Wednesday
20 Mar 2019

ദളിത്-ആദിവാസി അവകാശങ്ങളും നീതിപീഠ വരേണ്യതയും

By: Web Desk | Sunday 8 April 2018 6:54 PM IST


പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം 1989 ല്‍ വെള്ളം ചേര്‍ക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ഇന്ന് ദളിത് സംഘടനകളുടെ ആഹ്വാനപ്രകാരം കേരളം ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഈ വിഷയത്തില്‍ ഏപ്രില്‍ രണ്ടിനു നടന്ന ദേശീയ ഹര്‍ത്താല്‍ അതിന്റെ പേരില്‍ രാജ്യത്തുടനീളമുണ്ടായ അതിക്രമങ്ങളുടെയും പതിനൊന്നു പേരുടെ മരണത്തിന്റെയും പേരില്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തിരുന്നു. അതേദിവസം തന്നെ നടന്ന സംയുക്ത തൊഴിലാളി സംഘടനകളുടെ സംസ്ഥാനതല പണിമുടക്കും ഹര്‍ത്താലും ദളിത് പ്രശ്‌നത്തിന് കേരളത്തില്‍ വേണ്ടത്ര ശ്രദ്ധലഭിക്കുന്നതിന് പ്രതിബന്ധമാവുകയുമായിരുന്നു. അതുകൊണ്ടുതന്നെ ദളിത് ആദിവാസി പ്രശ്‌നങ്ങള്‍ കേരള സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമെന്ന നിലയില്‍ ഇന്നത്തെ ഹര്‍ത്താല്‍ സംസ്ഥാനത്തിന്റെയാകെ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു. ദളിത് ആദിവാസി പ്രശ്‌നങ്ങളോട് മുഖ്യധാരാ പൊതുസമൂഹത്തിന്റെ സമീപനം ഈ അവസരത്തില്‍ സൂക്ഷ്മമായ വിശകലനവും വിലയിരുത്തലും ആവശ്യപ്പെടുന്നു. ദളിത് ആദിവാസി അവകാശ സംരക്ഷണത്തില്‍ 1989 ലെ നിയമത്തിന്റെ പ്രസക്തി വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നത് ആ നിയമം പാര്‍ലമെന്റ് പാസാക്കിയ സ്ത്രീധനവിരുദ്ധ നിയമമടക്കം പല നിയമങ്ങളെപ്പോലെയും കേവലം കടലാസ് പുലിയായി നിയമപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ്. 1989 ലെ നിയമത്തിന്റെ പ്രകടമായ യാതൊരു പ്രയോജനവും ആ നിയമം ആരുടെ സംരക്ഷണത്തിനു വേണ്ടിയാണോ പാര്‍ലമെന്റ് പാസാക്കിയെടുത്തത് ആ ജനവിഭാഗത്തിന് ഇനിയും ലഭ്യമായിട്ടില്ലെന്ന പരാതി അവഗണിക്കാനാവില്ല. സുപ്രിം കോടതി വിധിയെപ്പറ്റി പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് നടത്തിയ അഭിപ്രായ പ്രകടനം വിവാദത്തിന് വഴിവച്ചെങ്കിലും അതിനെ എതിര്‍ക്കുന്നവര്‍ക്ക് യുക്തിഭദ്രമായ പ്രതിവാദമുഖങ്ങള്‍ യാതൊന്നും ഉന്നയിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
സുപ്രിം കോടതി വിധിയെ ഏതുവിധം ന്യായീകരിക്കാന്‍ ശ്രമിച്ചാലും അതിന്റെ ആത്യന്തിക ലക്ഷ്യം ഉന്നതജാതീയരുടെ താല്‍പര്യ സംരക്ഷണം തന്നെയാണ്. അത്തരമൊരു വിധിയിലേക്ക് സുപ്രിം കോടതി ബെഞ്ചിനെ നയിച്ചത് പരമോന്നത കോടതിയടക്കം ഇന്ത്യന്‍ ജുഡിഷ്യറിയില്‍ ഉന്നതകുലജാതര്‍ക്കുള്ള ആധിപത്യം തന്നെയാണ്. തങ്ങളുടെ വിധി രാജ്യത്ത് എന്ത് അതിക്രമങ്ങള്‍ക്ക് വഴിവച്ചാലും തല്‍ക്കാലമത് മരവിപ്പിക്കാന്‍ കോടതി തയാറല്ലെന്നുള്ള പിടിവാശിയും കോടതികളുടെ ദളിത് ആദിവാസി വിരുദ്ധതയും സ്വവര്‍ഗതാല്‍പര്യ സംരക്ഷണയിലുള്ള വ്യഗ്രതയുമല്ലാതെ മറ്റൊന്നുമല്ല. ദളിതരുടെയും ആദിവാസികളുടെയും അംബേദ്ക്കറുടെയും പേരില്‍ നാഴികയ്ക്ക് നാല്‍പതുവട്ടം വാചാടോപം നടത്തുന്ന നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും അതേ വര്‍ഗതാല്‍പര്യത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ജനസംഖ്യയില്‍ ഏതാണ്ട് നാലിലൊന്നിന്റെ അവകാശങ്ങളെ ഹനിച്ചേക്കാവുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും നിയമമന്ത്രാലയവും ദളിത് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വിധി വരുന്നതുവരെയും കേവലം കാഴ്ചക്കാരായി മാറിനിന്നതിന് മറ്റൊരു ന്യായീകരണവുമില്ല. വിധി വന്നതിനുശേഷവും അതിനെതിരെ നിയമ നടപടിക്ക് മുതിരാതിരുന്നതിന് അവര്‍ നിരത്തുന്ന ന്യായീകരണവും അപഹാസ്യമാണ്. ഈസ്റ്ററടക്കം ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങളുടെ പേരിലുള്ള അവധി ദിനങ്ങളാണ് അവര്‍ ന്യായീകരണമായി പറയുന്നത്. എന്നുമുതലാണ് ബിജെപിയും നരേന്ദ്രമോഡി സര്‍ക്കാരും മതന്യൂനപക്ഷങ്ങളുടെ മതാചാരപരമായ അവധി ദിനങ്ങള്‍ക്ക് ആദരവ് കല്‍പിക്കാന്‍ തുടങ്ങിയത്? ചാതുര്‍വര്‍ണ്യത്തിന് കാവിപുതപ്പിച്ച് അവതരിപ്പിക്കുന്നവര്‍ക്ക് ദളിത് ആദിവാസി ജനത ഇപ്പോഴും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും തന്നെയാണ്. ആ നിലപാടുകള്‍ അധികാരത്തിലേക്കുള്ള വഴിയില്‍ പ്രതിബന്ധമായിക്കൂടാ എന്നതിനപ്പുറം ആ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണയില്‍ അധികാരിവര്‍ഗങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ല.
ഇന്ത്യന്‍ പാര്‍ലമെന്റ് ദളിത് ആദിവാസി സംരക്ഷണത്തിനുവേണ്ടി ഒരു നിയമം പാസാക്കാന്‍ നിര്‍ബന്ധിതമായത് യഥാര്‍ഥജനാധിപത്യത്തിന്റെ സമ്മര്‍ദ്ദം തന്നെയാണ്. ജനസംഖ്യയില്‍ നാലിലൊന്നു വരുന്ന ജനതയെ അവഗണിച്ചുകൊണ്ട് ജനാധിപത്യക്രമത്തിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും മുന്നോട്ടുപോകാനാവില്ല. എന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ കാര്യം വ്യത്യസ്തമാണ്. ജുഡിഷ്യറി അടക്കം ഔദ്യോഗിക തലങ്ങളില്‍ ദളിത് ആദിവാസി പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഫലപ്രദമായ യാതൊരു നിരീക്ഷണ സംവിധാനവും രാജ്യത്ത് നിലവിലില്ല. നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന ന്യായാധിപന്മാര്‍ ജാതി പരിഗണനകള്‍ക്ക് അതീതമായി നീതിപൂര്‍വമായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നത് മൗഢ്യവും വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല. ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ബോധപൂര്‍വമായ യത്‌നം കൂടിയെ തീരൂ. ദളിത് ആദിവാസി ജീവിതങ്ങള്‍ ഇന്നും അനുഭവിച്ചുവരുന്ന വിവേചനങ്ങളും അതിക്രമങ്ങളും അനീതികളും വരേണ്യതയെ പ്രതിനിധീകരിക്കുന്ന ഉന്നത നീതിപീഠങ്ങള്‍ക്ക് അന്യമാണ്. ആ തിരിച്ചറിവില്‍ നിന്ന് മാത്രമേ ദളിത് ആദിവാസി ജനതകള്‍ക്ക് നീതിപീഠങ്ങളില്‍ നിന്നുപോലും നീതി ഉറപ്പുവരുത്താനാകു.