അന്താരാഷ്ട്ര നാടകോത്സവത്തിനു കർട്ടൻ ഉയർന്നു

Web Desk
Posted on January 20, 2018, 9:41 pm

മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍. അതിരുകള്‍ക്കപ്പുറത്തു നിന്ന് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിഷേധങ്ങള്‍ക്കും പ്രതിരോധത്തിനും ദൃശ്യഭാഷയൊരുക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പത്താമത് പതിപ്പിന് തിരി  തെളിഞ്ഞു. നൂറുകണക്കിന് നാടകപ്രേമികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിയാണ് കാഴ്ചാനുഭവങ്ങളുടെയും ചിന്തകളുടെയും കർട്ടൻ  ഉയർന്നത്.

പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ഇടങ്ങള്‍ക്ക്, ശബ്ദത്തിന് , ജീവിതത്തിന്,അവരോടുള്ള ഐക്യപ്രഖ്യാപനത്തിന് മുന്‍തൂക്കം നല്‍കുന്ന നാടകോത്സവം 29നാണ് സമാപിക്കുന്നത്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, ലൈംഗീകതൊഴിലാളികള്‍ തുടങ്ങി ഇസ്ലാമോഫോബിയ പോലെ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ മനുഷ്യാവകാശപ്രശ്നങ്ങളും സയണിസം, ഫാസിസത്തിന്റെ വൈവിധ്യപ്രയോഗരൂപങ്ങള്‍ എന്നിവക്കെതിരെയുള്ള വിവിധഭൂപ്രദേശങ്ങളിലെ ജനതകളുടെ പ്രതിഷേധപ്രതിരോധങ്ങളും നാടകോത്സവത്തില്‍ രംഗഭാഷ കൈക്കൊള്ളുന്നു.

കലാമണ്ഡലത്തിലെ കലാകാരന്മാരുടെ താളലയവാദ്യത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്. മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത അധ്യക്ഷയായി. ഫെസ്റ്റിഫല്‍ ഡയറക്ടര്‍ എം കെ റെയ്ന ഇറ്റ്ഫോക്ക് പരിപ്രേക്ഷ്യം അവതരിപ്പിച്ചു. പ്രമുഖ നടി സീമ ബിശ്വാസ് മുഖ്യാതിഥിയായി. ഫെസ്ററിവല്‍ ബുള്ളറ്റിന്‍ സെക്കന്‍ഡ് ബെല്‍ കാലിക്കറ്റ് സര്‍വകലാശാല വി സി മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഫെസ്റ്റിവെല്‍ ബുക്ക് പ്രകാശനം ചെയ്തു. കലാമണ്ഡലം രജിസ്ട്രാര്‍ സുന്ദരേശന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരായ രാജീവ് കൃഷ്ണ, എസ് സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് നന്ദിയും പറഞ്ഞു.

16 വിദേശ നാടകങ്ങളുള്‍പ്പെടെ ആറു വേദികളിലായി 32 നാടകങ്ങളുമായാണ് ഇറ്റ്ഫോക്ക് പത്താം പിറന്നാള്‍ ആഘോഷിക്കുന്നത്. ‘അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ഇടങ്ങള്‍‘എന്നതാണ് ഈവര്‍ഷത്തെ നാടകോത്സവത്തിന്റെ ഇതിവൃത്തം. അഞ്ച് സെമിനാറുകള്‍, രണ്ട് ശില്‍പശാലകള്‍, മുഖാമുഖങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

തുടര്‍ന്ന് പലസ്തീനിയന്‍ സംഘം അവതരിപ്പിച്ച പലസ്തീന്‍ അവര്‍ സീറോ, കേരളത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പിന് ആക്കം കൂട്ടുന്ന രംഗാവതരണം’ റെയിന്‍ബോ ടോക്ക്’ എന്നിവ അരങ്ങേറി.