Web Desk

January 05, 2020, 8:35 am

നിയന്ത്രിത സ്ഫോടനം: മരടിൽ നിരോധനാജ്ഞ

Janayugom Online

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുമ്പോൾ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. സ്ഫോടനം നടക്കുന്നതിന് 2 മണിക്കൂർ മുൻപു മുതൽ സ്ഫോടന ശേഷം സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതു വരെയാണു നിരോധനാജ്ഞ. 11 നു നടക്കുന്ന സ്ഫോടനത്തിനു മുന്നോടിയായി 10 ന് മോക്ക് ഡ്രിൽ നടത്തും. സ്ഫോടനം സംബന്ധിച്ച് സാങ്കേതിക സമിതി തീരുമാനിച്ച സമയക്രമത്തിൽ മാറ്റമില്ല.

സ്ഫോടനത്തിന്റെ പ്രകമ്പനം പഠിക്കാൻ മദ്രാസ് ഐഐടി സംഘം മരടിലെത്തിയിട്ടുണ്ട്. പ്രകമ്പനം അളക്കാൻ പൊളിക്കുന്ന ഫ്ലാറ്റുകൾക്കു ചുറ്റും പത്തിടങ്ങളിൽ സംഘം ഉപകരണങ്ങൾ സ്ഥാപിക്കും. ആക്‌സിലെറോ മീറ്ററും സ്‌ട്രെയിൻ ഗേജസുമാണ് സ്ഥാപിക്കുന്നത്. ഫ്ലാറ്റുകൾക്കു ചുറ്റുമുള്ള വീടുകളുടെ കാലപ്പഴക്കവും നിർമാണ രീതിയുമെല്ലാം നിർണായകമാണെന്നു സംഘം വ്യക്തമാക്കി.

സമീപവാസികൾക്കായി ബോധവൽക്കരണ പരിപാടികൾ ഇന്ന് ആരംഭിക്കും. ഏകദേശം 2000 പേരെ ഒഴിപ്പിക്കേണ്ടി വരും. ഇവരെ മാറ്റിപ്പാർപ്പിക്കാൻ 2 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കുന്നവർക്കായി വാഹന സൗകര്യവും ഏർപ്പെടുത്തും. മറൈൻ പൊലീസ് ഉൾപ്പെടെ അഞ്ഞൂറോളം പേരെ സുരക്ഷയ്ക്കായി വിന്യസിക്കും. കാഴ്ചക്കാരായി എത്തുന്നവർക്ക് സ്ഫോടനം കാണാൻ ഏതാനും സ്ഥലങ്ങൾ നീക്കിവയ്ക്കും.

പൊളിച്ചു നീക്കുന്ന എച്ച്2ഒ ഹോളി ഫെയ്ത് ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത് ഇന്നു പൂർത്തിയാകും. സ്ഫോടനത്തിനു ശേഷം ആദ്യം വിദഗ്ധർ സ്ഥലം സന്ദർശിക്കും. പിന്നീട് അഗ്നിശമന സേന സ്ഥലം സന്ദർശിച്ചു പൊടി നിയന്ത്രിക്കാനായി വെള്ളം തളിക്കും. തുടർന്ന് സുരക്ഷിതമാണെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ നിരോധനാജ്ഞ പിൻവലിച്ച് ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ.  സ്ഫോടനം നടക്കുന്ന സമയം ജനങ്ങൾക്കു മനസ്സിലാകാൻ സൈറൻ മുഴക്കും.