള ബ്ലാസ്റ്റേഴ്സിന്റെ നിരാശാജനകമായ ഒരു സീസണുകൂടി തിരശീല വീഴുന്നു. അവസാന മത്സരത്തില്‍ ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. ഈ സീസണിലും ടീമില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാതെ വന്നതോടെ ആരാധകര്‍ ടീമിനെ കയ്യൊഴിഞ്ഞ മട്ടാണ്.
ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഗച്ചിബൗളിയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024–25 സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് തുടർച്ചയായ തിരിച്ചടികളുടേതാണ്. മൂന്ന് സീസണുകൾക്ക് ശേഷം ഇക്കുറി ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 23 കളിയിൽ നിന്ന് 28 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. എട്ട് കളികളിൽ മാത്രം ജയിക്കാനായ അവർ 11 കളികളിൽ തോറ്റു. നാല് മത്സരങ്ങൾ സമനിലയിലായി. അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ കൊച്ചി സ്റ്റേഡിയത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കാണികളുടെ എണ്ണമാണ് രേഖപ്പെടുത്തിയതെന്നത് ആരാധകരുടെ നിരാശ വ്യക്തമാക്കുന്നു. തുടർ തോൽവികളിലേക്ക് ടീം വീണതിന് പിന്നാലെ പാതിവഴിയില്‍ വച്ച് മികേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ ഇടക്കാല പരിശീലകൻ പുരുഷോത്തമന് കീഴിൽ ടീം പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുത്തു. എന്നാൽ പ്ലേഓഫ് സ്വപ്നങ്ങൾ ഏറെ ദൂരത്തായി. ഇനി അവസാന മത്സരത്തില്‍ ജയം നേടി ശുഭകരമായി സീസൺ അവസാനിപ്പിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. ഇടയ്ക്ക് ചില കളികളിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച ടീം പലപ്പോഴും അതിദയനീയമായി. സീസണിൽ മികച്ച കളിക്കാരെ സ്ക്വാഡിൽ എത്തിച്ചില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരെ ആരാധകർ പ്രധാനമായും ഉന്നയിച്ച വിമർശനം. ഇരുപതിന് മുകളിൽ കളിക്കാർ ക്ലബ് വിടുകയും ചെയ്തു. ഐഎസ്എല്ലിനുശേഷം സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. അടുത്ത മാസം 21 ന് ഒഡിഷയിലെ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം കഴിയുന്നതോടെ പുതിയ പരിശീലകനെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഒഡിഷ എഫ്സി പരിശീലകൻ സെർജിയോ ലൊബേറ, മോഹൻ ബഗാൻ പരിശീലകൻ ഹോസെ മൊളീന എന്നീവരുടെ പേരുകളാണ് മുന്‍ഗണനയിലുള്ളത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ ലൊബേറോ സമ്മതിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. മൂന്ന് വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ ലൊബേറോയ്ക്ക് താല്പര്യമുണ്ട്. മുംബൈ സിറ്റിയേയും എഫ്‌സി ഗോവയെയും ഐഎസ്എൽ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ലൊബേറോ. ഹോസേ മൊളീനയുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കൊല്‍ക്കത്തയില്‍ വച്ച് ആദ്യ ഘട്ട ചർച്ച നടത്തിയിരുന്നു. സീസണിൽ മോഹൻ ബഗാനെ ഷീൽഡ് ജേതാക്കളാക്കി മാറ്റിയ മൊളീനയെ കൊച്ചിയിലേക്ക് എത്തിക്കുക എളുപ്പമാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.