കോർപ്പറേറ്റ് അനുകൂലവും പാവപ്പെട്ടവര്ക്കെതിരെയും കർഷക വിരുദ്ധവുമാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. ബജറ്റിലെ നിർദേശങ്ങൾ നിരാശാജനകവും പ്രതിഷേധാർഹവുമാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നതുപോലെ സർക്കാരും പ്രതിസന്ധിയിലാണെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. സർക്കാർ തങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയും ആഭ്യന്തര സ്വകാര്യമേഖലയുടെയും വിദേശ നിക്ഷേപകരുടെയും വൻതോതിലുള്ള പങ്കാളിത്തത്തിന് വേണ്ടി നിലക്കൊള്ളുകയും ചെയ്യുന്നുവെന്ന ലജ്ജാകരമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിറഞ്ഞുനില്ക്കുന്നത്.യഥാർത്ഥത്തിൽ ഇത് സ്വകാര്യവൽക്കരണത്തിനുള്ള ബജറ്റാണെന്നും റെയിൽവേ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം എന്നിവയുൾപ്പെടെ എല്ലാം പൊതു — സ്വകാര്യ പങ്കാളിത്തോടെ ചെയ്യാനാണ് നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഐസിയുടെ ഓഹരികൾ വിൽക്കുമെന്നത് മറ്റൊരു പിന്തിരിപ്പൻ പ്രഖ്യാപനമാണ്. നടപ്പുസാമ്പത്തിക വർഷത്തെ ഭക്ഷ്യ സബ്സിഡിയുടെ യഥാർത്ഥ ചെലവ് നിലവിലെ ബജറ്റിൽ 75,000 കോടി രൂപയായി കുറച്ചു. 5 ട്രില്യൺ സമ്പദ്വ്യവസ്ഥയെന്ന അവകാശവാദം ഒരു ദിവാസ്വപ്നവും വ്യക്തിഗത ആദായ നികുതി ഇളവുകളുടെ അഞ്ച് സ്ലാബ് രീതിയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം യാഥാർത്ഥ്യബോധമില്ലാത്തതുമാണ്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും അവരുടെ ദുരിതം തുടരുകയാണ്. രാജ്യത്തെ ദശലക്ഷക്കണക്കിന് തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതീക്ഷിക്കാവുന്ന ഒന്നും ബജറ്റിലില്ല. പട്ടികജാതി, പട്ടികവർഗ്ഗക്കാർ, മറ്റ് ദരിദ്ര വിഭാഗങ്ങൾ എന്നിവരുടെ ബജറ്റ് വിഹിതം തീർത്തും അപര്യാപ്തമാണ്. സ്വമേധയാലുള്ള തോട്ടിപ്പണി അവസാനിപ്പിക്കുന്നതിന് സാങ്കേതികവിദ്യ കൊണ്ടുവരുമെന്ന നിർദ്ദേശം അവ്യക്തമാണ്. വിദ്യാഭ്യാസത്തിനും മറ്റ് സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കും ബജറ്റിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. റവന്യു വരുമാനം നേടുന്നതിന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കാനാണ് സർക്കാർ ധൃതിപിടിക്കുന്നത്. അതുവഴി സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ് തകർക്കപ്പെടുന്നത്. അതേസമയം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സർക്കാർ വൻ ഇളവുകൾ നൽകുന്നുമുണ്ടെന്ന് രാജ അഭിപ്രായപ്പെട്ടു.
English Summary: Budget against the poor and in favor of corporate
YOU MAY ALSO LIKE THIS VIDEO