Friday
24 May 2019

റയില്‍വേ യാത്രാനുകൂല്യം വെട്ടിച്ചുരുക്കല്‍ കാന്‍സര്‍ രോഗികള്‍ക്ക് തിരിച്ചടി

By: Web Desk | Wednesday 15 May 2019 10:01 PM IST


ബേബി ആലുവ

കൊച്ചി: കാന്‍സര്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി യാത്ര ചെയ്യാന്‍ ട്രെയിനുകളില്‍ അനുവദിച്ചിരുന്ന ആനുകൂല്യത്തിന്റെ കാലാവധി റയില്‍വേ വെട്ടിച്ചുരുക്കി.നിലവിലുണ്ടായിരുന്ന ആറുമാസത്തില്‍ നിന്നു മൂന്നു മാസമാക്കി സമയപരിധിയില്‍ മാറ്റം വരുത്തിയത് കാന്‍സര്‍ രോഗബാധിതര്‍ക്ക് ഇരുട്ടടിയായി.
അര്‍ബുദ രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടെ ടിക്കറ്റെടുത്താല്‍ യാത്രാക്കൂലിയില്‍ ആശ്വാസകരമായ രീതിയില്‍ നിരക്കിളവ് അനുവദിച്ചു പോരുന്നുണ്ട്.സ്ലീപ്പര്‍ ക്ലാസ്, തേര്‍ഡ് എ സി എന്നിവയ്ക്ക് നൂറു ശതമാനമാണ് നിരക്കിളവ് ആനുകൂല്യം. എ സി ചെയര്‍കാര്‍, ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് എന്നിവയ്ക്ക് 75 ശതമാനവും ഫസ്റ്റ് എസി, സെക്കന്റ് എ സി എന്നിവയ്ക്ക് 50 ശതമാനവുമാണ് നിരക്കിളവ്. രോഗിയുടെ കൂടെ സഹായിയായി യാത്ര ചെയ്യുന്നയാള്‍ക്ക് തേര്‍ഡ് എ സി യിലും സ്ലീപ്പറിലും അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ 75 ശതമാനവും ഇളവ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആര്‍സിസി, വെല്ലൂര്‍ സിഎംസി എന്നിവിടങ്ങളില്‍ കൂടുതല്‍ ചികിത്സ തേടുന്ന കാന്‍സര്‍ രോഗികള്‍ക്കായിരുന്നു കേരളത്തില്‍ റയില്‍വേയുടെ ഈ യാത്രാനുകൂല്യമുണ്ടായിരുന്നത്. ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്നു മാസത്തിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ആറു മാസം വരെ യാത്ര ചെയ്യാമായിരുന്നു.നാലു മാസത്തില്‍ ഒരിക്കല്‍ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തേണ്ട രോഗികളാണ് റയില്‍വേയുടെ പുതിയ തീരുമാനപ്രകാരം കഷ്ടത്തിലായിരിക്കുന്നത്.ഇപ്പോള്‍, മിക്കവാറും രോഗികള്‍ നാലു മാസത്തിലൊരിക്കലാണ് തുടര്‍ ചികിത്സകള്‍ക്കായി പോകുന്നത്.
അര്‍ബുദ രോഗികള്‍ക്കുള്ള പ്രത്യേക ക്വോട്ടപ്രകാരം ട്രെയിന്‍ ടിക്കറ്റുകള്‍ സംഘടിപ്പിച്ച് പുറത്തു വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞതാണ് പുതിയ തീരുമാനത്തിനു നിര്‍ബന്ധിതമാക്കിയതെന്നാണ് റയില്‍വേയുടെ ന്യായീകരണം.

മുംബൈയിലെ ദാദര്‍ റയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ പശ്ചിമ റയില്‍വേയുടെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ തട്ടിപ്പു സംഘത്തിലെ ഒരാള്‍ പിടിയിലാവുകയുണ്ടായി. ടിക്കറ്റെടുക്കാന്‍ നിന്ന ഇയാളില്‍ നിന്ന് അര്‍ബുദ രോഗികളായ യാത്രക്കാര്‍ക്കുള്ള 74 അപേക്ഷാ ഫോറങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖ കാന്‍സര്‍ രോഗ ചികിത്സകന്‍ ഒപ്പിട്ട അപേക്ഷാ ഫോറങ്ങളായിരുന്നു ഇവ. കൂടുതല്‍ ചോദ്യം ചെയ്യലിലേക്കു കടക്കും മുമ്പേ ടിക്കറ്റെടുക്കാന്‍ നിന്നയാള്‍ രക്ഷപ്പെട്ടു. ഫോറങ്ങള്‍ ആശുപത്രിയിലേതാണെങ്കിലും ഒപ്പിട്ടത് താനല്ലെന്നായി ഡോക്ടറും.ഈ രീതിയില്‍ സംഘടിപ്പിച്ച ടിക്കറ്റുമായി വാരാണസിയിലേക്കുയാത്ര ചെയ്ത കാന്‍സര്‍ രോഗിയല്ലാത്ത ഒരാളെ പിന്നീട് ജബല്‍പൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തെന്നും അധികൃതര്‍ അവകാശപ്പെട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ചുമതലപ്പെട്ട ആശുപത്രികളിലെ ജീവനക്കാരും ഇത്തരത്തില്‍ അനര്‍ഹമായി യാത്രാ ആനുകൂല്യം തരപ്പെടുത്തുന്നുണ്ടെന്നാണ് റയില്‍വേ അധികൃതരുടെ നിഗമനം.എന്നാല്‍ അതിന് അടിസ്ഥാനമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല താനും.

യാത്രാനുകൂല്യത്തിന്റെ സമയപരിധി വെട്ടിക്കുറച്ചാലും തട്ടിപ്പു സംഘങ്ങള്‍ക്ക് അതിന് അവസരമുണ്ട്. അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലയുള്ള ആശുപത്രികളും റയില്‍വേ അധികൃതരും കൂടിയാലോചിച്ച് പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തുന്നതിനു പകരം കാന്‍സര്‍ രോഗികളെ വലയ്ക്കുന്ന തീരുമാനം, നല്‍കുന്ന ആനുകൂല്യത്തിലെ ആത്മാര്‍ത്ഥതയില്ലായ്മയാണ് തെളിയിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

You May Also Like This:

Related News