Web Desk

February 01, 2020, 5:10 pm

സൗന്ദര്യ സംരക്ഷണത്തിനായി ഇനി പാര്‍ലറുകള്‍ തോറും കയറിയിറങ്ങേണ്ട: വീട്ടിലെ കറിവേപ്പില തന്നെ ധാരാളം

Janayugom Online

സൗന്ദര്യം എങ്ങനെയും സംരക്ഷിക്കുക എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സൗന്ദര്യ സംരക്ഷണത്തിനായി ഏതൊക്കെ വഴികള്‍ പരീക്ഷിക്കും എന്ന് പലര്‍ക്കും തന്നെ അറിയില്ല. അത്രയധികം മാര്‍ഗ്ഗങ്ങളാണ് പലരും പരീക്ഷിക്കുന്നത്. സൗന്ദര്യം സംരക്ഷിക്കുന്നതിനായി ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങാത്തവരായി ഇന്നാരുമില്ല. എന്നാല്‍ അതിലൂടെ പലവിധ ദോഷങ്ങളും വന്നുഭവിക്കുകയും ചെയ്യും. ഇനി അതൊന്നും വേണ്ട. പാര്‍ലറുകളില്‍ പോകാതെ വീട്ടില്‍ നിന്നുതന്നെയുള്ള നുറുങ്ങുവിദ്യകള്‍കൊണ്ട് സുന്ദരിയാകാന്‍ കഴിയും.

അതിന് വീട്ടിലെ കറിവേപ്പില തന്നെ ധാരാളം. കറിവേപ്പില കറികള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല മുഖകാന്തിക്കും ബെസ്റ്റാണ്. ഒരു കാര്യം ആദ്യമെ പറയാം. വീട്ടില്‍ നട്ടുവളര്‍ത്തിയ കറിവേപ്പില തന്നെവേണം ഉപയോഗിക്കാന്‍. കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പില കൊണ്ട് ഗുണം കിട്ടണമെന്നില്ല. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ മുഖകാന്തി സംരക്ഷിക്കാമെന്നാണ് ഇനി പറയുന്നത്.

കൗമാരക്കാര്‍ക്കുള്ള പ്രധാന പ്രശ്‌നമാണ് മുഖക്കുരുവും പാടുകളും. ഇതൊക്കെ കറിവേപ്പില വിദ്യ ഇല്ലാതാക്കും. പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. പല മരുന്നുകള്‍ക്കും കറിവേപ്പില നീര് എടുക്കാറുണ്ട്. ഇത് ചര്‍മ്മത്തിനും ബെസ്റ്റാണ്. അതുപോലെ കറിവേപ്പില നാരങ്ങ നീരില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ട്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു എന്ന പ്രശ്‌നം ഇല്ലാതാക്കും. കറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജ്ജികള്‍ക്ക് പരിഹാരമാണ്.

കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് കോഴിമൊട്ടയുടെ വെള്ള ചേര്‍ത്ത് മുഖത്ത് ലേപനം ചെയ്ത് ഉഴുന്നു പൊടി ഉപയോഗിച്ച് കഴുകുന്നതിലൂടെ മുഖ സൗന്ദര്യം വര്‍ദ്ധിക്കും. കറിവേപ്പില അരച്ചെടുത്ത് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഉണക്കിയെടുത്ത കറിവേപ്പില പൊടിച്ചശേഷം അതിലേക്ക് മുള്‍ട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി തിളക്കം വര്‍ദ്ധിപ്പിക്കും. ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തിനും കറിവേപ്പില മികച്ചതാണ്. മുഖത്തുണ്ടായ കലകളുടെ പാടുകള്‍ മായാന്‍ കറിവേപ്പിലയും ഏതാനും തുള്ളി നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും ഉത്തമമാണ്.

അതേപോലെ മുടി സംരക്ഷണത്തിനും കറിവേപ്പില ഉത്തമമാണ്. താരന്‍, ശ്രദ്ധയില്ലാത്ത കേശ സംരക്ഷണം, പോഷക ലഭ്യത കുറവായ ഭക്ഷണരീതികള്‍ എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാണ്. അമിതമായി മുടി കൊഴിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ ഇത് കുറയ്ക്കുവാനായി ഷാംപൂവില്‍ തുടങ്ങി മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന എല്ലാത്തരം എണ്ണകളും മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും. ഒടുവില്‍ ഫലം കാണാതെ ഇവയെല്ലാം ഉപേക്ഷിക്കുകയും ചെയ്യും. നമ്മുടെ വീട്ടിലെ കറിക്കൂട്ടുകളില്‍ ഒന്നായ കറിവേപ്പില മുടി കൊഴിച്ചില്‍ തടയാന്‍ സഹായകമായ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ്.

കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങള്‍ക്ക് ശിരോചര്‍മത്തിലെ തലമുടിയെ പുനരുജ്ജീകരിക്കാന്‍ പ്രത്യേക കഴിവുണ്ട്. കറിവേപ്പില പേസ്റ്റ് തലയോട്ടിയില്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇത് മുടിവേരുകളില്‍ ആഴ്ന്നിറങ്ങി മുടി തഴച്ചു വളരാന്‍ സഹായിക്കും. ആഹാരങ്ങളില്‍ കറിവേപ്പില കൂടുതലായി ചേര്‍ത്തു കഴിക്കുന്നതും തലമുടിക്ക് ഗുണം ചെയ്യും. കറിവേപ്പിലയും തൈരും ചേര്‍ത്ത പേസ്റ്റ് മുടി സംരക്ഷണത്തിന് ഉത്തമമാണ്. അതിനായി കുറച്ച് കറിവേപ്പില നന്നായി ചതച്ചരച്ച് എടുക്കുക. കുറച്ചു തൈരും കൂടി എടുത്തു ഇതോടൊപ്പം ചേര്‍ത്ത് കലര്‍ത്തി മുടിയില്‍ പുരട്ടി കുറച്ച് സമയം സൂക്ഷിക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ഇനി നിങ്ങള്‍ക്ക് ചുരുണ്ടമുടി ഇഷ്ടമല്ലെങ്കില്‍ കറിവേപ്പില ഉപയോഗിച്ചുകൊണ്ട് ഇത് മാറ്റിയെടുക്കാന്‍ സാധിക്കും. രണ്ട് കപ്പ് വെള്ളം എടുത്ത് 10–15 കറിവേപ്പില ഇട്ട് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുക്കാന്‍ അനുവദിക്കുക. നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം, ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് വീണ്ടും കഴുകുക. ഇങ്ങനെ ചെയ്താല്‍ മുടിയിഴകള്‍ ചുരുണ്ടിരിക്കുന്നത് ഒഴിവാക്കാനാകും. അതേപോലെ തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുക്കിക്കളയുക.പതിവായി ഇത് ചെയ്യുന്നതിലൂടെ താരന്‍ ഇല്ലാതാകാനും സഹായിക്കും.

Eng­lish Sum­ma­ry: cur­ry leaf beau­ty tips

YOU MAY ALSO LIKE THIS VIDEO