സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. മുഖ്യമന്ത്രിയുമായുളള അടുപ്പം ശിവശങ്കർ ദുരുപയോഗം ചെയ്തു. ശിവശങ്കറിന്റെ ഇടപാടുകളെല്ലാം സർക്കാർ അറിയാതെയായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവി ദുരുപയോഗം ചെയ്തായിരുന്നു ശിവശങ്കറിന്റെ പ്രവർത്തനങ്ങളെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ചത്. കളളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ വിശദീകരിക്കുന്നു.
സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കർ. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.
English Summary: Customs says government is unaware of Shivshankar’s dealings
You may like this video also