Thursday
21 Feb 2019

പെണ്ണിന് ‘ലക്ഷ്മണ രേഖ ‘ വരയ്ക്കപ്പെടുന്ന സൈബര്‍ ഇടം

By: Web Desk | Thursday 12 July 2018 10:04 PM IST

പി എസ് രശ്മി

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന് തന്നെ പറയാം സൈബര്‍ ഇടത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യത്തെ . അവളുടെ സ്വന്തം അഭിപ്രായങ്ങളും ചിന്തകളും നിലപാടുകളും രേഖപ്പെടുത്താനും അത് സമൂഹത്തിലേക്കെത്തിക്കുവാനുമുള്ള ഒരു ഇടമാണ് സൈബര്‍ ലോകവും. പക്ഷേ മറ്റേതൊരു പൊതു ഇടത്തെയും പോലെ ഇവിടെയും സ്ത്രീ ആക്രമിക്കപ്പെടുന്നു. അതും അപകടകരമായ രീതിയില്‍. സമൂഹത്തിലെ പൊതു വിഷയങ്ങളില്‍ പ്രതികരിക്കുകയും നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന സത്രീയെ ഇവിടെ ചിലര്‍ പരിഹസിക്കും, ആക്ഷേപിക്കും. ആക്ഷേപമെന്നാല്‍ അത് ക്രൂരമായ ട്രോളുകള്‍ മുതല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വരെയാകും ചിലപ്പോള്‍. മറുപക്ഷത്തെ സ്ത്രീ ആരാണാണെങ്കിലും ഓണ്‍ലൈന്‍ സദാചാരവാദികള്‍ക്ക് അതൊരു പ്രശ്‌നമല്ല. അവള്‍ ഒരു സിനിമാനടിയാവാം, രാഷ്ട്രീയക്കാരിയാവാം, അധ്യാപികയാവാം ഇതൊന്നുമല്ലാതെ ഒരു സാധാരണ വീട്ടമ്മയുമാവാം. പാര്‍വതിയും, ദീപാനിശാന്തും, കെ കെ രമയും ചിന്താജെറോമും എല്ലാം ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായ നമ്മള്‍ അറിയുന്ന സൈബര്‍ ഇരകളില്‍ ചിലര്‍ മാത്രം. അടുത്തിടെ ആലപ്പുഴയിലെ വീട്ടമ്മയുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന രീതിയിലുള്ള സൈബര്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പടെ സ്ത്രീപക്ഷ നിലപാടെടുത്തതിന്റെ പേരില്‍ മാസങ്ങളായി സൈബര്‍ ആക്രമണത്തിന് ഇരയാവുകയായിരുന്നു ഇവര്‍. പതിമൂന്നുകാരനായ മകനൊപ്പമുള്ള ചിത്രങ്ങള്‍ പോലും അശ്ലീല അടിക്കുറിപ്പുകളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. സൈബര്‍ ലോകത്ത് യഥാര്‍ഥമുഖമോ വിലാസമോ ആഴശ്യമില്ലാത്തതിനാല്‍ വ്യാജ വിലാസങ്ങളില്‍ നിന്നാണ് ഇത്തരം ആക്രമണങ്ങള്‍ എന്നതിനാല്‍ കുറ്റവാളികളിലേക്ക് എത്തുക പൊലീസിനും അത്ര എളുപ്പമല്ല. നടി പാര്‍വതിക്കെതിരെയും മറ്റും ആസൂത്രിതമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനെതിരെ പരാതി നല്‍കി നടപടി ഉണ്ടായിട്ടും സൈബര്‍ ആക്രമണകാരികള്‍ അടങ്ങിയിട്ടില്ല. ഉടന്‍ റിലീസിനൊരുങ്ങുന്ന പാര്‍വതിയുടെ ചിത്രങ്ങള്‍ക്കെതിരെ ചില ‘പ്രമുഖ’താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളിലെ ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആക്രമണം തുടരുകയാണ്. പൊതു ഇടത്തിലെ അതേ രീതിയില്‍ തന്നെ സ്ത്രീ സൈബര്‍ ഇടത്തിലും ആക്രമിക്കപ്പെടുന്നുണ്ട്. അവളുടെ ആത്മാഭിമാനവും ലൈംഗികതയും സൈബര്‍ തെരുവിലും മുറിവേല്‍പ്പിക്കെപ്പടുന്നുണ്ട്. ഇന്ത്യയിലെ പത്ത് പേരില്‍ എട്ട് പേരും സൈബര്‍ ആക്രമണങ്ങള്‍ക്കിടയാകുന്നുവെന്ന് ചില സര്‍വേകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പൊതു പ്രശ്‌നങ്ങളില്‍ ഉറച്ച നിലപാട് എടുക്കുന്ന സ്ത്രീയെ ഇ- ലോകത്തെ സദാചാരപുരുഷന്‍മാര്‍ക്ക് അത്ര രസിക്കില്ല. കീബോര്‍ഡില്‍ നിന്നുതിരുന്ന ഓരോ അക്ഷരങ്ങള്‍ കൊണ്ടു തന്നെ അവര്‍ അവളെ മുറിപ്പെടുത്തും. സൈബര്‍ റേപ് എന്ന് തന്നെ പറയാവുന്ന രീതിയിലുള്ള ക്രൂരമായ ആക്രമണമാണിത്. ഇത്തരം ആക്രമണങ്ങളില്‍ പതറാത്തവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ ആക്രമണമാണ് പിന്നീട് ഉണ്ടാകുന്നത് എന്നതാണ് വസ്തുത.
രാഷ്ട്രീയ -സാമൂഹിക രംഗത്തെ സാന്നിധ്യമായ സ്ത്രീകള്‍ മാത്രമല്ല വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്ന പല വീട്ടമ്മമാരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. ചിന്തകളും ആശയങ്ങളും ഇ-ചുവരില്‍ കുറയ്ക്കുമ്പോള്‍ അത് തന്നിലേക്കു മാത്രം ഒതുങ്ങിയിരുന്ന പെണ്‍കൂട്ടത്തിന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ഇടത്തേക്കുള്ള ഒരു ചുവട് വയ്പ് കൂടിയാണ്. സമൂഹത്തിലെ ഒരോ പ്രശ്‌നത്തിലും അവള്‍ ഇടപെടുമ്പോള്‍ , അഭിപ്രായം പറയുമ്പോള്‍ അത് സൈബര്‍ ഇടത്തിലാണെങ്കിലും അവള്‍ ഒരു വ്യക്തിയാവുകയാണ് ..വ്യക്തിത്വമുള്ളവളാകുകയാണ്. എന്നാല്‍ സ്വന്തം ആശയങ്ങളോട് യോജിക്കാത്ത , സ്ത്രീ പക്ഷ നിലപാടുകളെ , അഭിപ്രായങ്ങളെ വാക്കുകള്‍ കൊണ്ട് എതിര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവളുടെ സദാചാര -മൂല്യ ബോധത്തെ മുറിപ്പെടുത്തുവാന്‍ ഏതറ്റം വരെയും പോകും ഈ സൈബര്‍ ആക്രമണകാരികള്‍.
പെണ്ണ് രാത്രി വൈകി പുറത്തിറങ്ങരുതെന്ന് ചിന്തിക്കുന്നവരില്‍ ചിലര്‍ സൈബര്‍ ഇടത്തിലും ഉണ്ട്. രാത്രിയില്‍ വൈകി ഓണ്‍ലൈനിലെ പച്ചവെളിച്ചങ്ങള്‍ സ്ത്രീക്ക് നിഷിദ്ധമാണെന്ന് ചിന്തിക്കുന്നവര്‍. അവള്‍ ശരിയല്ലെന്ന് ചിന്തിക്കുന്നവര്‍, ഇത്ര വൈകി സമൂഹ മാധ്യമങ്ങളില്‍ പെണ്ണിന് എന്ത് കാര്യം എന്നാണ് ഈ ഓണ്‍ലൈന്‍ സദാചാരപ്പൊലീസിന്റെ വാദങ്ങള്‍ . എന്നാല്‍ ഈ സദാചാരക്കാര്‍ പലരും രാത്രി വൈകി ഇന്‍ബോക്‌സുകളില്‍ അശ്‌ളീലച്ചുവയുള്ള സംസാരവുമായി എത്തും. ഇതിനെതിരെ പ്രതികരിച്ചാലും തെറ്റുകാരി പെണ്ണ് തന്നെയാകും. അവളുടെ പരിധിയും പരിമിതിയും പറഞ്ഞ് പഠിപ്പിക്കല്‍ തുടരും. സദാചാരബോധത്തിന്റെ ലക്ഷ്മണരേഖ സൈബര്‍ ഇടത്തിലും വരയ്ക്കപ്പെടും. നിലപാടില്‍ ഉറച്ചുള്ള പ്രതിരോധം തന്നെയാണ് മുഖമില്ലാത്ത സൈബര്‍ ഞരമ്പുരോഗികളുടെ ആക്രമണങ്ങള്‍ക്ക് മുഖമടച്ചുള്ള മറുപടി.