Web Desk

കൊച്ചി

October 08, 2020, 4:48 pm

ശിവശങ്കറിനെ നാളെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും

Janayugom Online

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നാളെ രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നല്‍കി. നേരത്തെയും രണ്ടു തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് എന്നിവരും ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് സ്വപ്നയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി കസ്റ്റംസ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കി. എന്‍ഫോഴ്സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെത്തന്നെ ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.

ശിവശങ്കറിന്റെ സ്വത്തുക്കളെയും പണമിടപാടുകളെയും കുറിച്ച്‌ നേരത്തെ തന്നെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളില്‍ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ പറയുന്നുണ്ട്. ഇതേക്കുറിച്ച്‌ കസ്റ്റംസിന് മുന്നില്‍ ശിവശങ്കറിന് വിശദീകരിക്കേണ്ടി വരും. 35 ലക്ഷത്തിന്റെ സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് ഇരുവരും വാട്സ് ആപ്പ് ചാറ്റുകളില്‍ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം അടക്കമുള്ള വിശദാംശങ്ങള്‍ കസ്റ്റംസ് ശിവശങ്കറിനോട് തേടും.

സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്ക് പുറമെ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്ന് സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും അത് കൈപ്പറ്റിയെന്ന് ഉറപ്പു വരുത്തിയതായി ശിവശങ്കര്‍ ‘ഒ.കെ.’ പറഞ്ഞതായും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വേണുഗോപാലില്‍ നിന്ന് ശിവശങ്കറിന്റെ മൂന്ന് വര്‍ഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകള്‍ കസ്റ്റംസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.രാജ്യദ്രോഹത്തിലേക്കും ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിലേക്കും നീളുന്ന സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിനെ ഇതുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് കസ്റ്റംസ് തേടുന്നത്.

ലൈഫ് മിഷനിലെ കോഴയിടപാട് അന്വേഷിക്കുന്ന സി.ബി.ഐ ശിവശങ്കറിനെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് യു.എ.ഇയിലെ റെഡ് ക്രസന്റിനെ കൊണ്ടുവന്നത് സംബന്ധിച്ച്‌ ലൈഫ് മിഷന്‍ അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

ENGLISH SUMMARY: cus­toms pre­ven­tive depart­ment ques­tioned shivasankar

YOU MAY ALSO LIKE THIS VIDEO