Janayugom Online
cyclone

കൊട്ടാരക്കരയില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; വ്യാപക കൃഷിനാശം

Web Desk
Posted on July 13, 2018, 9:44 pm

കൊട്ടാരക്കര: നെടുവത്തൂര്‍ വെണ്മണ്ണൂര്‍ കോയിത്തല ഭാഗങ്ങളില്‍ വ്യാപക നാശം വിതച്ച്ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വീശിയ കാറ്റില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും നാലു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. നൂറുക്കണക്കിനു റബ്ബര്‍, തേക്ക്, പ്ലാവ്, മാവ് മരങ്ങള്‍ കടപുഴകി .പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകമായ കാര്‍ഷികനാശം ഉണ്ടായിട്ടുണ്ട്. ഏഴേക്കറോളം വരുന്ന ഏലായിലെ കൃഷിക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. സുരേന്ദ്രഭവനില്‍ സുരേന്ദ്രന്‍, ആദര്‍ശ് ഭവനില്‍ ആദര്‍ശ്, അശ്വനി ഭവനില്‍ ബൈജു എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തര്‍ന്നത്. ബൈജുവിന്റെ വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂര കാറ്റില്‍ പൂര്‍ണ്ണമായും പറന്നു പോയി. വിജയഭവനത്തില്‍ വിജയന്റെ വീടിനു മുകളില്‍ മരം വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കുടംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപെട്ടു. സന്തോഷ് ഭവനില്‍ ഉഷയുടെ വീടിനു മുകളിലും മരം വീണു. രഞ്ജുഭവനില്‍ പ്രശാന്തിന്റെ വീട്ടിലെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ചാലുവിള വീട്ടില്‍ സരസമ്മയുടെ വീടിന്റെ ഷീറ്റുകള്‍ പറന്നു പോയി. കല്പകവാടിയില്‍ ബാലകൃഷ്ണപിള്ളയുടെ നൂറിലധികം റബ്ബര്‍മരങ്ങളും മറ്റുമരങ്ങളും നശിച്ചു. ഇലഞ്ഞിക്കോട് കാഞ്ഞിരവിളയില്‍ ലീലാമ്മയുടെ കൃഷിയിടത്തിലെ റബ്ബര്‍മരങ്ങള്‍ നശിച്ചു. നിരവധിയാളുകളുടെ കൃഷയിടങ്ങളില്‍ നാശമുണ്ടായി. വയലുകളിലെ വാഴകളും മറ്റു കൃഷികളും മൊത്തമായി നശിച്ചു. വയലിറക്കത്തു വീട്ടില്‍ ജോളിമോന്റ വയലിലെ വാഴകള്‍ നശിച്ചു.
വലിയ മുഴക്കത്തോടെയാണ് കാറ്റ് വീശിയതെന്ന് നാട്ടുകാര്‍ പറയുന്നു. തേക്കും പ്ലാവും തെങ്ങുകളുമെല്ലാം കുറച്ചു നേരം മാത്രം നീണ്ടു നിന്ന കാറ്റില്‍ കടപുഴകി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ വൈദ്യുതി വിതിരണം നിലച്ചു. അയിഷാപോറ്റി എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. തഹസില്‍ദാര്‍ ബി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു പ്രദേശത്തുണ്ടായ നഷ്ടം വിലയിരുത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി.മോഹനകുമാരന്‍ നായര്‍, വില്ലേജോഫീസര്‍ ഗിരികുമാര്‍, സ്‌പെഷ്യല്‍ വില്ലേജോഫീസര്‍ സുനില്‍.എന്‍.എസ്. എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.