റെജി കുര്യന്
ന്യൂഡല്‍ഹി: കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും വേണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അസംബ്ലി പാസ്സാക്കിയ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തെരഞ്ഞെടുക്കപ്പെട്ട അസംബ്ലികളുമുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ശരിയായ സഹകരണംവേണം. കേന്ദ്രം നിയമങ്ങള്‍ പാസ്സാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ അതുമായി യോജിച്ചുപോകണം. എന്നാല്‍ സിഎഎ പോലുള്ള വിഷയങ്ങളില്‍ പലസംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്.
സംസ്ഥാനങ്ങള്‍ കേന്ദ്ര നിലപാടിനെ അംഗീകരിക്കുന്നില്ലെങ്കില്‍, കേന്ദ്രം സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ശക്തമായ കേന്ദ്രവും അശക്തമായ സംസ്ഥാനങ്ങളും ഇവിടെ അപ്രായോഗികമാണ്. സംസ്ഥാനങ്ങളും കേന്ദ്രവും ഒരുപോലെ ശക്തിപ്പെടണം. സംസ്ഥാനങ്ങളുടെ ഇക്കാര്യത്തിലെ കാഴ്ചപ്പാട് എന്താണെന്നു കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ഡി രാജ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരളം പാസ്സാക്കിയ പ്രമേയം പാര്‍ലമെന്റിന്റെ വിശേഷാധികാരത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി ബിജെപി അംഗം ജി വി എല്‍ നരംസിംഹറാവു രാജ്യസഭാ ചെയര്മാന് എം വെങ്കയ്യാ നായിഡുവിന് അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് പാര്‍ലമെന്റിന്റെ പ്രിവിലേജിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്, എന്നാല്‍ അസംബ്ലിയുടെ വിശേഷാധികാരത്തെയും അവകാശത്തെയും ആര്‍ക്കാണ് ചോദ്യം ചെയ്യാനാകുക എന്നായിരുന്നു രാജയുടെ മറുപടി.
English Summary: D Raja says that the Central government should consider and cooperate with the needs of the States.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.