ദളിത് നിയമ വിധി സുപ്രീം കോടതി റദ്ദാക്കി

Web Desk
Posted on October 01, 2019, 2:38 pm

ന്യൂഡല്‍ഹി: ദളിത് സംരക്ഷണ നിയമം ലഘൂകരിക്കും വിധമുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 2018ലെ വിധിയാണ് തിരുത്തുക.

ദളിത് സംരക്ഷണ നിയമ ലംഘനത്തിനുള്ള അറസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിധിയാണ് കോടതി പിന്‍വലിച്ചത്. നിയമലംഘനത്തിന്‍ മേലുള്ള അറസ്റ്റിനോ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പണത്തിനോ മുമ്പ് അന്വേഷണം ആവശ്യമില്ലെന്നാണ് ഇപ്പോള്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്. സമത്വത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പിന്നാക്കക്കാരുടെ പോരാട്ടങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇപ്പോഴും ഇവര്‍ക്ക് തൊട്ടുകൂടായ്മ നേരിടേണ്ടി വരുന്നുണ്ട്. ഇവര്‍ ഏര്‍പ്പെടുന്ന തോട്ടിപ്പണി അടക്കമുള്ളവയ്ക്ക് ഇപ്പോഴും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അന്വേഷണം കൂടാതെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. പാരതി ഉണ്ടായാല്‍ ഉടന്‍ അറസ്റ്റ് വേണ്ടെന്ന് കോടതി നിര്‍ദേശിച്ചു. ഒരു സംഘം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്റ്റും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പണവും ആവശ്യമുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് തിരുത്താന്‍ കോടതി തയാറായിരിക്കുന്നത്.
കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ പേരില്‍ ഇളവുകള്‍ വരുത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.