Wednesday
21 Aug 2019

മരവേരുകളിലുണരുന്ന ശിവപ്രസാദിന്‍റെ ശില്പചാരുത

By: Web Desk | Tuesday 8 January 2019 3:36 PM IST


silpi
ശിവപ്രസാദിന്റെ ശില്പങ്ങള്‍

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: രാമക്കല്‍മേട് ശിവപ്രസാദ് കൊത്തിയെടുത്ത ജീവന്‍തുടിക്കുന്ന ശില്പങ്ങള്‍ ആരുടേയും മനം കവരും. അത്രയക്ക് ഭംഗിയുണ്ട് ഓരോ ശില്പത്തിനും. തടിയില്‍ കൊത്തിയെടുക്കുന്ന ശില്പങ്ങളുടെ രൂപഭംഗിയിലുളള വ്യത്യസ്തത മറ്റ് ശില്പികളില്‍ നിന്നും ശിവപ്രസാദിനെ വ്യത്യസ്തനാക്കുന്നു. രാമക്കല്‍മേട്ടിലെ കുറുവന്‍ കുറത്തിശില്പത്തില്‍ കുറത്തി കുറവന്റെ ഇടത് വശത്ത് ഇരിക്കുകയും, കുഞ്ഞ് നില്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ശിവപ്രസാദ് കൊത്തിയ ശില്പത്തില്‍ കുറത്തി കുറവന്റെ വലത് വശത്തും ഇവര്‍ക്ക് ഇടയില്‍ മകന്‍ ഇരിക്കുന്നതുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈട്ടി, തേക്ക് തുടങ്ങിയവരുടെ വേരുകളിലാണ് അധികവും ശില്പങ്ങള്‍ നിര്‍മ്മിക്കുന്നത്. ചില ശില്പങ്ങള്‍ ഒറ്റതടിയില്‍ തന്നെ തയ്യാറാക്കും. മുന്‍കൂട്ടി സ്‌കെച്ച് ഇട്ട് നിര്‍മ്മിക്കുന്ന രീതി ശിവപ്രസാദിനില്ല.

ലഭിക്കുന്ന തടിയില്‍ മനസ്സില്‍ അപ്പോള്‍ തോന്നുന്ന രൂപം തന്‍റേതായ ശൈലില്‍ നിര്‍മ്മിക്കുക എന്നതാണ് രീതി. വളരെ നല്ല രീതിയില്‍ പടം വരയ്ക്കുന്ന ശിവപ്രസാദ് പട്ടാളത്തില്‍ നിന്ന് അവധിയ്ക്ക് വീട്ടിലെത്തിയ സമയത്ത് വെറുതെ മരത്തടിയില്‍ ബുദ്ധനെ കൊത്തിയാണ് ശില്പനിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് 1999 പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്നതിന് ശേഷമാണ് ശില്പ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിച്ചത്. ഇതിനോടകം ആയിരക്കണക്കിന് ശില്പങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞതായി ശില്പി പറയുന്നു. നിര്‍മ്മിക്കുന്ന ശില്പങ്ങള്‍ വിലയ്ക്ക് നല്‍കാറില്ല. വിവിധ എക്‌സിഫിഷന്‍ സ്റ്റാളുകളില്‍ പ്രദര്‍ശനത്തിന് വെയ്ക്കുമ്പോള്‍ മാത്രമാണ് ഇവയിലധികവും വിലയ്ക്ക് നല്‍കാറുള്ളതെന്ന് ശിവപ്രസാദ് പറയുന്നു. അമിത തുക ഈടാക്കാറില്ല. ശില്പങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആളുകള്‍ എത്തിക്കുന്ന തടികളിലും ഇദ്ദേഹത്തിന്റെ സമയത്തിനനുസരിച്ച് ശിലപ്ങ്ങള്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട്.  ഭാര്യ സിന്ധുവും കിരണ്‍, കരിഷ്മ എന്നീ മക്കളുമടങ്ങുന്നതാണ് ശിവപ്രസാദിന്‍റെ  കുടുംബം.