22 April 2024, Monday

Related news

March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 23, 2023
August 14, 2023
August 6, 2023

മായ്ക്കപ്പെടുന്ന സാംസ്കാരിക ചിഹ്നങ്ങൾ

കെ ദിലീപ്
നമുക്ക് ചുറ്റും
August 17, 2021 5:00 am

നി വരുംകാലത്ത് ഇരുപത്തിഒന്നാം നൂറ്റാണ്ട് ഓർക്കപ്പെടുന്നത് മധ്യകാലഘട്ടത്തിനും, നാസി അധിനിവേശ കാലഘട്ടത്തിനും ശേഷം ഭൂമിയിൽ മനുഷ്യരാശിയുടെ തിരുശേഷിപ്പുകൾ പലതും നിശേഷം തുടച്ചുമാറ്റിയ കാലം എന്ന നിലയിലായിരിക്കും. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2001 മാർച്ച് ഒന്‍പതിനാണ് മധ്യ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിലെ ബാമിയാൻ താഴ്‌വരയിൽ എഡി ആറാം നൂറ്റാണ്ടു മുതൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 55 മീറ്റർ, 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടു ബുദ്ധപ്രതിമകൾ അമേരിക്കൻ ഐക്യനാടുകളുടെ സൈനിക പിന്തുണയോടെ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാനികൾ തകർത്തത്. ഗ്രീക്ക്, സൗരാഷ്ട്രിയൻ, ബുദ്ധ ശില്പകലകളുടെ മിശ്രണമായ, കാലനിർണയം സാധ്യമാകാത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളായിരുന്നു അവ. എഡി 632 ലെ ഹുയാൻ സാങ്ങ് എന്ന പ്രസിദ്ധ ചൈനീസ് സഞ്ചാരിയുടെ കുറിപ്പുകളിൽ ഈ പ്രതിമകൾ പരാമർശിക്കപ്പെടുന്നുണ്ട്. ടെഹ്റാനിൽ നിന്നും ഇന്ത്യയിലേക്കുള്ള പാതയി (സിൽക് റൂട്ട്) ലെ ഒരു ഇടത്താവളമായിരുന്നു ബാമിയാൻ. ഹുയാൻസാങ്ങിന്റെ സന്ദർശന കാലത്ത് ഇവിടെ ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമായിരുന്നു. ഗോറികളുടെ തലസ്ഥാനവുമായിരുന്നു. 1221ൽ സ്വന്തം സ്ഥാനപതിയെ വധിച്ചതിന് പ്രതികാരമായി ചെങ്കിസ്‌ഖാൻ മധ്യേഷ്യയിലെ ഭരണാധികാരികളായിരുന്ന സെൽജുക്കുകളെ കീഴടക്കി ബാമിയാൻ താഴ്‌വര ആക്രമിച്ച് സകലരെയും കൊന്നു. പക്ഷെ ചെങ്കിസ് ഖാനും ബുദ്ധപ്രതിമകളെ വെറുതെ വിട്ടു.

താലിബാൻ 2001ൽ പ്രതിമകൾ തകർക്കുന്നതിന് സാക്ഷികളായ ഷിയാ മുസ്‌ലിങ്ങൾ പറയുന്നത് റോക്കറ്റുകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പ്രതിമകൾ സ്ഥിതിചെയ്ത ഗുഹാകവാടങ്ങൾ ആഴത്തിൽ തുരന്ന് സ്ഫോടക വസ്തുക്കൾ നിറച്ചാണ് അവ പൂർണമായും തകർത്തത് എന്നാണ്.

അഫ്ഗാൻ ജനതയുടെ ജീവിതം തീരാനരകമായി മാറ്റിയ ശേഷം, താലിബാൻ ഭീകരതയെ വളർത്തിയതിന്റെ ദുരന്തമനുഭവിച്ചിട്ടും ഒരു പാഠവും പഠിക്കാത്ത രാജ്യമാണ് അമേരിക്ക. അതുകൊണ്ടാണ് 2003 മാർച്ച് 20ന് രാസായുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്ന ഒരു ആരോപണമുന്നയിച്ച് ഇറാഖിലെ കേണൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സ്ഥിരതയുള്ള ബാത് പാർട്ടിയുടെ മതനിരപേക്ഷ സർക്കാരിനെ സകല അന്താരാഷ്ട്ര മര്യാദകൾക്കും വിരുദ്ധമായി അട്ടിമറിച്ചത്. അതിനുശേഷമാണ് ഒരു സമ്പന്ന രാഷ്ട്രമായിരുന്ന ഇറാഖ് ആഭ്യന്തര യുദ്ധങ്ങളുടെയും, അരാജകത്വത്തിന്റെയും വിലാപ ഭൂമിയായി മാറിയത്.

ലോക ചരിത്രത്തിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഏറ്റവും പുരാതനമായ തലസ്ഥാന നഗരം ബാ‌ഗ്‌ദാദ് ആണ്. എഡി 762ൽ തന്നെ ടൈഗ്രിസ് നദീതീരത്തുള്ള ബാ‌ഗ്‌ദാദ് നഗരം അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്നു. ഇസ്‌ലാമിക ചിന്തയുടെയും ജ്യോതിശാസ്ത്രം, വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, സംഗീതം, നൃത്തം, ശില്പകല, ചിത്രകല ഇവയിലെല്ലാം ലോകപ്രശസ്തമായ ഗുരുകുലങ്ങളുണ്ടായിരുന്ന നഗരമായിരുന്നു അറബിക്കഥകളുടെ പുകൾപെറ്റ ഹാരൂൺ അൽ റഷീദിന്റെ ബാ‌ഗ്‌ദാദ്. അമേരിക്കൻ ആക്രമണത്തിൽ ബാ‌ഗ്‌ദാദ് നഗരം തകർന്നു തരിപ്പണമായി. താലിബാൻ ഭീകരർ ബുദ്ധപ്രതിമകളോട് കാണിച്ച അതേ നിഷ്ഠൂരത തന്നെയാണ് അമേരിക്കൻ സഖ്യസേന ഇറാഖിൽ ആവർത്തിച്ചത്. മനുഷ്യവംശത്തിന്റെ ജന്മഗേഹമായ യൂഫ്രട്ടീസ് — ടൈഗ്രിസ് നദീ തീരങ്ങളിലെ കാലത്തിന്റെ കാത്തുസൂക്ഷിപ്പുകളെല്ലാം തകർത്തു.

സ്മാരകങ്ങൾ മാത്രമല്ല ഇറാഖിൽ തകർന്നത്. ചരിത്രാതീത കാലം മുതൽ നിലനിന്നു പോന്ന ചില അതിസൂക്ഷ്മ ഗോത്രങ്ങളും നാമാവശേഷമായി. ഏറ്റവും പുരാതനമായ ക്രിസ്തീയ വിഭാഗങ്ങളിലൊന്നാണ് കോപ്റ്റിക് സഭ. ആസ്ഥാനം ഈജിപ്റ്റിൽ. പുരാതന കാലം മുതൽ യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതടങ്ങളിൽ ജീവിക്കുന്നവർ. സദ്ദാമിന്റെ മതനിരപേക്ഷ ഭരണത്തിൽ കീഴിൽ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെട്ട ഒരു സൂക്ഷ്മ ന്യൂനപക്ഷം. അമേരിക്കൻ അധിനിവേശത്തിനു ശേഷം സംഭവിച്ച അരാജകത്വത്തിൽ ഈ ജനവിഭാഗം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്തു.

ഇതിലും ദയനീയമാണ് യസീദികൾ എന്ന കുർദിഷ് മേഖലയിൽ ജീവിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷത്തിന്റെ കാര്യം. എഡി പത്താം നൂറ്റാണ്ടു മുതൽ ഇറാഖ്, സിറിയ, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ ജീവിക്കുന്ന യസീദികൾ പുരാതന ഗോത്ര സംസ്കൃതിയുടെ തുടർച്ചയാണ്. സദ്ദാമിന്റെ ഇറാഖിൽ ഇവർ സംരക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 2014 ൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ ഈ ജനവിഭാഗങ്ങളെ ആകെ അവർ ജീവിച്ചിരുന്ന അപ്പർ മെസപ്പൊട്ടോമിയയിൽ നിന്ന് ആട്ടിയോടിക്കുകയും ആയിരക്കണക്കിന് പുരുഷൻമാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി വിൽക്കുകയും ചെയ്തു. അഞ്ചുലക്ഷം യസീദികൾ അഭയാർത്ഥികളായി. അവരുടെ ആവാസവ്യവസ്ഥ തകർന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവുകളോടെ ചരിത്ര കാലഘട്ടം മുതൽ നിലനിന്ന ഒരു വംശം ഛിന്നഭിന്നമായി.

അമേരിക്കയുടെയും തീവ്രവാദികളുടെയും അടുത്ത ഇര സിറിയയായിരുന്നു. ഐഎസിന് സിറിയയിലെ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാർട്ടിയുടെ ബാഷത് അൽ അസർ നയിക്കുന്ന സർക്കാരിനെതിരെ പോരാട്ടം തുടങ്ങാൻ വഴിമരുന്നിട്ടത് 2011 ഏപ്രിൽ മാസം അമേരിക്ക സിറിയക്കെതിരെ തുടങ്ങിയ ഉപരോധമാണ്. 2014ൽ ഐഎസ് ഭീകരർ സിറിയയിൽ താവളമുറപ്പിച്ചു. അമേരിക്ക ഐഎസിനെതിരെ എന്ന പേരിൽ സിറിയൻ സർക്കാരിനെതിരെ യുദ്ധം തുടങ്ങി. എന്നാൽ റഷ്യയുടെ ഉറച്ച പിന്തുണയോടെ സോഷ്യലിസ്റ്റ് ബാത്ത് പാർട്ടിയുടെ സർക്കാർ 2017 ൽ അധികാരം തിരിച്ചു പിടിച്ചു.

ഈ വിനാശകരമായ യുദ്ധത്തിൽ സിറിയയിലെ ജനങ്ങൾ കൊടിയ ദുരിതമനുഭവിച്ചു. മതന്യൂനപക്ഷങ്ങൾ, യസീദികൾ, സിറിയൻ ഓർത്തഡോക്സ് സഭയിലെ അംഗങ്ങൾ എല്ലാവരും ദുരിതമനുഭവിച്ചു. ലോക ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ പട്ടണമായ അലിപ്പോയെ സന്ദർശകർ സ്വപ്നനഗരമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. മെഡിറ്ററേനിയൻ കടലിനും യൂഫ്രട്ടീസ് നദിക്കും ഇടയിലുളള ചരിത്രത്തിൽ തുടർച്ചയായി ജനവാസമുള്ള ആദ്യനഗരം പൂർണമായി തകർന്നു. ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടത്തിൽ നിന്നു തുടങ്ങുന്ന പുരാതന നഗരമായിരുന്നു ഇത്. മനുഷ്യരാശിയുടെ ഓരോ നൂറ്റാണ്ടും നല്കിയ- ഓട്ടോമൻ സാമ്രാജ്യത്തിന്റെയും കുരിശുയുദ്ധങ്ങളുടെയും, സിൽക്പാതയുടെയും- എല്ലാ അവശേഷിപ്പുകളും കടന്നുവന്ന നഗരം. ജൂതരും കൂർദുകളും യസീദികളും തുർക്കികളും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റും ഇവിടെ സ്ഥിരതാമസമാക്കിയവരുമൊക്കെയായി 4.6 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന സിറിയയിലെ രണ്ടാമത്തെ വലിയ നഗരവും വ്യവസായ തലസ്ഥാനവുമായിരുന്നു 2011ൽ യുദ്ധത്തിനു മുമ്പ് അലിപ്പോ. ഇന്ന് വീടുകളും ആശുപത്രികളും സ്കൂളുകളും തകർന്ന് വിദ്യുച്ഛക്തിയും വെള്ളവുമില്ലാത്ത ഒരു പ്രദേശമാണ്. ചരിത്രാവശിഷ്ടങ്ങൾ തകർന്നു പോയിരിക്കുന്നു.

ആരാണ് ഈ കെടുതികൾക്ക് ഉത്തരവാദികൾ?

1992ൽ അഫ്ഗാനിസ്ഥാനിൽ തുടങ്ങി ഇറാഖിലൂടെ, സിറിയയിലൂടെ പശ്ചിമേഷ്യ മുഴുവൻ ദുരന്തം വിതച്ച ഭീകരതയ്ക്കുത്തരവാദികൾ ആരാണ്?

അഫ്ഗാനിസ്ഥാൻ ജനാധിപത്യ റിപ്പബ്ലിക്കിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ, ഡോ. നജീബുള്ള നേതൃത്വം കൊടുത്ത ജനാധിപത്യ സർക്കാരിനെ താലിബാൻ ഭീകരർക്ക് ആയുധവും പണവും നല്കി അട്ടിമറിച്ച് ഭീകരതയെ നട്ടു നനച്ചു വളർത്തിയ അമേരിക്കയ്ക്ക് ഈ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.