ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

Web Desk
Posted on March 03, 2018, 10:13 am

ജയ്പൂര്‍: രാജസ്ഥാനില്‍ ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇന്നലെ നീരവ് ജാദവ് എന്ന യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു കൊലപാതകം നടന്നത്. മറ്റ് വിഭാഗത്തില്‍പ്പെട്ട് ആളുകളുമൊത്ത് നീരവ് ഹോളി ആഘോഷിക്കുന്നതിനിടയില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ അക്രമികള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ നീരവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. മരണത്തില്‍ രോക്ഷാകുലരായ കുടുംബം നീരവിനെ പ്രവേശിപ്പിച്ച ആശുപത്രി അടിച്ച്‌ തകര്‍ത്തു. ഇതിനു പുറമെ പൊലീസ് വാഹനങ്ങളും കുടുംബം അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീരവിനെ അക്രമിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വടികളും മറ്റും ഉപയോഗിച്ച്‌ അക്രമികള്‍ നീരവിനെ മര്‍ദ്ദിച്ചതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്താമാക്കാന്‍ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.