June 7, 2023 Wednesday

ജൂണ്‍ 3 ലോക സൈക്കിള്‍ ദിനം

വലിയശാല രാജു
June 2, 2021 8:43 pm

ലോകത്തെ വേഗതയിലേക്ക് നയിച്ചത് വാഹനങ്ങളാണ്. വാഹനങ്ങളില്ലാത്ത ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാൻപോലുമാവില്ല. ദൂരങ്ങള്‍ കീഴടക്കി മുന്നേറിയ മനുഷ്യചരിത്രം വാഹനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
നിരത്തിലോടിയ വാഹനങ്ങളുടെ മുതുമുത്തച്ഛന്‍ സൈക്കിളാണ്. ഇതിന് മുമ്പ് വാഹനം എന്ന് തോന്നിക്കുന്ന ചിലത് രംഗത്ത് വന്നെങ്കിലും അതൊക്കെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായിരുന്നില്ല. അന്നും ഇന്നും സാധാരണക്കാരന്റെ വാഹനം സൈക്കിള്‍ തന്നെ. സൈക്കിള്‍ വന്നിട്ട് ഇപ്പോള്‍ 200 വര്‍ഷം തികയുകയാണ്. സങ്കീര്‍ണമായ സാങ്കേതികതയില്ലാത്ത ഈ വാഹനത്തിന്റെ ഉത്ഭവവും ചരിത്രവും അറിയുക. ഇത് വായിച്ച് കഴിയുമ്പോള്‍ കൂട്ടുകാര്‍ക്ക് സൈക്കിളില്‍‍ യാത്ര ചെയ്യാന്‍ തോന്നും.

സൈക്കിളിന്റെ മുന്‍ഗാമി


ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റുകാര്‍ ഉപയോഗിച്ചിരുന്ന ഒരിനം ഇരുചക്രവണ്ടിയാണ് സൈക്കിളിന്റെ മുന്‍ഗാമി. ഒരു ചട്ടത്തിലുറപ്പിച്ച രണ്ട് ചക്രങ്ങള്‍ അതാണ് ആദ്യത്തെ സൈക്കിള്‍. ഇന്നത്തെ സൈക്കിളുമായി ഇതിനൊരു ബന്ധവുമില്ല.

ആദ്യത്തെ സൈക്കിള്‍


1817 ലാണ് ആദ്യത്തെ സൈക്കിളിന്റെ ഉത്ഭവം. ഇന്നത്തെ സൈക്കിളുമായി കുറെയധികം സാമ്യമുള്ള വാഹനമാണിത്. ജര്‍മ്മന്‍കാരനായ കാള്‍ വോൻ ഡ്രൈസ് ആണ് ഇത് രൂപപ്പെടുത്തിയത്. ഇദ്ദേഹമാണ് സൈക്കിളിന്റെ പിതാവായി അറിയപ്പെടുന്നത്. എന്നാല്‍ സൈക്കിള്‍ എന്ന വാക്ക് പ്രചാരത്തിലായത് 1865 നുമുമ്പാണ്. മുന്‍ ചക്രത്തെക്കാള്‍ വലിയ പിന്‍ചക്രമാണ് ഇതിനുണ്ടായിരുന്നത്.

സൈക്കിള്‍ പരിഷ്കരിക്കുന്നു

 

1840 ല്‍ മാക്മില്ലന്‍ ആണ് സൈക്കിള്‍ പരിഷ്കരിക്കുന്നത്. വേഗം കൂട്ടാന്‍ വണ്ടിയുടെ മുന്‍ചക്രവുമായി ഒരു പെഡല്‍ ഘടിപ്പിച്ചു എന്നതാണ് മാക്മില്ലന്റെ നേട്ടം. 1874 ല്‍ ഇന്ന് നാം കാണുന്ന തരം സേഫ്‌റ്റി ബൈസൈക്കിള്‍ പ്രചാരത്തില്‍ വന്നു. ഇംഗ്ലണ്ടിലെ എച്ച് ജെ ലോസന്‍ എന്നയാളാണ് ഇതിന് പിന്നില്‍. ഒരേ വലിപ്പമുള്ള ചക്രങ്ങളും ഇരിപ്പിടവും ഇതിന്റെ പ്രത്യേകതയായിരുന്നു.

സൈക്കിള്‍ ഇന്ത്യയില്‍

 

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് സൈക്കിളിൽ കയറ്റിയാണ് കൊണ്ടുപോയത്

 

1905 ലാണ് ഇന്ത്യയില്‍ സൈക്കിള്‍ എത്തുന്നത്. ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. 1938 ലാണ് ഇന്ത്യ ആദ്യമായി സൈക്കിള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഇന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി സൈക്കിളുകള്‍ നിര്‍മ്മിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത് ചൈനയാണ്. രണ്ടാമത് ഇന്ത്യ.

സൈക്കിള്‍ നഗരത്തില്‍

ആധുനിക കാലത്ത് സൈക്കിളിന്റെ പ്രാമുഖ്യം കുറഞ്ഞുവന്നെങ്കിലും ഈ ജനകീയ വാഹനത്തിന്റെ പ്രാധാന്യം ഇപ്പോള്‍ തിരിച്ചറിഞ്ഞ് ലോകത്ത് പല സമ്പന്ന രാജ്യങ്ങളും സൈക്കിള്‍ സൗഹൃദരാഷ്ട്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബൈ സൈക്കിള്‍ സംസ്കാരം എന്ന പേരില്‍ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചിരിക്കുന്നു. ആളോഹരി വരുമാനം കണക്കാക്കിയാല്‍ അഞ്ചോ ആറോ വാഹനങ്ങള്‍ വാങ്ങാന്‍ കെല്പുള്ള സമ്പന്ന യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്ക് ഇന്ന് സൈക്കിള്‍ സൗഹൃദ രാഷ്ട്രമാണ്. വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ രാജ്യത്ത് പ്രതിദിനം ഇവര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നത് 12 ലക്ഷം കിലോമീറ്ററാണ്.

ജനസംഖ്യയെക്കാള്‍ സൈക്കിളുള്ള നഗരം


നെതര്‍ലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ജനസംഖ്യയെക്കാള്‍ സൈക്കിളുണ്ട്. ഏകദേശം ഒന്നര കോടി എണ്ണം വരുമിത്. ആംസ്റ്റര്‍ഡാമിന്റെ ഏത് തെരുവിലൂടെയും ട്രാഫിക് തടസമില്ലാതെ നമുക്ക് നടന്ന് പോകാം. സൈക്കിളുകള്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക സൈക്കിള്‍ പാതയുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാതയുള്ളത് ചൈനയിലാണ്. 5000 കിലോമീറ്റര്‍ നീളമുണ്ടിതിന്.

സൈക്കിള്‍ പരീക്ഷയും സൈക്കിള്‍ സ്കൂളും


നെതര്‍ലൻഡില്‍ സൈക്കിള്‍ പരീക്ഷയുണ്ട്. ഇത് ജയിച്ചാലെ ലൈസന്‍സ് കിട്ടൂ. പ്രതിവര്‍ഷം ഒരു കോടി പേര്‍ ഈ പരീക്ഷ എഴുതുന്നു. നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്കൂളുകള്‍ പോലെ സൈക്കിള്‍ സ്കൂളുമുണ്ട്. ഇവിടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ പഠിപ്പിക്കുന്നു.

ഗതാഗത കുരുക്കില്ല: വാഹനാപകട മരണവും കുറവ്


ട്രാഫിക് തടസങ്ങള്‍ കേട്ട് കേഴ്‌വി പോലുമില്ലാത്തതാണ് മിക്ക സൈക്കിള്‍ സൗഹൃദ നഗരങ്ങളും. മഹാനഗരമായ ന്യൂയോര്‍ക്ക് തിരക്ക് പിടിച്ച നഗരമായിട്ടും സൈക്കിള്‍ ജനങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെയായിരിക്കുന്നു. സൈക്കിളിനെ മാന്യതയുടെ പ്രതീകങ്ങളായി കാണുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് ചൈനയും ജപ്പാനും. ലോകത്ത് ഏറ്റവും കൂടുതല്‍ മോട്ടോര്‍ വാഹനാപകടം നടന്നിരുന്ന രാജ്യങ്ങളായിരുന്നു അടുത്തിടെ വരെ ഇവ.

നാടിന്റെ മുഖച്ഛായ മാറും


നാം സൈക്കിള്‍ യാത്രയിലേക്ക് മാറുകയാണെങ്കില്‍ നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറും. ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളത്തിന് ഇത് വലിയൊരു ശാപമോക്ഷമായിരിക്കും. എവിടെയും പാര്‍ക്ക് ചെയ്യാം എന്നുള്ളതാണ് ഇതിന്റെ ഗുണം. ഇന്നുള്ള ട്രാഫിക് പ്രശ്നങ്ങളില്‍ ബഹുഭൂരിപക്ഷവും സെെക്കിള്‍യാത്ര കാരണം കുറഞ്ഞുകിട്ടും.
സമയ ലാഭത്തെക്കുറിച്ച് ചിലര്‍ വേലാതിപ്പെടാറുമുണ്ട്. സൈക്കിളിന് മോട്ടോര്‍ വാഹനത്തിന്റെ വേഗതയില്ലല്ലോ. എന്നാല്‍ മണിക്കൂറുകളോളം ട്രാഫിക് കുരുക്കുകളില്‍ കുടങ്ങിക്കിടക്കുന്ന മലയാളി എത്രയോ സമയമാണ് അതിലേക്കായി ദിവസവും പാഴാക്കുന്നത്. ഏത് കൊച്ച് ഇടവഴിയിലൂടെയും കൊണ്ടുപോകാമെന്ന അനുകൂല സാഹചര്യം സൈക്കിളിനുണ്ട്.
റോഡിന്റെ അറ്റകുറ്റപ്പണി തീരെ കുറയുന്നതിനാല്‍ കോടിക്കണക്കിന് രൂപയായിരിക്കും അതുവഴി സര്‍ക്കാരിന് ലാഭിക്കുക. ഈ പണം മറ്റ് ക്ഷേമ പ്രവര്‍ത്തനത്തിന് നീക്കിവയ്ക്കാം.

ഐന്‍സ്റ്റീനും സൈക്കിളും


വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ ഐൻസ്റ്റീന് സ്വന്തമായി സൈക്കിളുണ്ടായിരുന്നു. അദ്ദേഹം മിക്കപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്തിരുന്നത്. തന്റെ പല കണ്ടുപിടിത്തങ്ങള്‍ക്കും സൈക്കിള്‍ യാത്ര ഉപകരിച്ചിട്ടുണ്ടെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. വിവിധ പരീക്ഷണങ്ങളില്‍ മുഴുകി തളര്‍ന്നിരിക്കുന്ന അവസരങ്ങളില്‍ സൈക്കിളില്‍ വെറുതേ ചവിട്ടിപ്പോകുമ്പോള്‍ പുതിയ ആശയങ്ങള്‍ തലയില്‍ ഉദിക്കുമത്രേ! സൈക്കിള്‍ യാത്ര ബുദ്ധിയെ പ്രചോദിപ്പിക്കുമെന്ന് പല വൈദ്യശാസ്ത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സൈക്കിളിന്റെ പിതാവിന്റെ ദയനീയ അന്ത്യം
അവസാനം ഇത്രയും കൂടി അറിയുക. സൈക്കിളിന്റെ പിതാവായ കാള്‍ വോന്‍‍ ഡ്രൈസിന്റെ അന്ത്യം ദയനീയമായിരുന്നു.
മരച്ചട്ടത്തില്‍ രണ്ട് ചക്രങ്ങള്‍ ഘടിപ്പിച്ച സൈക്കിളില്‍ പച്ചക്കോട്ടും വലിയ തൊപ്പിയും വച്ച് തെരുവിലൂടെ ഡ്രൈസ് ആദ്യമായി യാത്ര ചെയ്തപ്പോള്‍ പലരും അദ്ദേഹത്തെ കൂകിവിളിച്ചു. ഭ്രാന്തനെന്ന് പറഞ്ഞു. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലധികാരി ഡ്രൈഡിനെ ധിക്കാരിയെന്ന് മുദ്രകുത്തി. പിന്നീട് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പാവപ്പെട്ടവന്റെ വാഹനം കണ്ടുപിടിച്ച ഇദ്ദേഹത്തിന് അവഗണന മാത്രമാണ് കിട്ടിയത്. 1851ല്‍ പട്ടിണി കിടന്നാണ് കാള്‍ വോന്‍‍ ഡ്രൈഡ് മരിച്ചത്. 1821 ല്‍ ടൈപ്പ്റൈറ്റര്‍ മെഷീൻ കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. സ്റ്റെനോഗ്രാഫിക് മെഷീൻ, ഇറച്ചിവെട്ട് യന്ത്രം തുടങ്ങി പല കണ്ടുപിടിത്തങ്ങളും നടത്തിയ ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

ENGLISH SUMMARY:‘Cycle’ leads world to speed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.