ബാങ്കുകളുടെ ഉടമസ്ഥത വന്‍കിട കോര്‍പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങൾക്ക് തീറെഴുതാനുള്ള മോഡി സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കേന്ദ്രസർക്കാർ തുടർന്നുവരുന്ന കോർപ്പറേറ്റ് അനുകൂല സാമ്പത്തികനയങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ സമ്പദ്ഘടനയിൽ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിരവധി മാറ്റങ്ങളാണ് ആർബിഐയുടെ ആഭ്യന്തര സമിതി നിർദ്ദേശിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അടക്കമുള്ള ബാങ്കിങ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്സി) ബാങ്കുകളാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ളവ പരിഗണനയിലുണ്ട്.
കേന്ദ്രസർക്കാരിന്റെ പുതിയ നീക്കങ്ങൾ പിന്തിരിപ്പൻ നടപടികളായി മാത്രമേ കാണാൻ കഴിയൂ. ഇന്ത്യ സ്വതന്ത്രമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ ബാങ്കുകളെല്ലാം സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വികസന പദ്ധതികളെ പിന്തുണയ്ക്കാൻ ബാങ്കുകളൊന്നും മുന്നോട്ടുവന്നില്ല. ഈ സ്ഥിതിയിലേക്കായിരിക്കും ആർബിഐയുടെ പുതിയ ശുപാർശകൾ വീണ്ടും രാജ്യത്തെ എത്തിക്കുക. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നതും പാവപ്പെട്ടവരുടെ അധ്വാനഫലമായ പണത്തിന് സംരക്ഷകരാകുന്നതും ദേശസാൽകൃത ബാങ്കുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യബാങ്കുകൾ അവരുടെ വാണിജ്യതാല്പര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഉടമസ്ഥരുടെ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ പല ബാങ്കുകളും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അടുത്തിടെ നിരവധി സ്വകാര്യബാങ്കുകൾ തകർന്നതിൽനിന്ന് പോലും പാഠം പഠിക്കാതെ ഇത്തരം പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് ആത്മഹത്യാപരമായ നീക്കമായിരിക്കുമെന്നും ഡി രാജ അഭിപ്രായപ്പെട്ടു.
ENGLISH SUMMARY: d raja statement on bank corporates
YOU MAY ALSO LIKE THIS VIDEO