പുളിക്കല്‍ സനില്‍രാഘവന്‍

August 02, 2021, 5:19 pm

ഹൃദയസരസില്‍ പ്രണയ പുഷ്പങ്ങള്‍ തീര്‍ത്ത് ദക്ഷിണാമാര്‍ത്തി വിടവാങ്ങിയിട്ട് എട്ട് വര്‍ഷങ്ങള്‍

Janayugom Online

ന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ‍ചിരിയിലലിയുന്നെന്‍ ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിൻ ‍മിഴിയിലലിയുന്നെന്‍ ജീവമേഘം
ഹൃദയവികാരങ്ങള്‍ക്ക് രാഗതാളങ്ങള്‍ നല്‍കിയ ശുദ്ധ സംഗീതത്തിന്‍റെ നിത്യോപാസകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമി ഹർഷബാഷ്പം തൂകി പോയിട്ട് ഇന്ന് എട്ട് വര്‍ഷമാകുന്നു.നാദബ്രഹ്മത്തിന്‍ സാഗരം തീര്‍ത്ത് മലയാളികളില്‍ തേന്‍ തൊട്ടെഴുതിചേര്‍ത്ത പ്രതിഭയായിരുന്നു ദക്ഷിണാമാര്‍ത്തി സ്വാമി. സ്വാമിയുടെ ഉയിരും, ഉടലും ശുദ്ധസംഗീതമായിരുന്നു, ഭസ്മാങ്കിതവും സദാശോഭിതവുമായ ആ മുഖം വിനയത്തിന്റെയും ഭക്തിയുടെയും പര്യായം കൂടിയായിരുന്നു. 1919 ഡിസംബർ ഒൻപതിന് ആലപ്പുഴയിൽ ജനിച്ച വി.ദക്ഷിണാമൂർത്തിയ്‌ക്ക് അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നു കിട്ടുന്നത്. ത്യാഗരാജസ്വാമി കൃതികളടക്കം ബാല്യത്തിൽ തന്നെ ഹൃദിസ്ഥമാക്കിയ സ്വാമിയുടെ സംഗീതസപര്യയ്‌ക്ക് ആദ്യകാലം മുതൽക്കേ ശാസ്ത്രീയമായ അടിത്തറയുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയ്‌ക്ക് തന്റെ സ്വരസൗഭാഗ്യം ആദ്യമായി നിവേദിച്ചു കൊണ്ടാണ് സ്വാമി സംഗീതലോകത്ത് അരങ്ങേറ്റം കുറിയ്‌ക്കുന്നത്. സംഗീതത്തോടുള്ള അദമ്യവും, തീക്ഷ്ണവുമായ അഭിനിവേശം സ്വാമിയെ പത്താം തരത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് സംഗീതത്തിന്റെ നിത്യോപാസകനാക്കുകയായിരുന്നു. ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് നായകനായഭിനയിച്ച, നല്ല തങ്ക എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് സ്വാമി ചലച്ചിത്രഗാനലോകത്തേയ്‌ക്ക് ആദ്യപാദമൂന്നുന്നത്. അർത്ഥഭംഗി നഷ്ടമാവാതെ, കാവ്യഗുണത്തെ പൂർണ്ണമായും സംഗീതത്തിലേയ്‌ക്കു സന്നിവേശിപ്പിക്കുവാനുള്ള സ്വാമിയുടെ സിദ്ധി എന്നും വേറിട്ടതായിരുന്നു.

ശുദ്ധസംഗീതത്തെ പ്രണയിച്ചിരുന്നവരെ എക്കാലത്തും സ്വാമിയിലേയ്‌ക്കാകർഷിച്ചിരുന്നതിൽ പ്രധാനഗുണവും, സംഗീതത്തിലെ ഈ കുലീനത്വമായിരുന്നു. വരികളിൽ ജീവൻ തുടിയ്‌ക്കുന്ന സംഗീതം, ഭാവമധുരമായി വിളക്കിച്ചേർക്കാനുള്ള കഴിവ്, അയത്നലളിതമായി വളരെ വേഗത്തിൽ തന്നെ, എഴുതിക്കിട്ടുന്ന വരികളിൽ സ്വരസ്ഥാനങ്ങൾ കണ്ടെത്തുന്ന സ്വാമിയുടെ ആയാസരാഹിത്യം ഇതെല്ലാം സ്വാമിയുടെ പ്രത്യേകതയായിരുന്നു.കര്‍ണാടക സംഗീതത്തിലെ രാഗങ്ങള്‍ക്ക് അവയുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രത്യേകനിറവും സുഗന്ധവും നല്‍കി ചലച്ചിത്രഗാനശാഖയില്‍ ഒരു പുതിയ അധ്യായം കുറിച്ചത് സ്വാമി തന്നെയാണ്. എന്നാല്‍, താനായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും സംഗീതത്തില്‍ താന്‍ ചെയ്തിട്ടുള്ളതൊക്കെ സംഗീതത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമിയും ദീക്ഷിതരും ശ്യാമാശാസ്ത്രികളും ചെയ്തുവെച്ചിട്ടുള്ളതിനെ അനുകരിക്കുക മാത്രമായിരുന്നെന്നും വളരെ വിനയാന്വിതനായി അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു.1950 ല്‍ അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു. കെ.കെ. പ്രൊഡക്ഷന്‍സിനുവേണ്ടി കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നുനിര്‍മിച്ച ‘നല്ല തങ്ക’ എന്ന മലയാള സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യത്തെ സംഗീതം പിന്നീടങ്ങോട്ട് സ്വാമി സംഗീതം നിര്‍വഹിച്ച എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. അവയില്‍ ഒട്ടുമുക്കാലും ക്ലാസിക്കല്‍ ടച്ചുള്ളവയായിരുന്നു. പി.ലീല, ശാന്ത പി.നായര്‍, കല്യാണി മേനോന്‍, എസ്. ജാനകി എന്നിങ്ങനെ പ്രമുഖ ഗായികമാരെല്ലാം ആ സംഗീതത്തിനു ശബ്ദം നല്‍കിയവരാണ്. പി.ലീല പാടിയ ”പ്രിയമാനസാ നീ വാ വാ!…” എന്ന ഗാനം ഇന്നും എത്രയോ ആസ്വാദകര്‍ കേട്ടുകൊണ്ടിരിക്കുന്നു.

‘കാവ്യമേള’ എന്ന ചിത്രത്തിലെ ‘ദേവി ശ്രീദേവി’ എന്ന യേശുദാസ് ഗാനം ആര്‍ക്കാണു മറക്കാനാവുക?ആറുപതിറ്റാണ്ടിലേറെക്കാലത്തെ തുടര്‍ച്ചയായ സംഗീതസപര്യയില്‍ മലയാള സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ സ്വാമിയുടെ വൈഭവം തെളിയിക്കുന്നതായി ഒരുപാടുണ്ട്. അഭയദേവ്, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് തുടങ്ങി എത്രയെത്ര ഗാന രചയിതാക്കള്‍. ഇവരൊക്കെയുണ്ടായിട്ടും ശ്രീകുമാരന്‍ തമ്പിയുമായുള്ള അടുത്ത കൂട്ടുകെട്ട് സ്വാമിക്കിഷ്ടപ്പെട്ട കുറെ മനോഹരഗാനങ്ങളുടെ പിറവിക്കുതന്നെ നിദാനമായി. പാടുന്ന പുഴ എന്ന ചിത്രത്തിലെ ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങള്‍ ഇന്നും വാടിക്കൊഴിയാതെ നില്‍ക്കുന്നുണ്ടല്ലൊ. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ‘ആറാട്ടിന് ആനകള്‍ എഴുന്നള്ളി‘യതും, ജയചന്ദ്രനെക്കൊണ്ടു പാടിച്ച ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പ്പ’വും, വിലയ്ക്ക് വാങ്ങിയ വീണയിലെ പി. ഭാസ്‌കരന്റെ ‘കാട്ടിലെ പാഴ്മുളം തണ്ടും…’ ഇന്നും അവിസ്മരണീയമാണ്.

‘വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…’, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തവും, ഇന്നലെ നീയൊരു സുന്ദര രാഗമായ്, മനോഹരി നീ…, ഹര്‍ഷ ബാഷ്പം തൂകി… എന്നു തുടങ്ങി എത്രയോ വരികള്‍ സ്വാമി സംഗീതത്തിന്റെ തേന്‍പുരട്ടി ആസ്വാദകരുടെ ചുണ്ടില്‍ ചേര്‍ത്തുവച്ചു.മലയാള സിനിമാരംഗത്ത് പ്രഗത്ഭരായ സംഗീത സംവിധായകരുണ്ടെന്നിരിക്കിലും അവര്‍ക്കിടയില്‍ സ്വാമി തലയുയര്‍ത്തി നിന്നിരുന്നു. ബാബുരാജ്, കെ. രാഘവന്‍ മാഷ് തുടങ്ങിയവര്‍ക്കെല്ലാം ആദരണീയനായിരുന്നു സ്വാമി. സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവച്ചതായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ജീവിതം.മികച്ച സംഗീതസം‌വിധായകനുള്ള സംസ്ഥാനസർക്കാരിന്റെ ചലച്ചിത്രപുരസ്കാരം, ജെ.സി.ഡാനിയേൽ പുരസ്കാരം, സംഗീതസരസ്വതി പുരസ്കാരം, സ്വാതിതിരുനാൾ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും സ്വാമിയെ തേടിയെത്തി.രാഗങ്ങളുടെ പത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി ഗായത്രി ചൊല്ലിയ സംഗീതജ്ഞന്‍. കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും, പാട്ടിന്‍റെ പാലാഴി തീര്‍ത്ത് ഇന്നും സ്വാമി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ജീവിക്കുന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

You may like this video also