Thursday
21 Feb 2019

ദളപതി

By: Web Desk | Sunday 28 January 2018 1:34 AM IST

മണിരത്‌നം എന്ന ഗോപാല്‍ രത്‌നം സുബ്രഹ്മണ്യം ചലച്ചിത്രമേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തിയവരില്‍ പ്രമുഖനാണ്. സ്റ്റുഡിയോ ഫ്‌ളോറുകളിലും മെലോഡ്രാമയിലും കെട്ടുപിണഞ്ഞുകിടന്ന ടോളിവുഡില്‍ യുവത്വത്തിന്റെ ഊര്‍ജ്ജം പകര്‍ന്ന മണിരത്‌നം ഇന്ത്യന്‍ സിനിമയെ ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി. സെല്ലുലോയിഡിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയിലെ ‘ദളപതി’യായ മണിരത്‌നത്തെക്കുറിച്ച്….

പ്രദീപ് പി എസ്
വര്‍ഷം 1982. ബംഗളൂരുവിലെ കെംപഗൗഡ സര്‍ക്കിളിലുള്ള തിയേറ്റര്‍. പുതിയ സംവിധായകന്റെ ചിത്രത്തിന്റെ ആദ്യഷോ ആരംഭിക്കാന്‍പോകുന്നു. ഹാളില്‍ പ്രേക്ഷകര്‍ തീരെ കുറവ്. റോഡിലൂടെ നടന്നുപോകുന്ന ചിലരെങ്കിലും തന്റെ സിനിമ കാണാനെത്തുമെന്ന് സംവിധായകന്‍ പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ചിത്രത്തിന്റെ പേര് ‘പല്ലവി അനുപല്ലവി’. സംവിധായകന്‍ മണിരത്‌നം……….
പക്ഷേ പിന്നീടൊരിക്കലും ഈ സംവിധായകന് പ്രേക്ഷകനെ തേടേണ്ടിവന്നിട്ടില്ല. തിയേറ്റര്‍ ഹൗസ്ഫുള്‍ ആകാതെ തന്റെ ചിത്രങ്ങള്‍ ഒരിക്കലും പ്രദര്‍ശിപ്പിക്കേണ്ടിവന്നിട്ടുമില്ല.
പിതാവ് ഗോപാലരത്‌നം ചലച്ചിത്ര വിതരണക്കാരനായിരുന്നു. അമ്മാവന്‍ വീനസ് കൃഷ്ണമൂര്‍ത്തിയാകട്ടെ ‘വീനസ്’ പിക്‌ചേഴ്‌സ് ഉടമയും. മൂത്ത സഹോദരന്‍ വെങ്കിടേശ്വരനും പ്രൊഡ്യൂസറായിരുന്നു. സിനിമ കുടുംബകാര്യമായിരുന്നെങ്കിലും ബ്രാഹ്മണനായിരുന്ന മണിരത്‌നത്തിന് സിനിമ കാണല്‍ നിഷിദ്ധമായിരുന്നു. അടയാറിലെ ബസന്ത് തിയോസഫിക്കല്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സിനിമ കണ്ടുതുടങ്ങിയത്. ശിവാജി ഗണേശനും നാഗേഷുമായിരുന്നു ഇഷ്ടതാരങ്ങള്‍. കെ ബാലചന്ദറിന്റെ ചിത്രങ്ങള്‍ കണ്ടതോടെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മണിരത്‌നം മാറി. രാമകൃഷ്ണമിഷന്‍ വിവേകാനന്ദ കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ശേഷം മുംബൈയിലെ ജമ്‌നലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എംബിഎ കരസ്ഥമാക്കി.
മദ്രാസില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരുമ്പോഴാണ് ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. സുഹൃത്ത് രവിശങ്കര്‍ കന്നഡയിലെ പ്രമുഖ സംവിധായകന്‍ ബി ആര്‍ പന്തലുവിന്റെ മകനായിരുന്നു. രവിശങ്കറും മണിരത്‌നവും ചേര്‍ന്ന് ഒരു കന്നഡ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രമുഖ താരങ്ങളായ വിഷ്ണുവര്‍ദ്ധനന്റെയും അംബരീഷിന്റെയും ലക്ഷ്മിയുടെയും കോള്‍ഷീറ്റുകള്‍ വാങ്ങി ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടിവന്നു.

ഭാരതിരാജയും കെ ബാലചന്ദറും ജെ മഹേന്ദ്രനും തമിഴ് ചലച്ചിത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച കാലമായിരുന്നു അത്. ‘അപൂര്‍വരാഗങ്ങളും’ ‘മുള്ളും മലരും’ ’16 വയതിനിലെ’യും മണിയുടെ മനസ്സില്‍ ചലനങ്ങളുണര്‍ത്തി. തന്റെ പ്രിയ സംവിധായകരെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ തുനിഞ്ഞെങ്കിലും അതും ഫലം കണ്ടില്ല.
‘പല്ലവി അനുപല്ലവി’യായിരുന്നു മണിരത്‌നത്തിന്റെ ആദ്യചിത്രം. പ്രൊഡ്യൂസറെ തേടിപ്പോകേണ്ടിവന്നില്ല. അമ്മാവന്‍ കൃഷ്ണമൂര്‍ത്തി ചിത്രം നിര്‍മ്മിക്കാമെന്നേറ്റു. ബാലുമഹേന്ദ്രയായിരുന്നു ക്യാമറാമാന്‍. കലാസംവിധാനം തോട്ടതരണിയെയും സംഗീതസംവിധാനം ഇളയരാജയെയും ഏല്‍പ്പിച്ചു. തെലുങ്ക് ചിത്രമായ ‘വംശവൃക്ഷ’ത്തിലെ അഭിനയം കണ്ട് അനില്‍ കപൂറിനെ നായകനായി നിശ്ചയിച്ചു. തിരക്കഥയും സംവിധാനവും മണിരത്‌നവും. ചിത്രം ആവറേജ് വിജയം നേടി. കര്‍ണ്ണാടക സര്‍ക്കാരിന്റെ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡും ആ വര്‍ഷം മണിരത്‌നം കരസ്ഥമാക്കി.
പിന്നീട് മലയാളത്തിലേയ്ക്കുള്ള കടന്നുവരവ്. ജിയോ പിക്‌ചേഴ്‌സ് എന്‍ ജി ജോണ്‍ തന്റെ പുതിയ ചിത്രത്തിന്റെ സംവിധാന ചുമതല മണിരത്‌നത്തെ ഏല്‍പ്പിച്ചു. തൊഴിലാളി സംഘടനകളുടെ അഴിമതി വിഷയമാക്കിയ ‘ഉണരൂ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി ദാമോദരനായിരുന്നു. ആവറേജ് വിജയമേ ലഭിച്ചുള്ളു. പിന്നീട് ‘പകല്‍നിലാവ്’ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്‌തെങ്കിലും അതും ഫ്‌ളോപ്പായി. അടുത്ത ചിത്രം ‘ഇദയകോവിലാ’യിരുന്നു. ചാര്‍ളിചാപ്ലിന്റെ ‘ലൈംലൈറ്റി’നെ അവലംബിച്ചാണ് ചിത്രം തയ്യാറാക്കിയത്. തന്റെ ഏറ്റവും മോശം ചിത്രമെന്നായിരുന്നു ഇതിനെ മണിരത്‌നം വിശേഷിപ്പിച്ചതെങ്കിലും ‘ഇദയകോവില്‍’ ബോക്‌സോഫീസില്‍ ചരിത്രം കുറിച്ചു.
രേവതിയും മോഹനും പ്രധാന റോളില്‍ അഭിനയിച്ച ‘മൗനരാഗം’ മണിരത്‌നത്തിന്റെ സംവിധായകപട്ടം അരക്കിട്ടുറപ്പിച്ചു. തെലുങ്കിലേയ്ക്കും മൊഴിമാറ്റം നടത്തി. ഏറ്റവും നല്ല ഫീച്ചര്‍ഫിലിമിനുള്ള ദേശീയ അവാര്‍ഡും ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ആ വര്‍ഷം മണിരത്‌നത്തിനായിരുന്നു. 1987 ആയിരുന്നു ഭാഗ്യവര്‍ഷം. മരിയപുസോയുടെ പ്രശസ്ത നോവലിനെ അവലംബിച്ചുള്ള ഹോളിവുഡ് ചിത്രം ഗോഡ്ഫാദറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ‘നായകന്‍’ സര്‍വകാല ഹിറ്റായി മാറിയതോടെ മണിരത്‌നത്തിന്റെ ജാതകം കുറിക്കപ്പെട്ടു. ബോംബെ അധോലോകം അടക്കി ഭരിച്ച തമിഴ്‌നാട്ടുകാരന്‍ വരദരാജ മുതലിയാരുടെ ജീവിതകഥയായിരുന്നു ‘നായകന്റെ’ പ്രമേയം. 2005ല്‍ ടൈം മാഗസിന്‍ ലോകത്തെ മികച്ച 100 ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് സിനിമകളില്‍ ഒന്ന് ‘നായകനാ’യിരുന്നു. മറ്റ് രണ്ട് ചിത്രങ്ങള്‍ സത്യജിത്‌റേയുടെയും ഗുരുദത്തിന്റെയും. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം കമല്‍ഹാസന് ലഭിച്ചു. ഓസ്‌കാര്‍ അക്കാഡമി അവാര്‍ഡില്‍ ഏറ്റവും മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയും ‘നായകനാ’യിരുന്നു.
അധോലോകത്തെ പ്രമേയമാക്കിയ ‘ദളപതി’യും ചരിത്രം കുറിച്ചു. രജനികാന്തും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രം മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും ആത്മബന്ധത്തെ അവലംബിച്ചുള്ളതായിരുന്നു. ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച മണിരത്‌നത്തിന്റെ അവസാനചിത്രവും ‘ദളപതി’യാണ്. അടുത്ത ചിത്രമായ ‘റോജ’യിലൂടെയാണ് എആര്‍ റഹ്മാന്റെ രംഗപ്രവേശം. അരവിന്ദ് സ്വാമിയും മധുബാലയും പ്രധാനറോളിലെത്തിയ ചിത്രം കാശ്മീര്‍ തീവ്രവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സെന്റ് ജോര്‍ജ്ജ് അവാര്‍ഡിനായി ‘റോജ’ നോമിനേറ്റ് ചെയ്തു. അടുത്ത ചിത്രമായ ‘തിരുടാ തിരുടാ’യുടെ തിരക്കഥ രാംഗോപാല്‍ വര്‍മ്മയുടേതായിരുന്നു. മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ബോംബെ’യില്‍ അരവിന്ദ് സ്വാമിയും മനീഷാ കൊയ്‌രാളയുമായിരുന്നു ലീഡ് റോളില്‍. വിവാദങ്ങള്‍ പിന്തുടര്‍ന്നെങ്കിലും ഹിന്ദിയിലേയ്ക്ക് ഡബ്ബ് ചെയ്ത ചിത്രം ബോളിവുഡിലും വന്‍ ഹിറ്റായി. ‘ബോംബെ’ അവാര്‍ഡുകള്‍ വാരിക്കൂട്ടി. ‘റോജ’, ‘ബോംബെ’, ‘ദില്‍ സേ’…..ഇവ മൂന്നും തീവ്രവാദം പ്രമേയമായിട്ടുള്ള ട്രിലോളജികളായിരുന്നു.
തമിഴകത്തിന്റെ രാഷ്ട്രീയവും പിന്തുടര്‍ച്ചയും പ്രമേയമാക്കിയ ‘ഇരുവറി’ല്‍ മോഹന്‍ലാലും ഐശ്വര്യറായിയും താബുവും പ്രകാശ്‌രാജും പ്രധാനവേഷങ്ങള്‍ കയ്യാളി. ഇന്ത്യയില്‍ സിനിമയില്‍ പുറത്തിറങ്ങിയ മികച്ച ബയോപിക്കുകളില്‍ ഒന്നായിരുന്നു ‘ഇരുവര്‍’. രാഷ്ട്രീയവും തീവ്രവാദവും വംശീയതയും വര്‍ഗീയതയുമെല്ലാം തന്റെ ചലച്ചിത്രങ്ങള്‍ക്ക് മണിരത്‌നം പ്രമേയമാക്കി. ശ്രീലങ്കന്‍ വംശീയകലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ‘കന്നത്തില്‍ മുത്തമിട്ടാല്‍’. ആറ് ദേശീയ അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കി. ധിരുഭായി അംബാനിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ഗുരു’, രാമായണത്തെയും വിപ്ലവത്തെയും സംയോജിപ്പിച്ച് രാവണ്‍… മണിരത്‌നത്തിന്റെ സംവിധാന പ്രതിഭ മിന്നിയ ചിത്രങ്ങളുടെ പട്ടിക ഇനിയുമുണ്ട്. ‘ക്രിട്ടിക്‌സ് പിക്’ എന്നാണ് ‘രാവണി’നെ ന്യൂയോര്‍ക്ക് ടൈസ് വിശേഷിപ്പിച്ചത്. വ്യത്യസ്തങ്ങളായ വിഷയങ്ങളും അദ്ദേഹം അഭ്രപാളിയിലൊരുക്കി. ലിവ് ഇന്‍ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ‘ഓ കാതല്‍ കണ്‍മണി’യില്‍ ദുല്‍ഖറും നിത്യാമേനോനുമായിരുന്നു നായികാനായകന്‍മാര്‍. ‘കാട്രി വെളിയിടൈ’യില്‍ കാര്‍തിക്കും അദിതി റാവുവുമായിരുന്നു മുഖ്യറോളില്‍. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. ജ്യോതിക, ഐശ്വര്യരാജേഷ്, അരവിന്ദ്‌സ്വാമി, ചിമ്പു, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ഫഹദ്ഫാസിലും ചിത്രത്തിലുണ്ട്.
ഇന്ത്യന്‍ സിനിമയ്ക്ക് ദിശാബോധം നല്‍കിയ സംവിധായകനെന്ന് മണിരത്‌നത്തെ വിശേഷിപ്പിക്കാം. സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും തീവ്രവാദവും പ്രേമവും പുരാണവുമെല്ലാം ചിത്രങ്ങളുടെ പ്രമേയമാക്കി. കലയും കമേഴ്‌സ്യല്‍ ചേരുവകളും സംയോജിപ്പിച്ചതോടെ ചിത്രങ്ങള്‍ സാമ്പത്തികവിജയം നേടുക മാത്രമല്ല, നിരൂപക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ‘എങ്ങനെ അഭിനയിക്കണമെന്ന് നടീനടന്മാരോട് ഞാന്‍ ആവശ്യപ്പെടാറില്ല. റോളിനെ കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാറുണ്ട്. കഥാപാത്രത്തിന് ജീവന്‍ നല്‍കേണ്ടത് അവരുടെ കടമയാണ്’ – സൂപ്പര്‍താരങ്ങളെ കഥാപാത്രങ്ങളായി എങ്ങനെ മെരുക്കിയെടുക്കുന്നുവെന്ന ചോദ്യത്തിന് മണിരത്‌നത്തിന്റെ ഉത്തരം ഇങ്ങനെ. 1988ലാണ് മണിരത്‌നം സുഹാസിനിയെ ജീവിതസഖിയാക്കിയത്. മകന്‍ നന്ദന്‍.