December 3, 2022 Saturday

Related news

November 12, 2022
October 28, 2022
October 27, 2022
October 19, 2022
October 18, 2022
October 18, 2022
October 15, 2022
October 15, 2022
October 14, 2022
October 3, 2022

ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ക്ക് ദേശീയതലത്തില്‍ പ്രാധാന്യമുയര്‍ന്നു: ഡി രാജ

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 1:38 pm

ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സിപിഐ 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആശയപരമായ ഏകീകരണം കൈവരിക്കണം. ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മയും ശക്തിപ്പെടണം. പ്രാദേശിക പാർട്ടികൾക്ക് അതിൽ വലിയ പങ്കുണ്ട്. പ്രാദേശിക പാർട്ടികൾ മതേതര പുരോഗമന ശക്തികൾക്കൊപ്പം അണിചേരണം. തമിഴ്നാട് അതിന്  ഉദാഹരണമാണ്. ഇപ്പോൾ ബിഹാറിൽ നിതീഷ് കുമാർ സമാനമായി ചിന്തിക്കുന്നു. മറ്റ് പ്രാദേശിക മതേതര കക്ഷികൾ ഇതു മാതൃകയാക്കണം. കോൺഗ്രസ് പാർട്ടി അവരുടെ സാമ്പത്തിക നയങ്ങൾ തിരുത്തി മതേതര ഇടതു പുരോഗമന ശക്തികൾക്കൊപ്പം അണി ചേരട്ടെ.

ഇടതുപക്ഷം ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ ഐക്യവും കരുത്തുമാർജിച്ചേ ലക്ഷ്യത്തിലേക്കെത്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയം വച്ചുകൊണ്ട് കമ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കരുത്ത് കുറച്ചു കാണരുത്. ഇടതുപക്ഷ കാഴ്ചപ്പാടുകൾക്ക് മുൻപില്ലാത്ത വ്യാപ്തി ദേശീയ തലത്തിലുണ്ട്. പക്ഷേ, അത് വോട്ട് ആകുന്നില്ല. കമ്മ്യൂണിസം അപകടവും കാട്ടുതീയുമാണെന്ന മോഡിയുടെ വാക്കുകൾ തന്നെ ഈ പ്രസ്ഥാനത്തിന്റെ കരുത്ത് പ്രഖ്യാപിക്കുന്നുണ്ട്. ഓരോ കമ്മ്യൂണിസ്റ്റുകാരനും ഈ പാർട്ടി അവരുടെ അമ്മയാണ്, മറക്കരുത്! ഇന്നിന്റെ മാത്രമല്ല നാളെയുടെയും കരുത്ത് ഈ ചെങ്കൊടിയാണെന്നും ഡി രാജ പറഞ്ഞു. 24 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ നടക്കുകയാണ്. വിജയവാഡയില്‍ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കേരളത്തിന് ശേഷം ഛത്തീസ്ഗഡിലും സംസ്ഥാന സമ്മേളനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കുകൊണ്ട കേരളത്തിലെ പോരാളികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉദ്ഘാടനപ്രസംഗം തുടങ്ങിയത്. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷവും കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ ചൂഷണങ്ങള്‍ക്കുനേരെയും കേരളം പോരാടി. കേരളത്തിലാണ് ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപംകൊള്ളുന്നതും. നാം കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം ജാതീയതക്കെതിരെയും സാമ്പത്തിക ചൂഷണത്തിനെതിരെയുമാണ്. പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടമാണിത്. നമുക്കതില്‍ വിജയിക്കാന്‍ കഴിയും. ഇന്ത്യയുടെ ഭാവി ചെമ്പതാകയോടൊപ്പമാണ്. 24 പാര്‍ട്ടി കോണ്‍ഗ്രസ് വിശദീകരിക്കും രാഷ്ട്രീയ സാഹചര്യം അന്താരാഷ്ട്ര, ദേശീയ തലത്തില്‍ വിശദീകരിക്കും. നവലിബറ സാമ്പത്തിക പോളിസികള്‍ ലോകത്താകമാനം തകര്‍ന്ന നിലയിലാണ്. ഇത്തരം സാഹചര്യങ്ങളിലാണ് സാമൂഹിക മുന്നേറ്റങ്ങള്‍ രൂപം കൊള്ളുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ചിലിയിലും യൂറോപ്പിലും ഫ്രാന്‍സിലും ഇടത് മുന്നേറ്റങ്ങളാണ് ജനതയ്ക്ക് പിന്തുണയായിരുന്നത്. പ്രതിസന്ധിയിലായ മനുഷ്യര്‍ ബദല്‍ അന്വേഷിക്കുകയാണ്. സോഷ്യലിസം എന്ന ബദലാണ് ആഗോള തലത്തില്‍ ജനങ്ങള്‍ തേടുന്നത്. ഇന്ന് നാം റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് തുടര്‍ന്നുപോയാല്‍ ഏറ്റവും മാരമായ ആണയുദ്ധത്തിലേക്ക് കടന്നേക്കുമെന്നാണ് ആശങ്കയിലാണ് ലോകം. യുദ്ധം ഒഴിവാക്കണമെന്നും ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ മാര്‍ഗം കാണണമെന്നും ഇടത് പക്ഷം വ്യക്തമാക്കി. നാറ്റോയാണ് യുദ്ധത്തിന് പിന്നിലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വ്യക്തമാക്കി. ഇത്തരം സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വവും നാറ്റോയാണ്.

ആരാധ്യമായ നേതൃത്വമെന്ന് വാഴ്ത്തി വീരപുരുഷ പരിവേഷം ചാർത്തി മോഡി എന്ന ഏകാധിപതിയെ സൃഷ്ടിച്ച് സ്വേച്ഛാധികാരത്തിലേക്കും ഫാസിസത്തിലേക്കും രാജ്യത്തെ വലിച്ചിഴക്കുകയാണ് സംഘപരിവാറും ബിജെപിയും. ഇതിന് അനിവാര്യമായ മമതനിരപേക്ഷ ജനാധിപത്യ വേദിയുടെ നിര്‍മ്മിതിക്ക് ഇടതു കക്ഷികളുടെ ഫലപ്രദമായ ഏകോപനം ഉണ്ടാകണം. വര്‍ത്തമാന ചരിത്രം ഇതാവശ്യപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണവും ഗൗരമായ ചിന്തയ്ക്ക് വിഷയമാക്കണം. മതേതര ജനാധിപത്യ കക്ഷികളുടെ പൊതുവേദി പരസ്പരം ഉള്‍ക്കൊള്ളുന്നതും വിശ്വസ്തപുലര്‍ത്തുന്നതുമാകണം. പ്രാദേശിക പാര്‍ട്ടികളുടെ പങ്കാളിത്തവും നിര്‍ണായകമാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ ചില പ്രാദേശിക പാര്‍ട്ടികള്‍ അവസരങ്ങള്‍ക്കൊപ്പം നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കുന്നു. പക്ഷെ, രാജ്യസ്വാതന്ത്രം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിൽ ഇടതുപക്ഷം ചരിത്രദൗത്യം നിറവേറ്റുക തന്നെ ചെയ്യും ഡി രാജ വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലില്ലാത്തവിധം രൂപയുടെ മൂല്യം തകര്‍ന്നു. രൂപയുടെ മൂല്യവും രാജ്യത്തിന്റെ അഭിമാനവും കൂട്ടിവരച്ച് ഏറെ വാചാലനായിരുന്ന മോഡി ഇപ്പോള്‍ രാജ്യാഭിമാനത്തിന്റെ ദു:സ്ഥിതിയില്‍ മറുപടി പറയണം, ഡി രാജ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നല്‍കുന്ന ക്ഷേമരാജ്യമെന്ന ഉത്തരവാദിത്തത്വത്തില്‍ നിന്ന് മോഡി ഭരണകൂടം ഒളിച്ചോടിയിരിക്കുന്നു. നശീകരണ നടപടികളിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണവും ഉയര്‍ത്തുന്ന അവകാശങ്ങളും ഇല്ലാതാക്കുന്നു. വന്യമായ കാട്ടുതീയെന്ന് കമ്മ്യൂണിസത്തെ വിശേഷിപ്പിച്ച മൊഡി ചെങ്കൊടിയെ വല്ലാതെ ഭയപ്പെടുകയാണ്. കമ്മ്യുണിസ്‌റ്റുകൾ മുഖ്യ ശത്രുക്കൾ എന്ന മോഡിയുടെ പ്രഖ്യാപനം ഇതിൽ നിന്നാണ്. രാജ ചൂണ്ടിക്കാട്ടി കോൺഗ്രസ്‌, പ്രതിപക്ഷ മുക്ത ഭാരതം പറഞ്ഞുനടന്നിരുന്നവർ ഇപ്പോൾ കമ്മ്യുണിസ്‌റ്റുകാരാണ്‌ മുഖ്യശത്രുക്കളെന്ന്‌ തുറന്നു പറഞ്ഞിരിക്കുന്നു. കമ്മ്യുണിസം അപകടകരമായ ആശയമാണെന്നാണ്‌ മോ‍ഡി പറയുന്നത്‌. അത്‌ വന്യമായ കാട്ടുതീയാണെന്നും ആളിപടരുകയാണെന്നും ഈ അപകടത്തെകുറിച്ച്‌ മനസിലാക്കിയിരിക്കണമെന്നും ഉപദേശിക്കുന്നു. ആർഎസ്‌എസിനും ബിജെപിക്കും വെല്ലുവിളി കമ്മ്യുണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽനിന്നാണ്‌ ഇത്തരം ഭയാശങ്ക. മോഡിക്കും സംഘപരിവാറിനും‌ കമ്മ്യുണിസം അപകടകരമായ ആശയമാകും. കാരണം അത്‌ അധ്വാനിക്കുന്നവന്റെ ആശയമാണ്.

നവഉദാരവത്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കിയ കോണ്‍ഗ്രസിന് ഇനിയും ഇന്നത്തെ നിലയില്‍ തുടരാനാകില്ല. നെഹ‍ൃവിയന്‍ സാമ്പത്തിക നയങ്ങളുടെ വീണ്ടെടുപ്പും ഉദാരവത്കണ നയങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങലും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവർ‌ മുന്നോട്ടുവച്ചതും തുടക്കമിട്ടതുമായ നവ ഉദാരവത്‌കരണ നയങ്ങളാണ്‌ ബിജെപി അതിതീവ്രമായി നടപ്പാക്കുന്നത്‌. ഈ നയം ഇതേ നിലയിൽ തുടരണമോ എന്നതിൽ കോൺഗ്രസ് നിലപാട്‌ വ്യക്തമാക്കണം. പൊതുമേഖലയ്‌ക്ക്‌ മുഖ്യപങ്കുള്ള സാമ്പത്തിക നയമാണ്‌ നാടിന്‌ ആവശ്യമെന്ന്‌ തുറന്നു പറയണം. നിലവിലെ സാഹചര്യങ്ങൾ മനസിലാക്കിയുള്ള നയമാറ്റമാണ്‌ കോൺഗ്രസിൽനിന്ന്‌ രാജ്യം പ്രതീക്ഷിക്കുന്നത്‌, അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ നിലകൊണ്ട് അവരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളെ നയിക്കാനാകണം. ഇതിനുള്ള ആയുധമാകണം പാര്‍ട്ടി. നിരന്തര നവീകരണവും സാധ്യമാകണം, ഡി രാജ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.