കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഡി രാജ അമിത് ഷായ്ക്ക് കത്തയച്ചു

Web Desk
Posted on August 13, 2019, 8:43 pm

ന്യൂഡല്‍ഹി: കശ്മീരിലെ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം കശ്മീരില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ഥികള്‍ തന്നെ വന്ന് കണ്ട് സഹായം അഭ്യര്‍ഥിച്ചെന്നും അദ്ദേഹം മന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവരില്‍ ചിലര്‍ക്ക് ഭീഷണിയുണ്ടെന്നും അരക്ഷിതാവസ്ഥയിലാണ് തങ്ങളെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ജനാധിപത്യാവകാശങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാവശ്യവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ മാതാപിതാക്കളുമായി ബന്ധപ്പെടാനാകുന്നില്ലെന്നും അവര്‍ പറഞ്ഞു. താഴ്‌വരയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഇവരില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. താനും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയെങ്കിലും വിമാനത്താവളത്തില്‍ തങ്ങളെ തടയുകയായിരുന്നു.

തങ്ങളുടെ സന്ദര്‍ശന വിവരം മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചിട്ടും വിമാനത്താവളത്തില്‍ തടഞ്ഞത് ജനാധിപത്യാവകാശ ലംഘനമാണെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കശ്മീരിലെ വിദ്യാര്‍ഥികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.