Web Desk

കൊച്ചി

December 08, 2020, 3:30 pm

ശിവശങ്കറിന് സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ്; കസ്റ്റഡി കാലാവധി നീട്ടി

Janayugom Online

സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബര്‍ 22 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ്‌  ഇത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ കേസില്‍ തെളിവുണ്ടെന്ന വാദം കോടതി അംഗീകരിക്കുകയാണെന്ന വിലയിരുത്തലും സജീവമായി. മുഖ്യമന്ത്രിയുടെ അസി പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്ബോള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ ശിവശങ്കര്‍ ഉള്ളതും നിര്‍ണ്ണായകമാണ്.

ശിവശങ്കറിന് സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് എക്സ്റ്റെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഈ കേസില്‍ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കര്‍ ഉന്നതപദവി അലങ്കരിക്കുന്ന കാലഘട്ടത്തില്‍ പല വിവരങ്ങളും സ്വപ്നയുമായി പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ പുറത്തുവിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണവുമായി ഇപ്പോഴും ശിവശങ്കര്‍ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. എങ്കില്‍ മാത്രമേ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലം കൂട്ടുന്നത്. താമസിയാതെ കോഫപോസ നിയമ പ്രകാരം ശിവശങ്കറിനെ കരുതല്‍ തടങ്കലിലാക്കുമെന്നും സൂചന. സ്വാഭാവിക കാലത്തിനുള്ളില്‍ ജാമ്യം കിട്ടാതിരിക്കാനാണ് ഇത്. എന്‍ഐഎയും ശിവശങ്കറിനെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

അതിനിടെ ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ നിലനില്‍ക്കുന്നത് കൂടുതല്‍ അന്വേഷണത്തെ ബാധിക്കുന്നതായും സിബിഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ മഞ്ഞുമലയുടെ ഒരു അംശം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാന്‍ കേസിലുള്ള സ്റ്റേ നീക്കണം. അഴിമതിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തിന് പങ്കുണ്ട്. മറ്റ് ഏജന്‍സികളും ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ക്കും മറ്റും നല്‍കുന്നതിനായി സ്വപ്ന സുരേഷിന് ഐഫോണുകള്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ നല്‍കിയ ഏഴ് ഐഫോണുകളില്‍ ഒന്ന്‌എം. ശിവശങ്കറില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശിവശങ്കര്‍ സന്തോഷ് ഈപ്പന് വഴിവിട്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഹാബിറ്റാറ്റിന്റെ പ്രൊപോസല്‍ മാറ്റി യൂണടാക്കിന് കരാര്‍ നല്‍കിയതായി ലൈഫ് മിഷന്‍ സിഇഒ യു. വി. ജോസിന്റെയും മൊഴിയുണ്ടെന്നും സിബിഐ ചൂണ്ടിക്കാണിച്ചു. ഇത്തരം കേസുകള്‍ ഭാഗികമായിപ്പോലും തടസ്സപ്പെടുത്താന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ മുന്‍കാല വിധികളും ചൂണ്ടിക്കാട്ടിയാണ് ലൈഫ് മിഷനിലുള്ള അന്വേഷണത്തിനുള്ള സ്റ്റേ നീക്കണണെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും ശിവശങ്കറിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടങ്ങിയതാണു മുദ്രവച്ച കവര്‍. 2 ഫോണുകളും ടാബ്ലറ്റിന്റെ സിംകാര്‍ഡും അടുത്തിടെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റിയതോടെ പ്രതിഭാഗം അപേക്ഷ പിന്‍വലിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം തുടരും. ശിവശങ്കറിനുവേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണു ഹാജരാകുന്നത്. മജിസ്‌ട്രേട്ട് മുന്‍പാകെ സ്വപ്നയും സരിത്തും ഇന്നലെ രഹസ്യമൊഴി നല്‍കി. ക്രിമിനല്‍ നടപടിക്രമം 164ാം പ്രകാരമുള്ള മൊഴിയെടുപ്പ് തുടരും.

 

Eng­lish Sum­ma­ry: Cus­toms alleges Shiv­ashankar direct­ly involved in gold smug­gling Cus­tody extended

You may like this video also