മോഹൻലാലിന് പിന്തുണയുമായി സാംസ്ക്കാരിക കൂട്ടായ്മ

തിരുവനന്തപുരം: മോഹൻലാലിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന സാംസ്കാരിക കൂട്ടായ്മ. നിർമ്മാതാവ് ജി സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് സാംസ്ക്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. ഉണർവ്വ് കലാ സാംസ്കാരിക വേദിയാണ് യോഗം സംഘടിപ്പിച്ചത്. ബുദ്ധിജീവികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പേക്കൂത്തുകൾക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല മലയാളത്തിന്റെ മഹാനടൻ മോഹൻലാലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണം. ഇതിനായി അടുത്ത 5ന് തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
നിർമ്മാതാക്കളായ കിരീടം ഉണ്ണി, സന്ദീപ് സേനൻ, ഭാവചിത്ര ജയകുമാർ, എം ബി സനിൽ കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തിരുവനന്തപുരം ഫിലിം ഫ്രറ്റെണിറ്റി സെക്രട്ടറി ആർ രവീന്ദ്രൻ നായർ, മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി വിമൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷിബു ശശി, ഉണർവ്വ് കലാ സാംസ്കാരിക വേദി സംസ്ഥാന കണ്‍വീനര്‍ ഗോപൻ ചെന്നിത്തല, കോ കണ്‍വീനര്‍ യാഗാ ശ്രീകുമാർ, ജില്ലാ കണ്‍വീനര്‍ അനിൽ പ്ലാവോട്, റെജി തമ്പി എന്നിവർ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി ജി സുരേഷ് കുമാർ അധ്യക്ഷനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.