Web Desk

ചണ്ഡിഗഢ്

August 11, 2020, 10:09 pm

സർക്കാർ പദ്ധതിക്കായി ദളിതരെ തെറ്റിദ്ധരിപ്പിച്ച് ഭൂമി പിടിച്ചെടുത്തു

Janayugom Online

സർക്കാർ പദ്ധതിക്കായി ദളിതരെ തെറ്റിദ്ധരിപ്പിച്ച് കൃഷിഭൂമി പിടിച്ചെടുത്തു. പഞ്ചാബിലെ ലുധിയാനയിലെ സേക്കോവാൾ ഗ്രാമത്തിലെ 400 ഏക്കറിലധികം ഭൂമിയാണ് പിടിച്ചെടുത്തത്. ലുധിയാന ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസില്‍ മീറ്റിങ്ങിനായി വിളിച്ചാണ് സേക്കോവാൾ ഗ്രാമമുഖ്യ അമ്രിക് കൗറിൽ നിന്ന് ഭൂമി നൽകാനുള്ള രേഖകളിൽ ഒപ്പുവയ്പ്പിച്ചതെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാരിന്റെ കീഴിൽ കാർഷിക നഴ്സറി തുടങ്ങുന്നതിനായി പൊതുഭൂമിയിൽ നിന്ന് 200 ഏക്കര്‍ വേണമെന്നാണ് അമ്രികിനോട് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞത്. ബ്ലോക്ക് വികസന പഞ്ചായത്ത് ഓഫീസറും ഈ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഗ്രാമമുഖ്യ അവർ നൽകിയ രേഖകളിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഈ രണ്ട് ഉദ്യോഗസ്ഥരും സ്ഥലം മാറ്റം ലഭിച്ച് മറ്റൊരിടത്തേയ്ക്ക് പോകുകയും ചെയ്തു. ജൂലൈ എട്ടിനാണ് സംസ്ഥാന മന്ത്രിസഭ 955 ഏക്കറിൽ വ്യവസായിക പാർക്ക് നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിക്കായി വിനിയോഗിക്കുന്ന മൊത്തം ഭൂമിയിൽ 416.1 ഏക്കർ സേക്കോവാൾ പഞ്ചായത്തിന്റേതാണ്. ഇതോടെയാണ് സത്യാവസ്ഥ അറിഞ്ഞതെന്നും ഗ്രാമവാസികൾ പറയുന്നു. പദ്ധതി കട്ലജ് വനമേഖലയ്ക്കും സത്‌ലജ് നദിക്കും സമീപമായതിനാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വ്യവസായിക പാർക്കിനായി ഗ്രാമത്തിലെ പൊതുഭൂമിയില്‍ നിന്നും ഒന്നും തന്നെ നൽകില്ലെന്ന് ഗ്രാമസഭകൂടി സേക്കോവാള്‍ നിവാസികൾ പ്രമേയം പാസ്സാക്കി.

ചർച്ചയ്ക്കെത്തിയ സമയത്ത് വ്യവസായിക പാര്‍ക്കിനായാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് തന്നെ അറിയിച്ചിരുന്നില്ലെന്നാണ് അമ്രിക് കൗർ പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ താൻ ഒപ്പുവച്ച രേഖയിൽ എന്താണ് ഉള്ളതെന്ന് തന്നെ വായിച്ച് കേൾപ്പിച്ചില്ലെന്നും അമ്രിക് പറയുന്നു. ഗ്രാമത്തിൽ താമസിക്കുന്ന എല്ലാവരും ദളിതരാണെന്നും ഇവിടെയുള്ള 80ലധികം കുടുംബങ്ങളിൽ ആർക്കും സ്വന്തമായി കൃഷിഭൂമിയില്ലെന്നും മുൻ ഗ്രാമമുഖ്യനായ ധീര സിങ് പറയുന്നു. വാർഷികാടിസ്ഥാനത്തിൽ പാട്ടത്തിന് നൽകുന്ന പൊതുഭൂമിയിൽ കൃഷിചെയ്താണ് നാട്ടുകാർ ഉപജീവനം നടത്തുന്നത്. 500 ഏക്കറിന് താഴെ പൊതുഭൂമിയാണ് ഗ്രാമത്തിലുള്ളത്. ഇതിൽ 53 ഏക്കർ സത്‌ലജ് നദി തീരത്താണ്. 416 ഏക്കർ സർക്കാർ പിടിച്ചെടുത്താൽ ഗ്രാമം മുഴുവൻ കൊടുംപട്ടിണിയിലാകുമെന്നും സിങ് പറഞ്ഞു. സർക്കാർ നടപടിക്കെതിരെ നിയമപോരാട്ടം നടത്താൻ തയ്യാറാണെന്നാണ് ഗ്രാമം ഒന്നടങ്കം പറയുന്നത്. എന്നാൽ ജൂലൈ 15ന് താൻ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേൽക്കുമ്പോൾ തന്നെ സേക്കോവാൾ ഗ്രാമത്തിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിരുന്നുവെന്നാണ് പുതിയ ഡെപ്യൂട്ടി കമ്മിഷണർ വരീന്ദർ ശർമ്മ പറയുന്നത്. സർക്കാരിൽ നിന്ന് പണം ലഭിച്ചാൽ ഉടൻ തന്നെ അത് ഗ്രാമവാസികൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാരിനെതിരെ ഗ്രാമവാസികൾ പ്രമേയം പാസാക്കിയെന്ന വാർത്ത അദ്ദേഹം തള്ളി. ഇത്തരത്തിലൊരു സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

you may also like this video