പ്രകൃതിയുടെയും പെണ്‍മയുടെയും ജീവനസംഗീതം

Web Desk
Posted on May 12, 2019, 7:48 am

പി കെ അനില്‍കുമാര്‍

വിജയശ്രീ മധുവിന്റെ ദൈവം വരുന്നുണ്ട് എന്ന കവിതാസമാഹാരം പ്രകൃതിയിലേക്കും മാതൃത്വത്തിലേക്കും മാനവികതയിലേക്കുമുള്ള അക്ഷര തീര്‍ഥാടനമാണ്. കവിത പ്രാര്‍ഥനയാണെന്ന് പറഞ്ഞ റില്‍ക്കേയുടെ വാക്കുകള്‍ ഈ കാവ്യസമാഹാരത്തെ സംബന്ധിച്ചും അന്വര്‍ഥമാണ്. ബഹുസ്വരതയുടെ ബിംബസമൃദ്ധിയും പദങ്ങളുടെ ഉചിതമായ വിന്യാസവുംകൊണ്ടാണ് ഈ കവിതകള്‍ ശ്രദ്ധേയമാകുന്നത്.
കെട്ടകാലത്തിന്റെ തെരുവുകളില്‍ മുറിവേല്‍ക്കപ്പെടുന്ന പെണ്‍മയുടെ വിലാപമാണ് പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന ദൈവം വരുന്നുണ്ട് എന്ന കവിത. സഹനത്തിന്റെ തീവഴികള്‍ താണ്ടുന്ന സ്ത്രീത്വത്തിന് കാവലാളായി ദൈവം വരുമെന്നുള്ള പ്രത്യാശയാണ് കവി വായനക്കാരനുമായി പങ്കുവയ്ക്കുന്നത്.

കാട്ടാള ജന്‍മങ്ങളാടിത്തിമര്‍ത്തിടും
മാംസവ്യാപാരങ്ങള്‍ നന്നായിത്തളിര്‍ത്തിടും
കാലത്തിനന്ത്യമാം നേരം വരുന്നുണ്ട്
പ്രാര്‍ഥന കേള്‍ക്കുന്ന ദൈവം വരുന്നുണ്ട്.
(ദൈവം വരുന്നുണ്ട്)

സ്ത്രീകള്‍ ചിത്രപ്പണികള്‍ ചെയ്ത മാംസക്കൂനകളാണെന്ന അധിനിവേശ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെയുള്ള ആഗ്നേയങ്ങളായി പെണ്‍മയുടെ ഉണ്‍മ തിരിച്ചറിയുന്ന സത്യവാങ്മൂലങ്ങളായി ഇതിലെ കവിതകള്‍ മാറുന്നുണ്ട്.

കാണുന്നോര്‍ക്കെല്ലാമേ

ചൊല്ലിക്കേളുവാന്‍
കത്തുന്ന വേനലിലാ-
യെത്ര പെണ്‍വിഷാദങ്ങള്‍
(സ്ത്രീദുഃഖം)
വിണ്ടുകീറുന്ന ഭൂമിക്കു-
ചരമഗീതം പാടുന്ന മക്കളും
സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചപ്പോള്‍
പെണ്ണെന്ന വാക്ക് ശാപമാക്കിയ
കടിഞ്ഞാണില്ലാത്ത വിശ്വവും
(നന്‍മയ്ക്കായ്)

മണ്ണിന്റെയും പ്രകൃതിയുടെയും ജീവനസംഗീതം സാരസ്വതങ്ങളിലേറ്റ് വാങ്ങാന്‍ കവിക്കു കഴിയുന്നു. പ്രപഞ്ചത്തിന്റെ ജൈവഘടന മണ്ണില്‍ വേരൂന്നിയതാണെന്നാണ് (അനന്തം) കവി പറയുന്നത്. മനുഷ്യദുര കൊന്നൊടുക്കുന്ന ഭൂമിയുടെ നിലവിളി വായനക്കാരനിലും കത്തുന്ന മുറിവാക്കുവാന്‍ കവിചേതനയ്ക്കു കഴിയുന്നു.

മരംവെട്ടു സംഘങ്ങള്‍
കൊള്ളപ്പലിശക്കാര്‍
വെട്ടിനിരത്താന്‍
മാഫിയാക്കൂട്ടങ്ങള്‍
കുന്നിന്‍പുറങ്ങള്‍
പൂക്കും മരങ്ങള്‍
നിശബ്ദസാക്ഷ്യങ്ങള്‍
നമ്മള്‍ ജീവച്ഛവങ്ങള്‍
(ജാലകക്കാഴ്ചകള്‍)

ആസന്നമരണയായ ഭൂമിക്കുള്ള അക്ഷരോദകമാണ് ‘കേഴുന്ന ഭൂമി’ എന്ന കവിത. ഒഎന്‍വിയുടെ ഭൂമിക്കൊരു ചരമഗീതം, സൂര്യഗീതം എന്നീ കവിതകളുടെ അനുരണനങ്ങള്‍ ഈ കവിതയിലുണ്ട്. പുതുനൂറ്റാണ്ടിന്റെ ദര്‍ശനമായ ഹരിത രാഷ്ട്രീയം ഈ കവിതയ്ക്ക് ഊടുംപാവും നെയ്യുന്നു.
എണ്ണിയാലൊടുങ്ങാത്ത മക്കള്‍ക്കു

വിരിമാറില്‍ പീയൂഷമാം
ജീവിതാമൃതമേകി പോറ്റി
വളര്‍ത്തുന്ന പ്രപഞ്ചസത്യം
(കേഴുന്ന ഭൂമി)

ജീവിതത്തെ സംഗീതമാക്കുന്ന പ്രണയത്തിന്റെ ആര്‍ദ്രമായ ഈണത്താല്‍ തരളിതമാണ് ദൈവം വരുന്നുണ്ട് എന്ന കവിതാസമാഹാരം. ജനിമൃതികള്‍ക്കിടയിലെ അശാന്തയാമങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരുന്ന പ്രണയം മറ്റു ചിലപ്പോള്‍ വേരിന്റെ ബന്ധനവും ചിറകിന്റെ സ്വാതന്ത്ര്യവും സമ്യക്കാവുന്ന വികാരമായും പരിണമിക്കുന്നു. ജീവിതത്തിന്റെ ഉപ്പും സംഗീതവുമായ പ്രണയം ഹൃദയഹാരിയായ അനുഭവമായി ഈ കവിതകളില്‍ മാറുന്നു.

എന്റെ മിഴിയില്‍ നിന്ന്
ബാഷ്പം പൊഴിഞ്ഞപ്പോള്‍
നീയും ഉപ്പുനീരുതീര്‍ത്ത് സന്തോഷ-
സന്താപങ്ങള്‍ വശത്താക്കി
നമ്മള്‍ പ്രണയത്തിന്റെ
പാരമ്യതയിലെത്തിയ
പ്പോഴവര്‍ ലോകത്തിന്റെ
അതിരുകള്‍ ഭേദിച്ചാത്മ
നിര്‍വൃതിയടഞ്ഞു.

ആത്മീയതയില്‍ നിന്നും പുതുകവിത അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിന്റെ ദര്‍ശനപരിസരത്തോട് വിജയശ്രീ മധുവിന്റെ ദൈവം വരുന്നുണ്ട് എന്ന കവിത സാത്മ്യം പ്രാപിക്കുന്നുണ്ട്. വരദായികേ… ദേവീ, ദേവീസ്തുതി, ദീപപ്രഭ തുടങ്ങിയ കവിതകള്‍ ഉദാഹരണം.
കേരളീയ നവോത്ഥാനത്തിന്റെ വിളക്കുമാടങ്ങളിലൊന്നായ അയ്യങ്കാളിക്കുള്ള സങ്കീര്‍ത്തനമാണ് ‘കര്‍മധീരന്‍ അയ്യങ്കാളി’ എന്ന കവിത. കീഴാളജനതയെ ജനാധിപത്യത്തിന്റെ പൊതുനിരത്തുകളിലേക്കും മണ്ണിനെ അറിവിനായുള്ള വിപ്ലവത്തിന്റെ ഭൂമികയുമാക്കിയ അയ്യങ്കാളിയെ പുതിയ കാലത്തിനു വേണ്ടി കവി ഈ കവിതയിലൂടെ വീണ്ടെടുക്കുന്നു. കല്ലുമാല സമരം, വില്ലുവണ്ടിയാത്ര, പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശം തുടങ്ങി കേരളത്തിന്റെ നവോത്ഥാനവഴിയിലെ പോരാട്ടമുദ്രിതമായ ഏടുകളെല്ലാം ഈ കവിതയില്‍ തുറക്കപ്പെടുന്നു.

നമ്മള്‍ കൊയ്യും വയലേലകളിലെ
അധികാരത്തിന്‍ ജയക്കൊടി വീശി
പ്രതിഷേധത്തിന്‍ തീപ്പൊരിയായ്
പാറിപ്പറത്തിയജയ്യനായും
(കര്‍മധീരന്‍ അയ്യങ്കാളി)

നിഷ്‌കാസിതരായ ഒരു ജനക്കൂട്ടം തെരുവിന്റെ ഒരു കോണില്‍ നിന്നും മറ്റൊരു കോണിലേക്ക് ആര്‍ത്തനാദത്തോടെ ഒഴുകുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ നിന്നും പൂക്കള്‍ക്ക് പകരം ഉരുകുന്ന ലോഹവും വെടിയുണ്ടകളും തീയും ഒലിച്ചിറങ്ങുമ്പോള്‍ എനിക്കെങ്ങനെ സൗന്ദര്യത്തെക്കുറിച്ച് പാടാന്‍ കഴിയും എന്ന പാബ്ലോ നെരൂദയുടെ വാക്കുകള്‍ വിജയശ്രീമധു അന്വര്‍ഥമാക്കുന്നുണ്ട്. നിസ്വവര്‍ഗപക്ഷത്ത് പ്രതിബദ്ധതയുടെ താരസ്വരങ്ങളുമായാണ് വിജയശ്രീമധു നില്‍ക്കുന്നത്.

നശ്വരമല്ല കര്‍ഷക
പരുക്കനൂര്‍ജ്ജവും വിജയ-
ഗാഥകളും സാഹിത്യകാരനാല്‍
വിരിഞ്ഞ സര്‍ഗാത്മകകരുത്തും
(അനന്തം)

പാപക്കറ, ആയുസിന്റെ കണക്കുപുസ്തകം, കേഴുന്ന ഭൂമി തുടങ്ങിയ കവിതകള്‍ കവിയുടെ മാനവിക ദര്‍ശനത്തിന്റെ അടയാളങ്ങളാണ്.

തീക്കനലിന്റെ ആഴമറിഞ്ഞ
ധാന്യമേ നീ എനിക്ക്
തന്ന നിന്റെ വെന്ത
ശരീരമാണ്
എന്റെ ആരോഗ്യത്തിന്റെ
നിലനില്‍പ്പ്
നിന്റെ വേര്‍പാടില്‍
ആയിരിക്കും ഞാനും
എന്റെ ജീവിതം ഹോമിക്കുക
(എന്റെ അന്ത്യം)

ഇതാണ് കവിയുടെ പ്രത്യയശാസ്ത്രം
ധാന്യത്തിന്റെ വെന്ത ശരീരമാണ് കവിക്ക് ജീവിതം. മണ്ണിന്റെയും കാര്‍ഷിക സംസ്‌കൃതിയുടെയും ഹരിതാഭയുടെയും നിസ്വവര്‍ഗത്തിന്റെയും സ്പന്ദനങ്ങളാണ് വിജയശ്രീമധു അക്ഷരങ്ങളിലേക്ക് ഇറ്റിക്കുന്നത്. കവിത പിറന്നത് വയലുകളിലാണെന്ന മാനവിക ദര്‍ശനത്തിന് അടിവരയിടുകയാണ് ദൈവം വരുന്നുണ്ട് എന്ന കവിതാ സമാഹാരത്തിലൂടെ വിജയശ്രീമധു. പെണ്‍മയുടെയും പ്രണയത്തിന്റെയും പ്രകൃതിയുടെയും ഹൃദയരേഖകള്‍ കൂടിയാണ് വിജയശ്രീമധുവിന്റെ ദൈവം വരുന്നുണ്ട് എന്ന കവിതാസമാഹാരം.