കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍ കേരളത്തില്‍ ദളിതനായ ഒരാളെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഏഴുതവണ ലോക്സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താന്‍. ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ്. താനായതു കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തത്. എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.
കേരള ചരിത്രത്തില്‍ ആദ്യമായാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നകൊണ്ടാണ് തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐസിസിയിലും, കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെപിസിസി അദ്ധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നത്? അതിന് യാതൊരു ന്യായീകരണവുമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
എഐസിസി പാര്‍ട്ടിക്ക് ഭാവിയില്‍ വേണ്ടുന്ന എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും കെ.പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുന്നത്. കേരളത്തില്‍ മാത്രമാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ദളിതര്‍ മുഖ്യമന്ത്രിയായി വന്നു കഴിഞ്ഞുവെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു. ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുന്നു. കഴിഞ്ഞ തവണ എം.എം. ഹസനെ മാറ്റി മുല്ലപ്പള്ളി രാമചന്ദ്രന് വരുന്ന സമയത്ത് താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ക്ലെയിം ചെയ്തതാണ്. എന്നെയും പരിഗണിച്ചതാണ്. പക്ഷെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. തുടര്‍ന്ന് എന്നെ വര്‍ക്കിംഗ് പ്രസിഡന്റാക്കി എന്നും അദ്ദേഹം വ്യക്തമാക്കി.
ENGLISH SUMMARY:Dalit untouchability for KPCC presidency only in Kerala: Kodikunnil Suresh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.