Janayugom Online
റിമാന്റഡ് ചെയ്ത പ്രതികളെ നെടുങ്കണ്ടം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ എത്തിച്ചപ്പോള്‍

കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനില്‍ തെളിവെടുപ്പ് നടത്തി

Web Desk
Posted on July 09, 2019, 10:19 pm

വനിത പൊലീസ് ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് കൂടി ഉടന്‍

നെടുങ്കണ്ടം: രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതക കേസില്‍ റിമാന്‍ഡിലായിരുന്ന ഒന്നാം പ്രതി എസ് ഐ കെ എ സാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇയാള്‍ ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇന്നലെ രാവിലെയാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഉച്ചയോടെ സാബുവിനെ നെടുങ്കണ്ടം പൊതുമാരാമത്ത് റസ്റ്റ് ഹൗസില്‍ എത്തിച്ചു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ ജയില്‍ മുറികള്‍, വിശ്രമമുറി, എസ്‌ഐയുടെയും, മറ്റ് ഉദ്യോഗസ്ഥരുടെയും മുറികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

ഇന്ന് വൈകുന്നേരം ആറു വരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം മൂന്നിനാണ് കെ എ സാബുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പൊലീസുകാര്‍ നല്‍കിയ മൊഴിയും സാബുവിന്റെ മൊഴിയുമായി താരതമ്യം ചെയ്തുവരികയാണ് ക്രൈംബ്രാഞ്ച്. മര്‍ദ്ദനത്തില്‍ സാബുവിന്റെ പങ്ക് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കസ്റ്റഡി മരണക്കേസിലെ രണ്ടും മൂന്നും പ്രതികളെ പീരുമേട് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ സി ബി റെജിമോന്‍ പൊലീസ് ഡ്രൈവര്‍ പി എസ് നിയാസ് എന്നിവരെയാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഏട്ട് ദിവസത്തേക്കാണ് റിമാന്‍ഡ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവരെ പീരുമേട് സബ് ജയില്‍ ഒഴിവാക്കി ദേവികുളം സബ് ജയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊതുമാരാമത്ത് റസ്റ്റ് ഹൗസില്‍ എത്തിച്ച ശേഷമാണ് ഇരുവരെയും ദേവികുളം സബ് ജയിലേക്ക് കൊണ്ടുപോയത്. സാബുവിനെയും റെജിമോന്‍, നിയസ് എന്നിവരെയും ക്രൈംബ്രാഞ്ച് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായാണ് സൂചന. നെടുംകണ്ടം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരുടെ വിശ്രമ മുറിയില്‍ എസ്‌ഐ സാബു രാജ്കുമാറിനെ മര്‍ദ്ദിച്ചപ്പോള്‍ ഇരുവരം ഒപ്പമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ അഞ്ചു പേരുടെകൂടി അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

YOU MAY ALSO LIKE THIS VIDEO