Janayugom Online
രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിയ്ക്ക് കൊണ്ടുവന്ന രേഖകള്‍ പരിശോധിച്ചശേഷം, ദക്ഷിണമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി വിടുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: ചികിത്സാ രേഖകള്‍ തേടി ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി

Web Desk
Posted on July 06, 2019, 10:28 pm

കോട്ടയം: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞ വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനില്‍ രാജ്കുമാര്‍ (50)നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച രേഖകള്‍ പരിശോധിക്കുവാന്‍ ജയില്‍ ഡി ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. ഇന്നലെ രാവിലെ ദക്ഷിണമേഖല ഡി ഐ ജി സാം തങ്കയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ജയിലില്‍ കഴിയവേ രാജ്കുമാറിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി െ്രെകംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിന്നു. ഇതിന്റെ വസ്തുത ഉറപ്പു വരുത്തുന്നതിനാണ് ജയില്‍ അധികൃതര്‍ എത്തിയത്.
ജൂണ്‍ 19 ബുധനാഴ്ച ജനറല്‍ സര്‍ജറി ഒ പിയിലും 20ന് വ്യാഴാഴ്ച യൂറോളജി വിഭാഗം ഒ പിയിലും എത്തിയതായി രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ രണ്ടു വിഭാഗത്തിലേയും ഒ പിയില്‍ രാജ്കുമാറിനെ പരിശോധിച്ച ഡോക്ടര്‍മാരില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തി. ആര്‍ എം ഒയുടെ മുറിയിലായിരിന്നു തെളിവെടുപ്പ് നടത്തിയത്. ജനറല്‍ സര്‍ജറി ഒ പിയില്‍ കൊണ്ടുവന്നപ്പോള്‍ പരിശോധിച്ച ഡോക്ടറുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് രാജ് കുമാറിനെ സര്‍ജറി ഒ പിയില്‍ കൊണ്ടുവന്നതെന്നും വയറിന് അള്‍ട്രാസൗണ്ട് സ്‌കാന്‍ (യു എസ് ജി) ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ആ പരിശോധയില്‍ കാര്യമായ കുഴപ്പങ്ങള്‍ കാണാതിരുന്നതിനാല്‍ യൂറേളജി വിഭാഗത്തിലേയ്ക്ക് റഫര്‍ ചെയ്യുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് സര്‍ജറി വിഭാഗം ഡോക്ടര്‍ മൊഴി നല്‍കിയതായിട്ടാണ് അറിവ്.

കൂടാതെ ബുധനാഴ്ച യൂറോളജി ഇല്ലാതിരുന്നതിനാല്‍ 20ന് വ്യാഴാഴ്ച ഈ വിഭാഗത്തില്‍ കാണിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയുണ്ടായെന്നും മൊഴി നല്‍കി. അതനുസരിച്ച് വ്യാഴാഴ്ച യൂറോളജി വിഭാഗത്തിലെ ഒ പിയിലെത്തിയതായി രേഖകള്‍ കണ്ടെത്തി. അതിനെ തുടര്‍ന്ന് യൂറോളജിയില്‍ രാജ്കുമാറിനെ പരിശോധിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ജൂനിയര്‍ ഡോക്ടറാണ് രാജ് കുമാറിനെ പരിശോധിച്ചത്. അദ്ദേഹത്തിന്റെയും മൊഴി സംഘം രേഖപ്പെടുത്തി. സാധാരണ നിലയിലുള്ള ഒരു പരിശോധന മാത്രമേ നടത്തുവാന്‍ കഴിഞ്ഞുള്ളൂവെന്ന് മൊഴി നല്‍കിയതാണ് വിവരം. എന്നാല്‍ രാജ്കുമാറിനെ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിലാണോ ആശുപത്രിയില്‍ കൊണ്ടുവന്നതടക്കമുള്ള വിശദ വിവരങ്ങള്‍ നല്‍കുവാന്‍ ഡോക്ടര്‍മാരോ, ജയില്‍ അധികൃതരായ അന്വേഷണ സംഘമോ തയ്യാറായില്ല.
എന്നാല്‍ 20ന് ആശുപത്രിയില്‍ കൊണ്ടുവന്ന രാജ്കുമാര്‍ 21ന് ജയിലില്‍ മരിച്ചത്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ളിലും ഉണ്ടായ മുറിവുകള്‍ മൂലം ന്യൂമോണിയാ ബാധിച്ചാണ് രാജ് കുമാര്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കില്‍ ഒരു ദിവസം കൊണ്ടുണ്ടായതല്ല ന്യുമോണിയ രോഗമെന്നതിനാല്‍, യൂറോളജി വിഭാഗം ഡോക്ടര്‍ മെഡിസിന്‍ വിഭാഗം ഉള്‍പ്പെടെ മറ്റേതെങ്കിലും വിഭാഗത്തിലേയ്ക്ക് പരിശോധിക്കുവാനോ, യൂറോളജിയില്‍ രാജ്കുമാറിനെ കിടത്തി ചികിത്സിക്കുവാനോ നിര്‍ദ്ദേശിച്ചിരിന്നോ എന്നറിയുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഇതു സംബന്ധിച്ചുള്ള മൊഴി യൂറോളജി ഡോക്ടര്‍ നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. രാവിലെ 11.30ന് എത്തിയ സംഘം ഉച്ചയ്ക്ക് 2.30നാണ് തെളിവെടുപ്പ് കഴിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്.