ഇന്ത്യയിൽ ആഭ്യന്തരയുദ്ധത്തിന് സമാനമായ അവസ്ഥ: ഡി രാജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം

Posted on October 29, 2019, 9:57 am

ഇന്ത്യ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവർത്തകയൂണിയനും കേസരി ട്രസ്റ്റും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ പ്രശ്നങ്ങൾ സൃഷ്ടിച്ച് ജനാധിപത്യത്തെ ചവിട്ടി മെതിച്ചുകൊണ്ടാണ് രണ്ടാം മോഡി സർക്കാര്‍ മുന്നോട്ട് പോകുന്നത്. ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ കടുത്ത വെല്ലുവിളി ഉയർത്തി തികച്ചും ജനവിരുദ്ധ നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. ഭരണഘടനയ്ക്കു മേൽ വൻ അതിക്രമങ്ങളാണ് മോഡി നടത്തുന്നതെന്ന് ഡി രാജ പറഞ്ഞു. ബിജെപിയും ആർഎസ്എസും ഹിന്ദുത്വ അജണ്ടയ്ക്ക് വേണ്ടി രാജ്യത്ത് നുണകള്‍ പരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്.

” ഇന്ത്യ, ഹിന്ദുസ്ഥാൻ, ഹിന്ദുരാഷ്ട്രം” എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനു വേണ്ടി അക്രമങ്ങൾ അഴിച്ചുവിട്ട് രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ആർട്ടിക്കിൾ 371ഉം താൽക്കാലികമാണെന്നിരിക്കെ 370നെ തന്നെ ഉന്നം വച്ചത് ബിജെപിയുടെ പ്രത്യേക താൽപര്യം വെളിവാക്കുന്നുണ്ട്. കശ്മീരിനു മേൽ കടുത്ത ജനാധിപത്യ ധ്വംസനമാണ് മോഡി സർക്കാർ നടത്തിയത്. ജനതയെ തോക്കിൻ മുനയില്‍ നിർത്തി അവരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി.

അവരുടെ മൗനം ആധിപത്യം നേടാനുള്ള സമ്മതമായി വ്യാഖ്യാനിച്ച് യഥാർത്ഥസ്ഥിതികൾ മറച്ചുപിടിച്ച് കള്ളങ്ങളിലൂടെ മുന്നിലേക്ക് വഴി തെളിക്കുകയാണ് മോഡി സർക്കാർ ചെയ്തതെന്ന് രാജ പറഞ്ഞു. ഹിന്ദുത്വ അജണ്ടയുടെ മറ്റൊരു കുതന്ത്രമായിരുന്നു പൗരത്വ രജിസ്റ്റർ. പൗരത്വ രജിസ്റ്ററിലൂടെ ജനതയെ ഇരുതട്ടുകളിലാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. അസമിലെ പോലെ മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റർ കൊണ്ടുവരാൻ കേന്ദ്രം പരിശ്രമിക്കുകയാണ്. മോഡി സർക്കാരിന്റെ ദുർഭരണം രാജ്യത്തിന്റെ സമാധാനത്തെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തകിടം മറിച്ചു. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. തൊഴിലില്ലായ്മ രൂക്ഷമായി, ജിഡിപി നിരക്ക് കുത്തനെ ഇടിഞ്ഞു. എന്നിട്ടും രാജ്യത്തിന്റെ അഭിവൃദ്ധി കോർപ്പറേറ്റുകളിലൂടെയാണ് എന്ന നയത്തിലൂടെ കോർപ്പറേറ്റുകൾക്ക് സേവ ചെയ്യുകയാണ് മോഡി.

സുപ്രീം കോടതി തങ്ങളുടേതാണ് എന്ന് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി പറഞ്ഞതും അയോധ്യയെക്കുറിച്ച് ഇപ്പോൾ പ്രധാനമന്ത്രി സംസാരിക്കുന്നതുമൊക്കെ കൂട്ടി വായിക്കുമ്പോൾ സ്വതന്ത്ര നിയമവ്യവസ്ഥയിൽ പോലും ഫാസിസ്റ്റ് നയങ്ങൾ കുത്തിത്തിരുകി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപി എന്നുകാണാം. ലാത്തൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ നോട്ടയുടെ എണ്ണം രണ്ടാം സ്ഥാനത്തെത്തിയതും, ഹരിയാനയിൽ ഏഴു മന്ത്രിമാർ പരാജയപ്പെട്ടതും ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനം പ്രതികരിക്കുന്നതിന് സൂചനയാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ വിഭാഗങ്ങൾ പ്രക്ഷോഭം നടത്തുന്നുണ്ടെന്നും ദേശീയ തലത്തിൽ ഇടത് പാർട്ടികൾ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും രാജ പറഞ്ഞു. പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സെക്രട്ടറി ആർ കിരൺബാബു സ്വാഗതം പറഞ്ഞു.