Web Desk

രാജാക്കാട്

March 23, 2020, 8:51 pm

ആനയിറങ്കല്‍ അണക്കെട്ട് തുറന്നുവിട്ടു

Janayugom Online

പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ സഹായ അണക്കെട്ടായ ആനയിറങ്കലിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നു വിട്ടു. സെക്കന്‍ഡില്‍ 11000 ലിറ്റര്‍ വെള്ളമാണ് ടണല്‍ വഴി പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന് വിട്ടതോടെ പന്നിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് വരള്‍ച്ചയില്‍ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയ്ക്കും ആശ്വാസമായി. ഇന്നലെ രാവിലെ 11. 30ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാബു ജോസഫിന്റെ നേതൃത്വത്തിലാണ് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് 2 ഘട്ടമായി 80 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്.

വേനല്‍ ആരംഭിച്ചതോടെ ജില്ലയിലെ ഭൂരിഭാഗം അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നു എങ്കിലും ആനയിറങ്കല്‍ അണക്കെട്ട് ഇപ്പോഴും ജലസമൃദ്ധമാണ്. 1207 മീറ്റര്‍ ആണ് ആനയിറങ്കല്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 1206. 47 മീറ്റര്‍ ആണ് ഇന്നലത്തെ ജലനിരപ്പ്. ആനയിറങ്കല്‍ അണക്കെട്ട് തുറന്നതിനാൽ പന്നിയാര്‍ പുഴയും ജലസമൃദ്ധമായി ഒഴുകി തുടങ്ങിയതോടെ കടുത്ത വരള്‍ച്ചയില്‍ പ്രതിസന്ധിയിലായ പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ള കാര്‍ഷിക മേഖലയ്ക്ക് അശ്വാസമായി. ഇടുക്കിയിലെ ശാന്തമ്പാറ, സേനാപതി, രാജകുമാരി, രാജാക്കാട് അടക്കമുള്ള പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നത് പന്നിയാര്‍ പുഴയെയാണ്. പന്നിയാര്‍ പുഴ ചെന്നു ചേരുന്ന പൊന്മുടി അണക്കെട്ടില്‍ 695. 25 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.