നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണത്തില്‍ പാളിച്ചയെന്ന് ഹൈക്കോടതി

Web Desk
Posted on August 09, 2019, 10:38 pm

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത രാജ്കുമാറിനെ പാര്‍പ്പിച്ച ജയില്‍, ലോക്കപ്പ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. സിസിടിവി പരിശോധിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന് മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഈ ഉന്നതന്‍ ആരാണെന്ന് ചോദിച്ച കോടതി അത് ആരായാലും അന്വേഷണത്തിന്റെ എബിസിഡി അറിയാത്ത ആളാണെന്നും കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് ഇടുക്കി മജിസ്‌ട്രേറ്റിനോടും ഹൈക്കോടതി വിശദീകരണം തേടി. രാജ്കുമാറിനെ പൊലീസ് ഹാജരാക്കിയപ്പോള്‍ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് പരാതി നല്‍കിയിരുന്നോ എന്നും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നുമാണ് മജിസ്‌ട്രേറ്റ് വിശദീകരണം നല്‍കേണ്ടത്. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയും മുന്‍ എസ്‌ഐയുമായ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് ഇടുക്കി എസ്പി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ അറിവോടെയായിരുന്നെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തുന്നത് വരെ രാജ്കുമാറിന് പരുക്കില്ലായിരുന്നെന്നും സാബു ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.