Janayugom Online
cyber crime kerala police janayugom

സൈബര്‍ പോലീസ് സ്റ്റേഷന്‍ തസ്തികകളില്‍ നിയമനമായി

Web Desk
Posted on October 14, 2018, 7:45 pm

കോഴിക്കോട്: ഉത്തരമേഖലയിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ തസ്തികളില്‍ നിയമനമായി. ഒരു സിഐയും ഒരു എഎസ്‌ഐ നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, 11 സിവില്‍ പോലീസ് ഓഫീസര്‍, ഒരു ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തിയത്. ഇതില്‍ സിഐ ആയി സി ശിവപ്രസാദിനെ നിയമിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് മൂന്നു മാസം മുമ്പു തന്നെ ഉത്തരവിറക്കിയിരുന്നു.

നിലവില്‍ 15 പേരെ നിയമിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെയുള്ളവരെയാണ് സൈബര്‍ സ്റ്റേഷനിലേക്ക് നിയമിച്ചിരിക്കുന്നത്. സിറ്റി ട്രാഫിക്ക് സ്റ്റേഷനില്‍ നിന്ന് അഞ്ചു അഞ്ചു പേര്‍, ഡിസ്ട്രിക് ഹെഡ് ക്വോട്ടേഴ്സില്‍ നിന്ന് അഞ്ചു പേര്‍, ടൗണ്‍ സ്റ്റേഷന്‍, കോഴിക്കോട് റൂറല്‍, കസബ സ്റ്റേഷനുകളില്‍ നിന്നും ഒരാള്‍ വീതവും സൈബര്‍ സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലില്‍ നിന്നും ഒരാളെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. തസ്തികകളില്‍ നിയമനമായതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കാര്യക്ഷമമാക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായാണ് കോഴിക്കോട് സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. കണ്ണൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കേണ്ടത്. സൈബര്‍ കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലായിരുന്നു കോഴിക്കോടും തൃശൂരും സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.

സൈബര്‍ തീവ്രവാദം, വെബ്സൈറ്റ് ഹാക്കിംഗ്, ബാങ്ക് അക്കൗണ്ടും ഇ.മെയില്‍ ഐഡി ഹാക്കിംഗ്, കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫിംഗ് ചെയ്ത് പരസ്യപ്പെടുത്തല്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കേസുകളാണ് സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷിക്കുന്നത്. കോഴിക്കോട് സൈബര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതോടെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ സൈബര്‍ കേസുകള്‍ ഇവിടെ അന്വേഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ പോലീസ് സ്റ്റേഷനുള്ളത്.