സ്വർണക്കടത്ത് കേസിൽ കസ്റ്റംസും കുറ്റപത്രം സമർപ്പിക്കും. എൻഐഎ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് നീക്കം. മാർച്ചിൽ കുറ്റപത്രം സമർപ്പിക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്. അതേസമയം എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാൻ സാധ്യതയില്ല. ഗുരുതര കുറ്റങ്ങൾ ആരോപിക്കപ്പെടാത്ത പ്രതികൾക്ക് നികുതിയും പിഴയും ചുമത്തി വിചാരണയിൽ നിന്ന് ഒഴിവാകാനുള്ള വ്യവസ്ഥ കസ്റ്റംസിലുണ്ട്. കേസിൽ ഇതുവരെ 26 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.
വിദേശത്തുള്ള പ്രതികൾ ഒഴികെയുള്ളവരെല്ലാം അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ചില പ്രതികൾ നികുതിയും പിഴയും മാത്രം അടച്ചാൽ മതിയെന്ന് കമ്മിഷണർക്ക് തീരുമാനിക്കാനുള്ള വിവേചനാധികാരമുണ്ട്. ഒരു മാസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കും. കേസിൽ തൃശൂർ കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, കുഞ്ഞാനി എന്നിവരടക്കം വിദേശത്തുള്ള ചില പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനായാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കും.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി കെ ടി റമീസാണ്. സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ എന്നിവരും പ്രതികളാണ്. അതേസമയം കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെ ഏഴ് പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. ഡോളർ കടത്ത് കേസിലും സ്വപ്നയുടേയും സരിത്തിന്റെയും റിമാൻഡ് നീട്ടിയിട്ടുണ്ട്. ഫെബ്രുവരി രണ്ടു വരെയാണ് റിമാൻഡ് നീട്ടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് ഉത്തരവ്. വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലും ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി.
ENGLISH SUMMARY: Customs in gold smuggling case The indictment was expedited
YOU MAY ALSO LIKE THIS VIDEO