സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് കസ്റ്റംസ്

Web Desk

 കൊച്ചി

Posted on July 07, 2020, 10:25 pm

തിരുവനന്തപുരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് ബി രാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തും ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും 2019 മുതൽ സ്വർണ കടത്ത് നടത്തിയിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു. ആറുതവണയായി 100 കോടി വിലവരുന്ന സ്വർണമാണ് കടത്തിയതെന്നും സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. കോൺസുലേറ്റിലെ ചില ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. സ്വർണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചിരുന്നു. 30 കിലോ സ്വർണം പിടിച്ചെടുത്ത സാഹചര്യത്തിൽ മുൻപും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയെന്ന് സംശയിക്കുന്നുണ്ട്.

കസ്റ്റംസ് പരിശോധന ഒഴിവാക്കാനുള്ള നയതന്ത്ര പരിരക്ഷ മറയാക്കിയാണ് സ്വർണ്ണക്കടത്ത് നടത്തി വന്നത്. ബാഗേജ് തുറന്നു പരിശോധിക്കുന്നതിനെ യുഎഇ കോൺസൽ ആദ്യം എതിർത്തതും സംശയത്തിനിടയാക്കിയിട്ടുണ്ട്. പിന്നീട് 30 കിലോ ബാഗേജിന്റെ സ്ഥാനത്തു 79 കിലോയാണ് അയച്ചതെന്ന് വന്നതോടെ ബാഗേജ് തിരികെ അയക്കണം എന്ന് ആവശ്യപ്പെട്ടുവെന്നതും ദുരൂഹത വർധിപ്പിക്കുന്നു മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകളാണ് വന്നത്. ഇതോടെയാണ് കസ്റ്റംസിന് സംശയം തോന്നിയത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു. ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നീ പേരിലായിരുന്നു ഇവ എത്തിയത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്. ഇതാണ് വമ്പൻ സ്വർണക്കടത്തിന്റെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്. ഇത്തവണ ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരിൽ വന്ന പാഴ്സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം ജനിപ്പിച്ചത്. ഈ സമയവും ഒരു അറബിയുമായി എത്തി സരിത്ത് പാഴ്സൽ ഏറ്റുവാങ്ങാൻ ശ്രമിച്ചു. എന്നാൽ പരിശോധനയ്ക്ക് ശേഷം നോക്കാമെന്ന നിലപാടാണ് കസ്റ്റംസ് കൈക്കൊണ്ടത്. തുടർന്നുളള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഡോർ ക്ലോസറിനുളളിൽ പൈപ്പിന്റെ രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. മാസങ്ങളെടുത്ത ശ്രമത്തിനൊടുവിലായിരിക്കാം ഇത്തരത്തിൽ സ്വർണം ഒളിപ്പിച്ചതെന്നാണ് കസ്റ്റംസ് അധികൃതരുടെ വിലയിരുത്തൽ.