രാജ്യത്ത് ബദല്‍ സര്‍ക്കാര്‍ രൂപപ്പെടും: ഡി രാജ

Web Desk
Posted on April 05, 2019, 10:30 pm

തൃശൂര്‍: ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് ബദല്‍ സര്‍ക്കാര്‍ രൂപപ്പെടുമെന്ന് സിപിഐ ദേശീയസെക്രട്ടറി ഡി രാജ. മോഡിയെ മാറ്റി മതേതര സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഒരുതവണകൂടി മോഡി അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ 67 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ബദല്‍ സര്‍ക്കാരുണ്ടാകുന്നത് വ്യക്തമായ അജണ്ടയുടെ അടിസ്ഥാനത്തിലാകും. മുമ്പ് 96–97 ല്‍ ദേവെഗൗഡ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയായത്. ഇത്തരം സാധ്യതകള്‍ ഇനിയുമുണ്ടായേക്കാമെന്നും ആരു നയിക്കണമെന്ന ചര്‍ച്ച തെരഞ്ഞെടുപ്പിനു ശേഷമേ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. മതേതര സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷം ഒന്നാകെ പോരാടുമ്പോള്‍ കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദീര്‍ഘവീക്ഷണമില്ലാത്തതാണ്.

ഇടതുപക്ഷത്തെ വിമര്‍ശിക്കില്ലെന്ന രാഹുലിന്റെ നിലപാട് അദ്ദേഹത്തിന്റെ അസ്വസ്ഥതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇക്കാര്യത്തിലുയരുന്ന ചോദ്യത്തിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ലജ്ജാകരമാണ്. മതേതര കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കുന്നതായി കോണ്‍ഗ്രസ് നീക്കം.
രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് നരേന്ദ്രമോഡി ഭരിക്കുന്നത്. പാര്‍ലമെന്റിലും പാര്‍ലമെന്റിനു പുറത്തും ഒരു ചര്‍ച്ചക്കും തയാറല്ല. വര്‍ഷത്തില്‍ 100 ദിവസമെങ്കിലും പാര്‍ലമെന്റ് പ്രവര്‍ത്തിക്കണം. ഇപ്പോള്‍ അതല്ല സ്ഥിതി. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ താല്‍പര്യവുമില്ല. എത്ര മണിക്കൂര്‍ മോഡി പാര്‍ലമെന്റില്‍ ഇരുന്നുവെന്നു നോക്കിയാല്‍ മതി.

വിദേശയാത്ര നടത്താനാണ് അദ്ദേഹത്തിനു താല്‍പര്യം. മോഡി ആര്‍മിയല്ല, ഇന്ത്യന്‍ ആര്‍മിയാണ് രാജ്യത്തിന്റേത്. ബഹിരാകാശ നേട്ടങ്ങളും മോഡിയുടേതല്ല, രാജ്യത്തിന്റേതാണ്. ഇന്ത്യന്‍ ഭരണഘടനയെ സംഘപരിവാര്‍ ആദരിക്കുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവരെ മാവോയിസ്റ്റുകളെന്നോ രാജ്യദ്രോഹികളെന്നോ മുദ്രകുത്തുകയാണ്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് മോഡി സംരക്ഷിക്കുന്നത്. കര്‍ഷകവിരുദ്ധ, യുവജനവിരുദ്ധ, സ്ത്രീവിരുദ്ധ നീക്കമാണ് കേന്ദ്രത്തിന്റേത്. കോര്‍പ്പറേറ്റുകളില്‍നിന്നും പണം വാരിക്കൂട്ടാനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തെരഞ്ഞെടുപ്പു ബോണ്ട് ഏര്‍പ്പെടുത്തിയത്. അദ്ദേഹം ആരോപിച്ചു.
കര്‍ഷകരുടേതടക്കം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ പ്രധാനമന്ത്രി തയാറായിട്ടില്ല. പശുവിന്റെ പേരില്‍, ബീഫിന്റെ പേരില്‍, ലൗ ജിഹാദിന്റെ പേരില്‍ ഒക്കെ ദളിതരും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡോ. എം എന്‍ സുധാകരന്‍ മോഡറേറ്ററായി. പി ചിത്രന്‍ നമ്പൂതിരിപ്പാട്, കെ സത്യനാഥന്‍, കെ പി രാജേന്ദ്രന്‍, കെ കെ വത്സരാജ്, പി ബാലചന്ദ്രന്‍, ടി ആര്‍ രമേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.