Sunday
20 Oct 2019

കറന്‍സി ചെസ്റ്റ്: മറ്റൊരു തുഗ്ലക്ക് പരിഷ്‌കാരം

By: Web Desk | Monday 17 June 2019 11:10 PM IST


കേരളത്തില്‍ പൊതു-സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന 170 കറന്‍സി ചെസ്റ്റുകളില്‍ 77 എണ്ണം അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായുള്ള വാര്‍ത്ത ആശങ്കാജനകമാണ്. രാജ്യത്ത് ഒട്ടാകെ പ്രവര്‍ത്തിച്ചുവരുന്ന 3975 കറന്‍സി ചെസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കത്തിന്റെ ഭാഗമായാണത്രെ ഇത്. നിലവിലുള്ള കറന്‍സി ചെസ്റ്റുകള്‍ക്ക് പകരമായി കൂടുതല്‍ വിസ്തൃതമായവ സ്ഥാപിക്കണമെന്ന ഒരു കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നിര്‍ദ്ദിഷ്ട ആധുനിക ചെസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് മുമ്പുതന്നെ പഴയവ അടച്ചുപൂട്ടുന്നത് കറന്‍സിയുടെ നിലവിലുള്ള ചംക്രമണത്തേയും പൊതുജനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബാങ്ക് ജീവനക്കാരും ബാങ്ക് ഇടപാട് നടത്തുന്ന എല്ലാവരും ഭയപ്പെടുന്നു. നോട്ട് നിരോധനത്തിന് സമാനമായ അന്തരീക്ഷത്തിലേക്ക് ജനങ്ങളെ വലിച്ചിഴയ്ക്കാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുകയാണെന്ന ആശങ്ക വ്യാപകമാണ്. പണം ഇടപാടുകള്‍ പൂര്‍ണമായി ഡിജിറ്റൈസ് ചെയ്ത് പണരഹിത ഇടപാടുകളിലേക്ക് മാറുക എന്നത് ആശയതലത്തില്‍ ഗംഭീരമായി തോന്നാമെങ്കിലും അതിന്റെ പ്രായോഗികതയെ സംബന്ധിച്ച് ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്ന വസ്തുതകളാണ് നമുക്ക് മുന്‍പിലുള്ളത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോഴുണ്ടായിരുന്നതിനെക്കാള്‍ 37.7 ശതമാനം നോട്ടുകളുടെ വര്‍ധനവാണ് 2018 മാര്‍ച്ചില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഏതാണ്ട് 18,037 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്ര ഭീമമായ തുകയുടെ കറന്‍സി വിപണിയിലുള്ള ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയിലും പണം ഇടപാടിലും കറന്‍സിക്കുള്ള പ്രാധാന്യം കുറച്ചുകാണുന്നവര്‍ക്കെ പണരഹിത ഇടപാടുകളെപ്പറ്റി ദിവാസ്വപ്‌നം കാണാനാവൂ.
രാജ്യത്തെ ജനസംഖ്യയില്‍ ഗണ്യമായ ഒരു പങ്ക് ആറുലക്ഷത്തില്‍പരം വരുന്ന ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അവിടങ്ങളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലിനെല്ലാം കറന്‍സി നോട്ടുകളാണ് ഉപയോഗിച്ചുവരുന്നത്. നഗരവാസികളില്‍ തന്നെ ഭൂരിപക്ഷത്തിനും ദൈനംദിന ഇടപാടുകള്‍ക്ക് കറന്‍സിതന്നെയാണ് വിനിമയ മാധ്യമം. അത് ഒരു സുപ്രഭാതത്തിലോ അല്ലെങ്കില്‍ ചുരുങ്ങിയ ഒരു കാലയളവുകൊണ്ടോ ഡിജിറ്റൈസ് ചെയ്യാനാവുമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് നിസംശയം പറയേണ്ടിവരും. രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന കറന്‍സി ചെസ്റ്റുകള്‍ കൂട്ടത്തോടെ മറ്റൊരു ബദലും കൂടാതെ അടച്ചുപൂട്ടുക എന്നത് നോട്ടുനിരോധനം പോലെയുള്ള തുഗ്ലക്ക് പരിഷ്‌കാരമായി മാറുമെന്നുവേണം ഭയപ്പെടാന്‍. അതിന്റെ ഇരകളായി മാറുന്നതാവട്ടെ സാമ്പത്തിക പിരമിഡിന്റെ ഏറ്റവും താഴെതലത്തിലുള്ള സാധാരണക്കാരായിരിക്കും. ഇത് കറന്‍സിനീക്കത്തിന്റെ ഉത്തരവാദിത്തം ക്രമേണ സ്വകാര്യ ഹസ്തങ്ങളില്‍ എത്തിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് കരുതുന്നതിലും തെറ്റില്ല. കറന്‍സിയുടെ ആവശ്യാനുസരണമുള്ള ലഭ്യത, മുഷിഞ്ഞതും കേടുവന്ന് ഉപയോഗശൂന്യമായവ യഥാസമയം മാറ്റിനല്‍കല്‍, കൈനീട്ടം, സക്കാത്ത് തുടങ്ങിയ ആചാരപരമായ ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നിവയെല്ലാം ഈ പരിഷ്‌കാരം മൂലം അവതാളത്തിലാവും. തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണിയിലും ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഡിജിറ്റൈസേഷനും മറ്റും തികച്ചും അപ്രായോഗികമാണ്. നോട്ടുനിരോധനത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ലക്ഷക്കണക്കാണ്. അവയില്‍ ഏറെയും ഇനിയും തുറന്നു പ്രവര്‍ത്തിക്കാനായിട്ടില്ല. തുറന്നവയ്ക്ക് തന്നെ സാധാരണ നില പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരും. ആ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേണം കറന്‍സി ചെസ്റ്റ് പരിഷ്‌കാരങ്ങളെ നോക്കി കാണാന്‍.
കറന്‍സി മേഖലയിലും ബാങ്കിംഗ്-ധനകാര്യ രംഗങ്ങളിലും നരേന്ദ്രമോഡി സര്‍ക്കാര്‍ വിനാശകരമായ പരിഷ്‌കാരങ്ങളാണ് നടത്തിവരുന്നത്. നാളിതുവരെ നടത്തിയ പരിഷ്‌കരണ പരിപാടികള്‍ക്ക് ഒന്നിനും അഭിലഷണീയമായ പ്രതികരണം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യമായ മുന്‍കരുതലും തയാറെടുപ്പും കൂടാതെ പരിഷ്‌കരണത്തിനുവേണ്ടിയുള്ള എടുത്തുചാട്ടങ്ങള്‍ നടത്തുന്നത് ജനജീവിതം താറുമാറാക്കും. അത് അനാവശ്യമായ സാമ്പത്തിക പ്രതിസന്ധികളിലേക്കും സാമൂഹ്യ സംഘര്‍ഷങ്ങളിലേക്കുമായിരിക്കും രാജ്യത്തെ നയിക്കുക. നോട്ടുനിരോധനം സംബന്ധിച്ച വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനോ കള്ളപ്പണം, തീവ്രവാദം എന്നിവയെ നേരിടുന്നതില്‍ എന്ത് നേട്ടം കൈവരിക്കാനായി എന്ന് രാജ്യത്തോട് പറയാനോ തന്റേടം കാട്ടാത്ത കേന്ദ്ര ഭരണകൂടമാണ് നമുക്കുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വ്യത്യസ്തമായ ചിത്രമല്ല കാഴ്ചവയ്ക്കുന്നത്. കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കുന്നത് വ്യാജ കറന്‍സി നോട്ടുകള്‍ ബാങ്കിംഗ് ശൃംഖലകളിലൂടെ വിപണിയിലെത്താന്‍ ഇടയാക്കുമെന്ന ന്യായമായ ആശങ്ക ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍തന്നെ ഉന്നയിക്കുന്നു. രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കാന്‍ നടക്കുന്ന നീക്കങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. സാമ്പത്തിക രംഗത്ത് അരാജകത്വം വളര്‍ത്തുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും കേന്ദ്ര ഭരണകൂടവും റിസര്‍വ് ബാങ്കും പിന്മാറണം. ഇത്തരം പരിഷ്‌കാരങ്ങളും അതിന്റെ ആഘാതവും അഭിമുഖീകരിക്കാന്‍ ജനങ്ങളെ സന്നദ്ധമാക്കാതെ നടത്തുന്ന ശ്രമങ്ങള്‍ അളവറ്റ സാമൂഹ്യ ദുരിതങ്ങള്‍ക്കായിരിക്കും വഴിവയ്ക്കുക.