Janayugom Online
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ദീപശിഖ സ്ഥാപിക്കുന്നു. ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്

വയലാർ രക്തസാക്ഷികൾക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി: വാരാചരണത്തിന് കൊടിയിറങ്ങി

Web Desk
Posted on October 27, 2019, 10:30 pm

ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക ജീവിതം ഉടച്ചുവാര്‍ക്കാന്‍ ഹൃദയരക്തം നല്‍കിയ വയലാര്‍ രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി. 73 ആണ്ടുകള്‍ക്ക് മുമ്പ് വരുംതലമുറയുടെ ഭാവി ശോഭനമാക്കുവാന്‍ നിറതോക്കുകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങളായ രണധീരന്മാരുടെ തുടിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ ഒരു നാടാകെ വയലാര്‍ സമരഭൂമിയിലേയ്ക്ക് ഒഴുകിയെത്തി.
ജന്മിത്വത്തിന്റെ കരാളതയ്ക്കും ദിവാന്‍ഭരണത്തിന്റെ കെടുതികള്‍ക്കും എതിരെ ജീവന്‍കൊടുത്തും പോരാടിയ വയലാര്‍ രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അഴിമതി മുഖ്യതൊഴിലാക്കി സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യവൃത്തി ചെയ്യുന്ന കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടുമെന്ന് വയലാര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ പ്രതിജ്ഞ ചെയ്തു.
ഐക്യ കേരളമെന്ന മലയാളികളുടെ സ്വപ്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിയ പോരാളികളെ സ്മരിക്കാന്‍ സമരസേനാനികളും കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമെല്ലാം പുഷ്പ ചക്രവുമായാണെത്തിയത്. ഇതോടെ സി എച്ച് കണാരൻ ദിനത്തില്‍ ആരംഭിച്ച പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന് ഇന്നലെ കൊടിയിറങ്ങി.
പുന്നപ്ര വയലാര്‍ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ മന്ത്രി ജി സുധാകരനും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സമരസേനാനി കെ കെ ഗംഗാധരനും തെളിയിച്ച് നല്‍കിയ ദീപശിഖകള്‍ അത്‌ലറ്റകൾക്ക് കൈമാറി വയലാര്‍ സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചു. പുഷ്പങ്ങള്‍ അര്‍പ്പിച്ചും കതിനാവെടി മുഴക്കിയും അഭിവാദ്യമര്‍പ്പിച്ചും വഴിനീളെ പതിനായിരങ്ങള്‍ ദീപശിഖാ റിലേയെ സ്വീകരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ദീപശിഖകള്‍ ഏറ്റുവാങ്ങി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിച്ചു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, സിപിഐ(എം) പോളിറ്റ്ബ്യുറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പുരുഷോത്തമൻ, പി പ്രസാദ്, സെക്രട്ടറി ടി ജെ ആഞ്ചലോസ്, ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, എ എം ആരിഫ് എംപി, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

അനശ്വര കവി വയലാറിനെയും അനുസ്മരിക്കാൻ ആയിരങ്ങളാണ് രാഘവപറമ്പിലും രക്തസാക്ഷി മണ്ഡപത്തിലും ഒഴുകിയെത്തിയത്. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, എ എം ആരിഫ് എംപി, പി കെ മേദിനി തുടങ്ങിയവർ സംസാരിച്ചു. വയലാർ രാഘവപ്പറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കവിസമ്മേളനം വി എസ് ബിന്ദുവും അനുസ്മരണ സമ്മേളനം തിരക്കഥാകൃത്ത് ജോൺപോളും ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ ബാലചന്ദ്രൻ അധ്യക്ഷനായി. ഇപ്റ്റ, യുവകലാ സാഹിതി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവർ ചേർന്നാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.