23 April 2024, Tuesday

കസ്റ്റഡി മരണം; വടകര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും സ്ഥലംമാറ്റം

ഒരു പൊലീസുകാരന് കൂടി സസ്പെന്‍ഷന്‍
Janayugom Webdesk
വടകര
July 26, 2022 7:49 pm

കസ്റ്റഡി മരണക്കേസില്‍ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരിയിലെ സജീവൻ (42) പൊലീസ് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണു മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് നടപടി.

70 പേരാണ് വടകര സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. എസ്ഐ അടക്കം നാലുപേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ബാക്കിയുള്ള 66 പേരേയും മാറ്റാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് റൂറൽ പൊലീസ് സൂപ്രണ്ട് ഉത്തരവിറക്കി. പൊലീസുദ്യോഗസ്ഥർ ഉടൻ വടകരയിൽ നിന്നു മാറണമെന്ന് ഉത്തരവിലുണ്ട്.

സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായെടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചുവെന്നും ഐജിയുടെ റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ ഒരു പൊലീസുകാരനെ കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവദിവസം വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ പ്രജീഷിനെതിരെയാണ് നടപടി. എസ്ഐ നിജീഷ്, എഎസ്ഐ അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീശൻ എന്നിവരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവിൽ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ പൊലീസെത്തി, സജീവൻ സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിലേക്ക് മാറ്റി.

അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാർ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ നിജേഷ് മർദ്ദിക്കുകയായിരുന്നു. കസ്റ്റഡി മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Eng­lish summary;custodial death; Trans­fer of all police­of­fi­cers of Vadakara station

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.