സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു, ദളിത് എംപി സാവിത്രി ഭായി ഫുലെ ബിജെപി വിട്ടു

അംബേദ്കർ ജയന്തി ദിനത്തിൽ ബഹ്റായ്ചില് നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി എംപി സാവിത്രി ഭായി ഫുലെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സമൂഹത്തെ ഭിന്നിപ്പിക്കുകയും, ദളിതരുടെയും മറ്റ് പിന്നോക്കക്കാരുടെയും അവകാശങ്ങളെ അഗണിക്കുകയുമാണ് പാര്‍ട്ടിയെന്ന് ആരോപിച്ചാണ് ഫുലെ രാജിവെച്ചത്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണത്തിന് പുറമെ ഒരു ദളിത് വിഭാഗക്കാരി ആയതിനാല്‍ തന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതായും ഫുലെ ആരോപിക്കുന്നു.
ഇതിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കുന്നതെന്ന് സാവിത്രിഭായി ഫുലെ വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ഭരണഘടനയുടെ വായ്മൂടിക്കെട്ടാനാണ് ശ്രമിക്കുന്നത്. ദളിതര്‍ക്കും, പിന്നോക്ക വിഭാഗങ്ങള്‍ക്കും നല്‍കിവരുന്ന സംവരണവും അപകടത്തിലാണ്, ഫുലെ ആരോപിച്ചു. ഹനുമാന് ദളിതനാണെന്നും മനുവാഡി ജനങ്ങളുടെ അടിമയായിരുന്നുവെന്നും പ്രസ്താവിച്ച് വിവാദത്തില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് എംപി പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്.
എന്നാല്‍ ഫുലെയുടെ ആരോപണങ്ങള്‍ യുപി ബിജെപി വക്താവ് രാകേഷ് തൃപാഠി തള്ളിക്കളഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യക്തിഗത താല്പര്യങ്ങള്ക്കായി പണിയെടുക്കുന്നവര്‍ മറുകണ്ടം ചാടും. നരേന്ദ്ര മോദി സര്‍ക്കാര്‍ ദളിതരുടെയും, പിന്നോക്കക്കാരുടെയും ഉന്നമനത്തിനായി പരമാവധി ജോലി ചെയ്യുകയാണ്, തൃപാഠി അവകാശപ്പെട്ടു. ഫുലെ രാജിവെച്ചതോടെ യുപി കോണ്‍ഗ്രസ് വക്താവ് കേന്ദ്ര, സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ രംഗത്ത് വന്നു.
ബിജെപി മുങ്ങുന്ന കപ്പലാണെന്നും കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കുമെന്നും യുപി കോണ്‍ഗ്രസ് വക്താവ് സീഷാന്‍ ഹൈദര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഹൈദര്‍ ആരോപിക്കുന്നു.