ഗുജറാത്തിൽ ദളിതർക്കുനേരെ വീണ്ടും അതിക്രമം

Web Desk
Posted on October 04, 2017, 3:27 pm

ഗുജറാത്തിൽ ദളിതർക്കുനേരെ വീണ്ടും അതിക്രമം. മീശവെയ്ക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലെന്ന് ആരോപിച്ച് രജപുത് സമുദായത്തിലെ അംഗങ്ങൾ ദളിത് യുവാക്കളെ കഴിഞ്ഞ മാസം 25 നും 29 നും മർദ്ദിച്ചിരുന്നു. അന്ന് മർദ്ദനമേറ്റ യുവാവിന്റെ ബന്ധുവായ ദിഗന്ത മഹേറിയ്ക്ക് നേരെയാണ് ഇപ്പോഴത്തെ ആക്രമണം. ഒരാഴ്ചക്കിടെ ലിംബോഡ ഗ്രാമത്തിൽ ദലിതുകൾ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്.

പിയൂഷ് പാർമെർ എന്ന ദളിത് യുവാവിനെ അക്രമിക്കുന്നതിനു ദൃക്‌സാക്ഷിയായിരുന്നു ഇപ്പോൾ ആക്രമിക്കപ്പെട്ട മഹേറിയ. ബൈക്കിൽ എത്തിയ അക്രമിസംഘം മഹേറിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്പിക്കുകയായിരുന്നു.പിയൂഷിനെ ആക്രമിച്ച സംഭവത്തിൽ പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് മഹേറിയയെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

കേസ് നൽകിയവരെ ആക്രമിക്കാൻ തങ്ങൾക്ക് 1.5 ലക്ഷം രൂപ നൽകിയതായി മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം പറഞ്ഞുവെന്ന് മഹേറിയുടെ ബന്ധുക്കൾ എൻ ഡി ടി വി യോട് പറഞ്ഞു. ആക്രമണത്തിൽ മഹേറിയ്ക്കു ആഴത്തിൽ മുറിവേറ്റുവെങ്കിലും ഇപ്പോൾ ഭേദമായി വരികയാണെന്നും ബന്ധുക്കൾ അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിൽ ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു.നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ‘ഗര്‍ബ’ കാണാനെത്തിയ ദളിത് യുവാവ് സോളങ്കിയെയാണ് ആള്‍ക്കൂട്ടം വധിച്ചത്. സവര്‍ണ സമുദായത്തിലെ പട്ടേല്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ആള്‍ക്കൂട്ടഹത്യ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തു ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് ദളിത് പ്രവർത്തകർ ഗാന്ധിനഗറിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.