ദൈവദശകം നൃത്താവിഷ്‌കാരത്തിന് ഗിന്നസ് റെക്കോഡ്

Web Desk
Posted on July 11, 2019, 9:47 pm

തൃശൂര്‍: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം നൃത്താവിഷ്‌കാരത്തിന് ഏറ്റവും കൂടുതല്‍ കലാകാരികള്‍ അണിനിരന്ന മോഹിനിയാട്ടത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു. ദൈവദശകം 104 ഭാഷകളില്‍ മൊഴിമാറ്റി സമര്‍പ്പിച്ച സമ്മേളനത്തില്‍ 2018 ഏപ്രില്‍ 21 നാണ് മോഹിനിയാട്ടം കൊടുങ്ങല്ലൂര്‍ ഗവ. എച്ച് എസ്എസ് മൈതാനിയില്‍ അരങ്ങേറിയത്.

കലാമണ്ഡലം ഹൈമവതി ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തില്‍ 123 അധ്യാപകരുടെ കീഴില്‍ 1536 പേരാണ് പങ്കെടുത്തത്. സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെയായിരുന്നു പദ്ധതി.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 1200 പേര്‍ പങ്കെടുത്ത നൃത്താവിഷ്‌കാരത്തിന്റെ റെക്കോര്‍ഡ് ആണ് മറികടന്നതെന്നു ദൈവദശകം മൊഴിമാറ്റം സമാഹരണം നടത്തിയ ദൈവദശകം കൂട്ടായ്മ ചെയര്‍മാന്‍ ഗിരീഷ് ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നൃത്താവിഷ്‌കാരത്തില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ദൈവദശകം നൂറുഭാഷകളിലെ പ്രചാരണത്തിന്റെ ഭാഗമായി ബംഗളൂരൂ, ചെന്നൈ, മുംബൈ, മംഗളൂരു, ഡല്‍ഹി, യുഎഇ എന്നിവിടങ്ങളിലും നൃത്താവിഷ്‌കാരം ഒരുക്കുമെന്നു കൂട്ടായ്മ കണ്‍വീനര്‍ യു ടി പ്രേംനാഥ്, പ്രൊഫ. കെ കെ രവി, കലാമണ്ഡലം ഹൈമവതി എന്നിവര്‍ പറഞ്ഞു.