സാംസ്‌കാരിക നവോത്ഥാനം

Web Desk
Posted on October 03, 2018, 10:12 pm
Mithila Mithun

മിഥിലാ മിഥുന്‍
സ്‌കൂള്‍ ഓഫ് ദി ഗുഡ് ഷെപ്പേഡ്, ആക്കുളം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് നവോത്ഥാന പ്രസ്ഥാനം നാമ്പിട്ടത്. ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ ഇന്ത്യക്കാര്‍ സാംസ്‌കാരിക സാമ്പത്തികരംഗങ്ങളില്‍ വന്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇതില്‍ നിന്നുള്ള മോചനമായിരുന്നു നവോത്ഥാന പ്രസ്ഥാനം ലക്ഷ്യമാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണസഹായികളായി വളരെ കുറച്ച് ആളുകളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഈ ലക്ഷ്യത്തോടെ നടപ്പാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിലെ ബുദ്ധിജീവികള്‍ക്ക് മുന്നില്‍ അറിവിന്റെ പുതിയൊരധ്യായം തുറന്നിടുകയാണുണ്ടായത്. പാശ്ചാത്യ ചിന്താധാരകളുമായും ആധുനിക ശാസ്ത്രങ്ങളുമായും ഇടപഴകുവാനിതവസരമൊരുക്കി.
അതിപുരാതനമായ ചരിത്രവും സാംസ്‌കാരിക പൈതൃകവുമുള്ള ഇന്ത്യ വെറുമൊരു കൊച്ചുരാജ്യമായ ബ്രിട്ടന് മുന്നില്‍ അടിയറവ് പറയാനുണ്ടായ കാരണങ്ങളെക്കുറിച്ചവര്‍ അനേ്വഷിക്കുവാനാരംഭിച്ചു. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ അടിമത്തത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണെന്നവര്‍ മനസിലാക്കി. ഈ ദൗര്‍ബല്യങ്ങള്‍ തരണം ചെയ്യാതെ ഇംഗ്ലീഷുകാരില്‍ നിന്നും മോചനം ലഭിക്കുകയില്ലെന്നും അടിമത്തം നിലനില്‍ക്കുക തന്നെ ചെയ്യുമെന്നുമവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാമൂഹിക സാംസ്‌കാരിക നവോത്ഥാനം ഉടലെടുത്തത്.
നവോത്ഥാന നായകന്‍മാര്‍
നവോത്ഥാന നായകരില്‍ പലരും ഹിന്ദുമത വിശ്വാസികളായിരുന്നു. ജീര്‍ണതയുടെ വിഴുപ്പുഭാണ്ഡവും ചുമന്നുനടന്നിരുന്ന സ്വന്തം മതത്തിലെ പൗരോഹിത്യത്തിനെതിരെ അവര്‍ ആഞ്ഞടിച്ചു. മതത്തെ ശുദ്ധീകരിക്കുകയാണാദ്യം ചെയ്യേണ്ടതെന്നും അതുവഴി വിശ്വാസികളെ നൂതനാശയങ്ങളിലേക്ക് നയിക്കുവാന്‍ കഴിയുമെന്നുമവര്‍ സിദ്ധാന്തിച്ചു. അങ്ങനെ അറിവിന്റെ ചക്രവാളത്തിന് വിസ്തൃതി കൂട്ടുവാന്‍ അവര്‍ തീവ്രമായി പ്രവര്‍ത്തിച്ചു തുടങ്ങി.
അവരില്‍ പ്രധാനികളായിരുന്നു രാജാറാം മോഹന്റോയ്, ദയാനന്ദസരസ്വതി, വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പിതാവായ അവനീന്ദ്രനാഥ ടാഗോര്‍, കേശവ് ചന്ദ്ര സെന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍, ദാദാഭായ് നവറോജി, ശ്രീനാരായണഗുരു, മഹാത്മാഫൂലേ, ഡെറോസിയോ, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയവര്‍. ഇവരില്‍ ഒന്നാമതായി എടുത്തുപറയേണ്ടത് രാജാറാം മോഹന്റോയിയുടെ പേരാണ്. കാരണം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ വിമുഖത കാട്ടിയ സ്വന്തം നാട്ടുകാരോട് ആ ഭാഷ പഠിക്കുന്നതിലൂടെ നമുക്ക് നേടാവുന്ന നേട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്ത് അവരെ ഉദ്ബുദ്ധരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു.
നമ്മള്‍ നമ്മളായിജീവിക്കണം
ഇംഗ്ലീഷ് വിദ്യാഭ്യാസം സമ്പാദിക്കുന്നതിന്റെ നല്ലവശങ്ങളെക്കുറിച്ച് ഇന്ത്യാക്കാരോട് രാജാറാം മോഹന്‍ റോയ് സംവദിച്ചതിങ്ങനെയാണ്: ”ഇംഗ്ലീഷ് ഭാഷയോട് വിദ്വേഷം കാണിക്കുന്നതില്‍ അര്‍ഥമില്ല. ഇംഗ്ലീഷുകാരോട് വിരോധം കാട്ടാം. ആ ഭാഷ നമ്മളെ അടിമകളാക്കിവച്ചിരിക്കുന്ന ഇംഗ്ലീഷുകാരന്റെ ഭാഷയാണെന്ന് കരുതി ഭാഷയോട് വിരോധമെന്തിന്? ഇംഗ്ലീഷ് ഒരു വിശ്വഭാഷയാണ് ആ ഭാഷ മനസിലാക്കുന്നതിലൂടെ വിശ്വത്തോളം വളര്‍ന്നുനില്‍ക്കുന്ന ഒരു പുതിയ ജ്ഞാനമണ്ഡലം നമുക്ക് മുന്നില്‍ തുറന്നുകിടക്കുന്നു. ആ അറിവുകള്‍ ലഭിക്കുവാന്‍ ആ ഭാഷ പഠിക്കണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇംഗ്ലീഷ് പഠിച്ചു പഠിച്ച് കറുത്ത സായിപ്പന്മാരാകാന്‍ ശ്രമിക്കരുത്. നമുക്ക് നമ്മുടെ പൈതൃകവും പാരമ്പര്യവുമുണ്ട്. അത് ഇംഗ്ലീഷ് ഭാഷയിലും അതുള്‍ക്കൊള്ളുന്ന സംസ്‌കാരത്തിലും മുക്കിക്കൊല്ലരുത് നാം നാമായിത്തന്നെ ജീവിക്കണം.”