കളിയിക്കാവിളയിൽ എഎസ്ഐ വിൻസെന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്ന് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇരുവർക്കുമായി തമിഴ്നാട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കുഴിത്തറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം പ്രതികളുമായി ഇന്ന് കളിയിക്കാവിള ചെക്ക്പോസ്റ്റിൽ എത്തി തെളിവെടുപ്പ് നടത്തിയേക്കും. തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘമാകും ഇവരെ ചോദ്യം ചെയ്യുക.
സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. അതിന് കളിയിക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികൾ മൊഴി നൽകി. എന്നാൽ കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ, സഹായം നൽകിയവരെ കുറിച്ചോ ഇവർ വിവരം നൽകിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു.
കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ അൽ ഉമ തലവൻ മെഹബൂബ പാഷയേയും കൂട്ടാളികളായ ജെബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവരേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കളിയിക്കാവിള പ്രതികൾ ഉൾപ്പെട്ട അൽ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
എഎസ്എയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.