50 ലക്ഷം രൂപയിലധികം വാർഷിക വിറ്റുവരവുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ).
ഇന്ന് രാവിലെ 10 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനരികെ നടക്കുന്ന ക്ഷീരകർഷക പ്രതിഷേധജ്വാല ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിക്കും. മിൽമ ചെയർമാൻ കെ എസ് മണി, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ വി എസ് പത്മകുമാർ എന്നിവർ സംസാരിക്കും. സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഇതേ സമയത്തു തന്നെ പ്രതിഷേധ ജ്വാല തെളിയിച്ച് സമരത്തിൽ പങ്കുചേരും.
ക്ഷീരസഹകരണ സംഘങ്ങളെ ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത് ക്ഷീരകർഷകരുടെ നിലനിൽപ്പിനെ ബാധിക്കുകയും സംഘങ്ങളെ നഷ്ടത്തിലാക്കുകയും ചെയ്യുമെന്നും ഇൻകം ടാക്സ് ഒടുക്കുന്നതിൽ നിന്നും സംഘത്തിന് ഇളവ് ലഭ്യമാക്കണമെന്നും മിൽമ ആവശ്യപ്പെട്ടു.
മൊത്തം വിറ്റുവരവ് 50 ലക്ഷത്തിൽ അധികരിക്കുന്ന സംഘങ്ങൾ ടിഡിഎസ് ഒടുക്കേണ്ട സാഹചര്യമുണ്ടായാൽ അത് ഉറവിടത്തിൽ നിന്നും ഒടുക്കുന്ന സമയത്ത് സംഘത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും കർഷകർക്ക് ബോണസ് പോലും നൽകാനാവാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യും. ഇത് ക്ഷീരസഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
സഹകരണ സംഘങ്ങൾ ഇൻകം ടാക്സ് ഒടുക്കണമെന്ന സർക്കുലറിന്റെ പരിധിയിൽ നിന്നും ക്ഷീര സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ഉയർത്തി സംസ്ഥാനത്ത് മിൽമയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിൽ നിന്നുളള എല്ലാ എംപിമാർക്കും നിവേദനം നൽകുകയും ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർമാരായ വി എസ് പത്മകുമാർ, മോഹനൻപിള്ള എന്നിവർ അറിയിച്ചു.
English Summary: Dairy farmers today protest against the central government’s move to impose a tax
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.