February 5, 2023 Sunday

കോവിഡുകാലം കടന്നുപോകും കൃഷിയുടെ കാലം തിരിച്ചു വരണം

വി എസ് സുനിൽകുമാർ
കൃഷി വകുപ്പ് മന്ത്രി
April 4, 2020 5:30 am

കോവിഡ് 19 ചൈനയിൽ തുടങ്ങി ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാനസിക ഐക്യത്തോടെ നാമെല്ലാം വീടുകളിൽ തന്നെ കഴിഞ്ഞു വരികയുമാണ്. 2020 മാർച്ച് 25 ന് ആരംഭിച്ച ലോക് ഡൗൺ ഇപ്പോഴും തുടരുന്നു. വീടുകളിൽ തുടരുന്ന ഈ കാലയളവിൽ ആരോഗ്യവും മാനസികോല്ലാസവും ഉണ്ടാകുന്നതിന് ഏറ്റവും നല്ല മാർഗ്ഗം ചെറിയ ചെറിയ കൃഷിപ്പണികളിൽ ഏർപ്പെടുക എന്നുള്ളതാണ്. മുഖ്യമന്ത്രി തന്നെ ഇത്തരമൊരു നിർദ്ദേശം കഴിഞ്ഞ ദിവസം മുന്നോട്ടു വയ്ക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കേരളീയർക്ക് ഒരു കൗൺസലിങ് കൂടിയാണ്. അദ്ദേഹം കുടുംബങ്ങളിൽ കൃഷി ചെയ്യുന്നതിനെപ്പറ്റി നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി കുടുംബങ്ങൾ ആ നിർദ്ദേശം ഏറ്റെടുത്തിട്ടുണ്ട്. അവരെ ഹൃദയപൂർവ്വം ഞാൻ അഭിനന്ദിക്കുന്നു.

ഐക്യരാഷ്ട്രസഭ പരിസ്ഥിതി കാര്യാലയത്തിൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടിയുടെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഈ ദിവസങ്ങളിൽ വായിക്കാൻ ഇടയായി. സ്വിറ്റ്സർലൻഡിൽ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന ‘അലോട്ടുമെന്റ് ഗാർഡൻ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ആ പോസ്റ്റിൽ പുതുമയുള്ളതും ഹൃദയസ്പർശിയുമായ ഒരു നിര്‍ദ്ദേശമാണ് മുരളി തുമ്മാരുകുടി പങ്കുവച്ചത്. യുദ്ധകാലത്ത് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം ആ ദേശത്തെ ഞെരുക്കിയ സന്ദർഭത്തിൽ ജനങ്ങൾക്ക് റേഷൻ അനുവദിച്ച കൂട്ടത്തിൽ ഭരണകൂടം ഓരോ കുടുംബത്തിനും ഒന്നര സെന്റ് ഭൂമി വീതം അനുവദിച്ചു. അവരവർക്ക് ലഭിച്ച ഒന്നര സെന്റിൽ അവർ കൃഷി ചെയ്തു, കോഴിയെ വളർത്തി, പശുവിനെയും പന്നിയെയുമൊക്ക പരിപാലിച്ചു. വീട്ടിലേക്കാവശ്യമായ പച്ചക്കറി അവിടെ നിന്ന് ഉല്പാദിപ്പിച്ചു. അലോട്ട്മെന്റ് ഗാർഡൻ എന്ന ആശയം വളരെ നല്ല നിലയിൽ അവിടെ സ്വീകരിക്കപ്പെട്ടു എന്നു മാത്രമല്ല ഓരോ വീടും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന് അത് ഇടയാക്കുകയും ചെയ്തു. ഇതുപോലെ വിക്ടറി ഗാർഡൻ, കമ്മ്യൂണിറ്റി ഗാർഡൻ, ഹോം ഗാർഡൻ, ഗാർഡൻസ് ഓഫ് ദി പൂവർ തുടങ്ങിയ പേരുകളിൽ സമാനമായ ആശയങ്ങൾ മറ്റു പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാന ഘടകം കുടുംബം ആണുതാനും. ലളിതമാണെങ്കിലും അത് ഉയർത്തുന്ന സ്വാധീനം വലുതാണ്. കോവിഡ് കാലത്ത് അതിർത്തികൾ മണ്ണിട്ട് അടയ്ക്കാൻ നമ്മുടെ സഹോദര സംസ്ഥാനങ്ങൾ തിടുക്കം കാട്ടിയത് നാം കണ്ടല്ലോ. അതിർത്തികൾ നാളെയും മണ്ണിട്ട് അടച്ചുകെട്ടിയെന്നു വരാം. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുകൾക്കും പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും വേണ്ടി അതിർത്തി കടന്നെത്തുന്ന ചരക്കുലോറികൾക്കായി കാത്തിരിക്കാതെ നമ്മുടെ സ്വന്തം മണ്ണിൽ വിത്തിറക്കി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ഇപ്പോഴേ തയ്യാറെടുക്കണം, അതാണ് വേണ്ടത്. ഇവിടെ നമുക്ക് നല്ല മണ്ണുണ്ട്, നല്ല വെള്ളമുണ്ട്, മനോഹരമായ കാലാവസ്ഥയുണ്ട്, നാളികേരത്തിന്റെ ഈ നാട്ടിൽ വിളയാത്ത ഏതു വിളയാണുള്ളത്? ആരൊക്കെ അതിർത്തികൾ മണ്ണിട്ട് അടച്ചാലും നമുക്കാവശ്യമുള്ള പച്ചക്കറികൾ നമ്മുടെ മണ്ണിൽ തന്നെ ഉല്പാദിപ്പിക്കുക എന്നതാണ് പ്രധാനം. അങ്ങനെ വരുമ്പോൾ കൃഷിയെന്നത് മലയാളിയുടെ ആത്മബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിത്തറയായി മാറും. വിപണിയെ വളരെ കുറച്ചു മാത്രം ആശ്രയിച്ചിരുന്ന ഒരു തലമുറ നമുക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്നു.

സ്വന്തം വീട്ടുവളപ്പിൽ, അല്ലെങ്കിൽ, പാട്ടത്തിനെടുത്ത സ്ഥലത്ത് അവശ്യം വേണ്ട പച്ചക്കറികളെല്ലാം അവർ ഉല്പാദിപ്പിച്ചിരുന്നു. ഓരോ കാലത്തും വീട്ടുവളപ്പിൽ നിന്ന് ലഭിച്ചിരുന്ന കാർഷിക വിഭവങ്ങൾ അവരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗവുമായിരുന്നു. രാവിലെ കഞ്ഞി കുടിച്ച് പാടത്തേക്കോ പറമ്പിലേക്കോ ഇറങ്ങിയാൽ രാത്രിവരെ അവിടെ പണിയെടുത്ത് മണ്ണിനെ പൊന്നാക്കിയവരുടെ പിൻമുറക്കാരാണ് നമ്മൾ. വേനൽമഴ കിട്ടിക്കഴിഞ്ഞാൽ കിഴങ്ങു വർഗ്ഗങ്ങൾ നടുന്നു, പറമ്പ് കിളച്ച് പൊലികൂട്ടിയിരുന്നു, തെങ്ങിന് തടം തുറന്നിരുന്നു, കൂടാതെ അവർ വെള്ളം കരുതലോടെ ഉപയോഗിച്ചിരുന്നു, അങ്ങനെയാണവർ ഇവിടെ ജീവിച്ചിരുന്നത്. സൗകര്യങ്ങൾ കൂടുന്നതോടെ പ്രകൃതിയിൽ നിന്നും മണ്ണിൽ നിന്നും പതുക്കെ അകലാനാണ് നമ്മൾ തിടുക്കം കാണിച്ചത്. അതോടെ ജീവിത ശൈലീരോഗങ്ങൾ നമ്മെ കടന്നാക്രമിക്കാനും തുടങ്ങി. ഉണ്ണിപ്പിണ്ടിയും വാഴക്കുടപ്പനും ചേമ്പും താളും ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങൾ ഈ കൊറോണക്കാലത്ത് നമ്മുടെ തീൻമേശകളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. വളരെ സന്തോഷം പകരുന്ന കാര്യമാണത്. സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കുമ്പോൾ നാവിനും മനസ്സിനും ഉണ്ടാകുന്ന അനുഭൂതി വിശേഷത്തിന് പകരം വയ്ക്കാവുന്ന മറ്റൊന്നും തന്നെയില്ല. നമ്മൾ ഒരു വിത്തു നടുന്നു അത് മുളച്ച് വളർന്ന്, വലുതായി, അതിൽ പൂ വരുന്നു, കായ് ഉണ്ടാകുന്നു, മൂപ്പെത്തുമ്പോൾ അത് ഭക്ഷണത്തിന്റെ ഭാഗമാകുന്നു. ഈ പ്രക്രിയ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. അതൊരു അനുഭവമാണ്. കേരളത്തിന്റെ തനത് കാർഷിക അനുഭവം. ഈ അനുഭവം തന്നെയാണ് പുതിയ തലമുറയിലേക്ക് പകർന്നു നൽകേണ്ടത്. മലയാളി സമൂഹത്തെ നല്ല ആരോഗ്യവും ശാരീരികക്ഷമതയും ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജീവനി — നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ബൃഹത്തായ പദ്ധതിക്ക് കൃഷിവകുപ്പ് രൂപം നൽകിയത്. ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭക്ഷണതളിക തയ്യാറാക്കി, തളികയിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജനകീയ പങ്കളിത്തത്തോടെ വീട്ടുവളപ്പിൽ തന്നെ വിളയിച്ചെടുക്കുക എന്നതാണ് ജീവനിയുടെ രീതിശാസ്ത്രം. 2020 ജനുവരി ഒന്നു മുതൽ 2020 ഏപ്രിൽ 15 വരെയുള്ള കാലയളവിൽ ഈ കാർഷിക കർമ്മപരിപാടി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കൃഷി പാഠശാല എന്ന പേരിൽ പൊതുജനങ്ങളെ ശാസ്ത്രീയമായി കൃഷി പഠിപ്പിക്കുന്ന പരിപാടിയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

2020 ജനുവരി നാലിന് ഈ പദ്ധതി മുഖ്യമന്ത്രി തൃശൂരിൽ ഉദ്ഘാടനം ചെയ്തു. പദ്ധതി നല്ല നിലയിൽ നടപ്പാക്കി വരുന്നതിനിടയിലാണ് കോവിഡ്-19 രോഗവ്യാപനം ഉണ്ടായത്. അതിന്റെ ഭാഗമായി ലോക്ക്ഡൗൺ കൂടി വന്നതോടെ നടീൽ വസ്തുകളുടെയും വിത്തുകളുടെയും വിതരണം തടസപ്പെട്ടു. എങ്കിലും നമ്മുടെ മുന്നിൽ സാധ്യതകളുടെ പുതിയവാതിലുകൾ തുറന്നു തന്നെയാണ് കിടക്കുന്നത്. നിലവിൽ വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് അവ പരിപാലിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുണ്ട്. കൃഷി ചെയ്യാൻ സ്ഥമില്ലെന്നും സൗകര്യമില്ലെന്നുമൊക്കെ പറയുന്നവരുണ്ട്. അവരോട് പറയാനുള്ളത്, കൃഷി ചെയ്യാൻ ആദ്യം വേണ്ടത് സ്ഥലമോ സൗകര്യമോ അല്ല, കൃഷി ചെയ്യാനുള്ള മനസാണ്. മനസുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്. കൃഷി ചെയ്യാൻ മനസ്സുള്ളവർക്ക് സ്ഥലവും സൗക്യവുമൊക്കെ താനേ ഉണ്ടായിക്കോളും. കൃഷി ചെയ്യുക എന്നത് ഒരു നിലപാടാണ് സാമൂഹ്യ ഉത്തരവാദിത്ത്വം നിറവേറ്റാനുള്ള വ്യക്തികളുടെ നിലപാട്. കൃഷി എന്നത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്ത്വമാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്ത്വമാണ് എന്നതു പോലെ തന്നെയാണ് കൃഷിയും. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് മാറിയകാലത്തിന്റെ മുദ്രാവാക്യം. ഭക്ഷണ മേശയിൽ വിളമ്പുന്നത് വിഷമാണോ വിഷരഹിതമായ സുരക്ഷിത ഭക്ഷണമാണോ എന്ന് തീരുമാനിക്കേണ്ടതും നമ്മൾ തന്നെയാണ്. 2017–18 സാമ്പത്തിക വർഷം 69047 ഹെക്ടർ പ്രദേശത്തു നിന്ന് നമ്മൾ 10 ലക്ഷം മെട്രിക് പച്ചക്കറിയാണ് ഉല്പാദിപ്പിച്ചത്. 2018–19 ൽ ആകട്ടെ, 82166 ഹെക്ടറിൽ നിന്ന് 12.12 ലക്ഷം മെട്രിക് ടൺ പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ നമുക്ക് സാധിച്ചു. പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറി നമുക്ക് ആവശ്യമുണ്ട് ഇതിൽ തന്നെ 40 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തിന് പുറത്തു നിന്നാണ് വരുന്നത്. ആഭ്യന്തര ഉല്പാദനം വർധിപ്പിച്ചാൽ മാത്രമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയ്ക്കുവാൻ സാധിക്കുകയുള്ളു. നാടൻ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യേണ്ടത് അനിവാര്യമാണ്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ്. നല്ല ഭക്ഷണം വഴി ഉയർന്ന രോഗ പ്രതിരോധശേഷിയും ആരോഗ്യവും കൈവരിക്കാൻ നമുക്ക് കഴിയും. ഇന്ന് ലോകത്താകെ ഹോർട്ടിതെറാപ്പി എന്ന ഒരു പുതിയ ആരോഗ്യ ശാസ്ത്രശാഖ വളർന്നു വരുന്നുണ്ട്. പ്രധാനമായും ജീവിതശൈലീരോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയിലാണ് ഹോർട്ടിതെറാപ്പി ഉപയോഗിക്കുന്നത്. ശരീരത്തിനും മനസിനും അതുവഴി ജീവിതത്തിനും ആരോഗ്യവും ഉന്മേഷവും പകർന്നു നല്കുക എന്നതാണ് ഹോർട്ടിതെറാപ്പിയുടെ തത്വം. ഈ ദിശയിലാണ് കൃഷി വകുപ്പും പദ്ധതികൾ തയ്യാറാക്കുന്നത്.

പച്ചക്കറികളുടെ മാത്രമല്ല, ഇലക്കറികളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും വൈവിധ്യം കൊണ്ട് സമ്പന്നമാണ് കേരളം. പരമ്പരാഗത വിത്തിനങ്ങളുടെയും കാർഷിക ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം ഭക്ഷ്യസുരക്ഷയുടെ കാതലായ ഘടകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് നമ്മുടെ ജനിതക സമ്പത്ത് ഉതകുമെന്നത് ഇവയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. തലമുറകളുടെ അനുഭവ സമ്പത്തും നിരീക്ഷണ പാടവവും സമന്വയിപ്പിച്ചു കൊണ്ടാണ് ഓരോ പരമ്പരാഗത വിത്തും ഉരുത്തിരിയുന്നത്. ഇത്തരം വിത്തുകൾ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രദേശങ്ങളിൽ അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന കൃഷിവകുപ്പ് നടപടി സ്വീകരിച്ചു വരുന്നുണ്ട്. വയനാട്ടിലെ കേളുപയർ, കുളത്താട പയർ, കാസർകോട് ജില്ലയിലെ ആനക്കൊമ്പൻ വെണ്ട, വെള്ള വെണ്ട, കൂനൻ പീച്ചിൽ, കോഴിക്കോട് ജില്ലയിലെ എടക്കര പാവൽ, തലക്കുളത്തൂർ കക്കിരി, വേങ്ങേരി വഴുതന, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വെള്ളരി, മലപ്പുറത്തെ അരിപ്ര കണിവെള്ളരി, എടയൂർ മുളക്, പാലക്കാട് ജില്ലയിലെ കോട്ടായി വഴുതന, ആനക്കൊമ്പൻ വെണ്ട, വിത്തിനശേരി വെണ്ട, ആട്ടകൊമ്പൻ അമര, വെള്ള കാന്താരി, തൃശ്ശൂർ ജില്ലയിലെ പൊട്ടുവെള്ളരി, ആലങ്ങാട് ചീര, കോടാലി മുളക്, എറണാകുളത്തെ കക്കാട് പാവൽ, തിരുവാണിയൂർ പടവലം, കോട്ടയത്തെ കാളക്കൊമ്പൻ വഴുതന, ആദിത്യപുരം പാവൽ, ആദിത്യപുരം പടവലം, ഇടുക്കി ജില്ലയിലെ ഇഞ്ചി വെള്ളരി, കാന്തല്ലൂർ വട്ടവട മലപ്പൂണ്ട് വെളുത്തുള്ളി, കൊല്ലത്തെ അഞ്ചൽ ലോക്കൽ പയർ, ഒടയൻകൊല്ലി ഉണ്ട മുളക്, ആലപ്പുഴയിലെ കഞ്ഞിക്കുഴി പയർ, പട്ടുചീര, തിരുവനന്തപുരം ജില്ലയിലെ വ്ളാത്തങ്കര ചീര, ആനക്കൊമ്പൻ വെണ്ട തുടങ്ങിയ 35 ഇനം പരമ്പരാഗത വിത്തിനങ്ങളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള വി. എഫ്. പി. സി. കെ. വഴിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ലോക്ക്ഡൗൺ അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന മുറയ്ക്ക് വിത്തുകൾ ശേഖരിക്കാവുന്നതാണ്. അത്യസാധാരണ സാഹചര്യത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സാധാരണ നിലയിൽ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുന്ന ഒരു രീതി മലയാളികൾക്ക് പൊതുവേ കുറവുമാണ്. പക്ഷെ, കോവിഡ് 19 ന്റെ സമൂഹ വ്യാപനം ഒഴിവാക്കുന്നതിന് നാം വീടുകളിൽ തന്നെ കഴിയേണ്ടത് അനിവാര്യവുമാണല്ലോ?.

വീടുകളിൽ മുഴുവൻ സമയവും ചെലവഴിക്കേണ്ടി വരുമ്പോൾ മാനസിക സംഘർഷവും അസ്വസ്ഥതകളും ഉണ്ടായേക്കാം. അതുകൊണ്ടാണ് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആരോഗ്യപരിരക്ഷയ്ക്കും സഹായകമായ വിധത്തിൽ കാർഷികവൃത്തിയിലേക്ക് തിരിയണമെന്ന് നാം പറയുന്നത്. കാരണം, മനസ്സിന് സന്തോഷം പകരുന്നതിനും അതുവഴി നഷ്ടപ്പെട്ടുപോയ ആരോഗ്യം വീണ്ടെടുക്കുന്നതിനും കൃഷിയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. ഗ്രാമപ്രദേശങ്ങളിലുള്ളവർ വീട്ടുവളപ്പിൽ തന്നെ ലഭ്യമായ സ്ഥലത്ത് ഏതെങ്കിലും തരം കൃഷി ആരംഭിക്കണം. നഗരങ്ങളിൽ കഴിയുന്നവർക്ക് ബാൽക്കണിയോ, ടെറസിന്റെ റൂഫോ പ്രയോജനപ്പെടുത്താവുന്നതാണ്. പ്ലാസ്റ്റിക്ക് കവറുകളോ, ചാക്കുകളോ, അത്തരത്തിലുള്ള പാഴ് വസ്തുക്കൾ ചെടികൾ നടുന്നതിന് ഉപയോഗപ്പെടുത്താം. ഒരുതരത്തിലും കൃഷി ചെയ്യാൻ സാധിക്കാത്തവർ, മൈക്രോ ഗ്രീൻ കൃഷിയെങ്കിലും ചെയ്യാൻ തയ്യാറാകണം. ചെറിയ ട്രേയിൽ കടലാസോ ടിഷ്യൂ പേപ്പറോ നനച്ചിട്ട് അതിൽ ചെറു പയൽ പോലെയുള്ള ധാന്യങ്ങൾ മുളപ്പിച്ചെടുക്കുകയും അവ വളർന്ന് വലുതാകുന്നതിനു മുമ്പുതന്നെ കറിവെയ്ക്കുകയും ചെയ്യുന്നതാണ് മൈക്രോ ഗ്രീൻ സമ്പ്രദായം. ഇപ്പോൾ, കൃഷി ഒരു സംസ്കാരമായി വളർത്തിക്കൊണ്ടു വന്നു കഴിഞ്ഞാൽ, കൊറോണക്കാലത്തിനു ശേഷം കൂടുതൽ സ്ഥലത്ത് കൂടുതൽ മികച്ച നിലയിലേക്ക് അത് വ്യാപിപ്പിക്കുന്നതിന് നമുക്ക് സാധിക്കും. സാമൂഹ്യ അകലം പാലിച്ചും മാനസികമായ അടുപ്പം കാത്തു സൂക്ഷിച്ചും നാം ഒറ്റക്കെട്ടായി കോവിഡ് 19 നെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോൾ ലോകമാകെ കേരള മാതൃക ചർച്ച ചെയ്യുമ്പോൾ, കാർഷിക രംഗത്തും നമുക്കൊരു കേരള മാതൃക മുന്നോട്ടുവയ്ക്കാൻ കഴിയേണ്ടതുണ്ട്. അതുകൊണ്ട്, ലഭ്യമായ സ്ഥലത്ത് ലഭ്യമായ സാമഗ്രികൾ ഉപയോഗപ്പെടുത്തി, നമുക്ക് കൃഷി ആരംഭിക്കാം. അങ്ങനെ അരോഗ്യദൃഢഗാത്രരാകട്ടെ മലയാളികൾ. വിഷരഹിതമാകട്ടെ മണ്ണും മനസും. കോവിഡുകാലം കടന്നുപോകും കൃഷിയുടെ കാലം തിരിച്ചു വരണം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.