Web Desk

കോഴിക്കോട് ബ്യൂറോ

February 05, 2021, 2:08 pm

ഐടി വ്യവസായത്തിൽ കുതിച്ചു ചാട്ടവുമായി കോഴിക്കോട് സൈബർ പാർക്ക്

Janayugom Online

കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിനുള്ളിൽ ഐടി വ്യവസായത്തിൽ വമ്പിച്ച കുതിച്ചു ചാട്ടവുമായി കോഴിക്കോട് സൈബർ പാർക്ക്. ഐടി സ്ഥലം, കമ്പനികളുടെ എണ്ണം, ജീവനക്കാർ, എന്നിവയിൽ ഒമ്പത് ഇരട്ടി വർധനയാണ് ഈ കാലയളവിൽ സൈബർ പാർക്ക് നേടിയത്.

2017 ൽ കേവലം നാല് കമ്പനികൾ മാത്രമായി പ്രവർത്തനമാരംഭിച്ച സൈബർ പാർക്കിൽ ഇന്നുള്ളത് 113 കമ്പനികളാണ്.

2017–18 ൽ സൈബർ പാർക്കിലെ എട്ട് ശതമാനം തൊഴിലിടത്തിൽ മാത്രമാണ് ഐടി കമ്പനികൾ ഉണ്ടായിരുന്നത്. എന്നാൽ 2020–21 ആകുമ്പോൾ അത് 73 ശതമാനമായി. കോവിഡ് പ്രതിസന്ധിയുടെ കാലത്തും സൈബർ പാർക്കിന്റെ പ്രവർത്തനം മികച്ചതായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ 25 കമ്പനികളാണ് പുതുതായി പ്രവർത്തനമാരംഭിച്ചത്.

2017–18 ൽ ആറ് കമ്പനികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2020–21 ആകുമ്പോൾ അത് 57 കമ്പനികളായി ഉയർന്നു. ആപ്മൊബൈൽ 10 എക്സിൻറെ മികവിന്റെ കേന്ദ്രത്തിലേത് കൂടി കണക്കാക്കുമ്പോൾ 113 കമ്പനികളാണ് സൈബർപാർക്ക് കാമ്പസിൽ പ്രവർത്തിക്കുന്നത്. 2017–18 ൽ 107 പേർക്കാണ് സൈബർപാർക്കിലെ കമ്പനികളിലൂടെ തൊഴിൽ ലഭിച്ചിരുന്നതെങ്കിൽ നടപ്പു സാമ്പത്തിക വർഷത്തിൽ അത് 850 ന് മേലാണ്. നാല് വർഷം മുമ്പ് 3,01,71390 കോടി രൂപയുടെ സോഫ്റ്റ് വെയർ കയറ്റുമതിയാണ് നടന്നിരുന്നതെങ്കിൽ 2019–20 ൽ അത് 14,76,10, 856 കോടി രൂപയാണ്.

മലബാറിന്റെ സാഹചര്യം മനസിലാക്കി സൈബർ പാർക്ക് നടത്തിയ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിനു പിന്നിൽ. വാം ഷെൽ വിഭാഗത്തിൽ പെടുന്ന യൂണിറ്റുകൾക്ക് സൈബർ പാർക്കിൽ ഇടം നൽകി. ബേസ്മെൻറിലെ 50, 000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം സ്മാർട്ട് ബിസിനസ് സെന്ററാക്കി മാറ്റി. 500 മുതൽ 2500 ചതുരശ്ര അടി വിസ്തീർണമുള്ള യൂണിറ്റുകളാക്കി ഇതിനെ തിരിച്ചു. 10 മുതൽ 70 സീറ്റുകൾ വരെ കൈകാര്യം ചെയ്യാവുന്ന ചെറുകമ്പനികൾക്ക് ഏറ്റവും യോജിച്ച സ്ഥലമായി ഇത് മാറി. മാർച്ച് ആകുമ്പോഴേക്കും 31 കമ്പനികൾ ഇവിടെ സ്ഥലം നൽകാനാകും.

കേരളത്തിൽ നിന്നുള്ള ഉത്പന്നാധിഷ്ഠിത ഐടി സ്റ്റാർട്ടപ്പുകൾക്ക് സർക്കാരിന്റെ സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങിയാൽ കേരള സ്റ്റാർട്ടപ്പ് മിഷൻറെ സാമ്പത്തിക സഹായവും ലഭിക്കും. സൈബർപാർക്കിലെ വലിയ ജോലി സ്ഥലങ്ങൾ ചെറിയ ഇടങ്ങളാക്കി മാറ്റാനും അത് കമ്പനികൾക്ക് വാടകയ്ക്ക് നൽകാനുമുള്ള തീരുമാനമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് സൈബർ പാർക്കിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മുൻ ജനറൽ മാനേജർ നിരീഷ് സി പറഞ്ഞു.