June 26, 2022 Sunday

പൗരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യ ചങ്ങല: ഡി രാജയും ബിനോയ് വിശ്വവും പൊലീസ് കസ്റ്റഡിയിൽ

By Janayugom Webdesk
January 30, 2020

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി, അതുൽ കുമാർ അഞ്ജാൻ എന്നിവരുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തു.

ഭരണഘടനയെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഇടതു മതേതര പ്രസ്ഥാനങ്ങൾ ഒരാഴ്ചയായി നടത്തിവരുന്ന ക്യാമ്പെയിന്റെ അവസാന ദിവസമായ ഇന്നലെ ഗാന്ധി രക്തസാക്ഷിദിനത്തിൽ രാജ്യതലസ്ഥാനത്ത് മനുഷ്യച്ചങ്ങള തീർക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയുമാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്ഘട്ടിൽ നിന്ന് തുടങ്ങി ശാന്തിവൻ, ചെങ്കോട്ട, ജുമാമസ്‌ജിദ്, ദരിയാഗഞ്ച് വഴി രാജ്ഘട്ടിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മനുഷ്യച്ചങ്ങല് തീർക്കാൻ തീരുമാനിച്ചിരുന്നത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, കർഷഖർ, തൊഴിലാളികൾ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട പതിനായിരങ്ങൾ പങ്കെടുത്ത മനുഷ്യച്ചങ്ങല തീർത്ത ശേഷം രാജ്ഘട്ടിൽ ഡി രാജ സംസാരിച്ചു തുടങ്ങിയപ്പോഴായിരുന്നു പൊലീസ് അറസ്റ്റുണ്ടായത്. നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. അകാരണമായി അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. സന്ധ്യയോടെയാണ് നേതാക്കളെയും പ്രവർത്തകരെയും വിട്ടയച്ചത്.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അതുൽ കുമാർ അഞ്ജാൻ എന്നിവരുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. അകാരണമായി അറസ്റ്റ് ചെയ്ത നടപടിയും നേതാക്കളെയും പ്രവർത്തകരെയും അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റിയതും അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾകൊണ്ട് ജനങ്ങളുടെ മുന്നേറ്റത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് മോഡി — ഷാ ദ്വയങ്ങൾ മനസിലാക്കണമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്കി.

Eng­lish Sum­ma­ry: D raja and binoy viswam under arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.