Web Desk

കൊല്ലം

February 11, 2021, 10:12 pm

ക്ഷീരകർഷക സംഗമത്തിന് കൊല്ലത്ത് തുടക്കമായി; പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടിയത് അഭിമാനകരം: ഗവര്‍ണര്‍

Janayugom Online

ക്ഷീരകർഷകരുടെ ക്ഷേമത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാൽ ഉൽപ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ക്ഷീര കർഷക സംഗമം ഉദ്ഘാടനവും ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനവും കൊല്ലം സി കേശവൻ സ്മാരക ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു ഗവർണർ. ക്ഷീരവികസന‑മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഓൺലൈനായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രളയവും കോവിഡും അതിജീവിച്ചാണ് കേരളം പാലുല്പാദനത്തിൽ നേട്ടമുണ്ടാക്കിയത്. ഇത് ചാരിതാർത്ഥ്യമുളവാക്കുന്ന നിമിഷങ്ങളാണെന്ന് അറിയിച്ച ഗവർണർ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് പറഞ്ഞു. യുവാക്കൾ ക്ഷീര രംഗത്തേക്ക് കടന്നുവരട്ടെയെന്നും സംഗമം പുത്തൻ ആശയങ്ങൾ പങ്കിടുന്ന വേദി ആകട്ടെ എന്നും ഗവർണർ ആശംസിച്ചു.

പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടി കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന പാൽ, പൊടി ആക്കാൻ മലപ്പുറം മൂർക്കനാട് തുടങ്ങിയ പാൽപ്പൊടി യൂണിറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമാകുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. കാലിത്തീറ്റ ആക്ട് നിർമാണത്തിന് പ്രാരംഭ നടപടികളായ കാര്യവും മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയായ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് ഡോ. വർഗീസ് കുര്യൻ എന്നും കേരളത്തിൽ മാന്യമായ തുകയാണ് ക്ഷീരകർഷകർക്ക് പ്രതിലിറ്റർ പാലിന് ലഭിക്കുന്നതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ആനന്ദ് മാതൃകാ ക്ഷീരസംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് കോട്ടയം ചക്കാമ്പുഴ ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനും പരമ്പരാഗത രീതിയിലുള്ള ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് കാസർകോട് ചിറ്റാരി ക്ഷീരവ്യവസായ സംഘത്തിനും ഗവര്‍ണര്‍ സമ്മാനിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എൻ രാജൻ, കെസിഎംഎഫ്-മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു. സി കേശവൻ സ്മാരക ടൗൺഹാളിൽ രണ്ട് വേദികളിലായി നടക്കുന്ന ക്ഷീരസംഗമം നാളെ അവസാനിക്കും.

ENGLISH SUMMARY:Dairy meet begins in Kollam
You may also like this video