വടക്കൻകേരളത്തിൽ നാശംവിതച്ച് മഴയും ഉരുൾപൊട്ടലും

സ്വന്തം ലേഖകർ

കോഴിക്കോട്

Posted on August 06, 2020, 10:35 pm

സ്വന്തം ലേഖകർ

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കനത്ത നാശമുണ്ടാക്കി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കനത്തമഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചത്. പലയിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. ബ്രഹ്മഗിരി വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ ബാരാപ്പുഴയിലുണ്ടായ വെള്ളപ്പാച്ചിൽ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം, ചെറുപുഴ പഞ്ചായത്തുകളില്‍ വ്യാപകമായ നാശനഷ്ടമുണ്ടാക്കി. പശ്ചിമഘട്ടമലനിരകളിലുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം ചാലിയാര്‍ പുഴയിലെ ജനനിരപ്പ് ഉയര്‍ന്ന് നിലമ്പൂര്‍ പട്ടണം അടക്കമുള്ള മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലായി. നിലമ്പൂര്‍ താലൂക്ക് പരിധിയില്‍ മരം വീണ് 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആഢ്യന്‍പാറയുടേയും അമ്പുട്ടാന്‍പൊട്ടിയുടേയും ഇടയില്‍ മുകള്‍ ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടി. ജനവാസ കേന്ദ്രത്തിന് കിലോമീറ്ററുകള്‍ ദൂരെയായതിനാല്‍ അപകടങ്ങള്‍ ഉണ്ടായില്ല. പോത്തുകല്‍, ഭൂതാനം എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചാലിയാര്‍ കരകവിഞ്ഞ് കോഴിക്കോട് ജില്ലയുടെ മാവൂര്‍ മേഖലയും വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയായ തുഷാരഗിരിയിലെ ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങിയതോടെ ഈ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മലപ്പുറം ജില്ലയിലെ മുണ്ടേരിയില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ പാലം ഒഴുകിപ്പോയി. കഴിഞ്ഞ പ്രളയകാലത്ത് പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്നാണ് റവന്യൂവകുപ്പ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്.

മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ശക്തമായതിനെത്തുടര്‍ന്ന് ദുരന്തനിവാരണസേന മലപ്പുറം, പാലക്കാട് ജില്ലകളിലെത്തി ദുരിതാശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

പാലക്കാട് അഗളി, അട്ടപ്പാടി മേഖലയിലും അതിശക്തമായ കാറ്റും മഴയുമുണ്ടായതോടെ ഈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് അട്ടപ്പാടി മേഖലയില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. വയനാട്ടിലും മഴ കനത്തതിനാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പുഴയോരനിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ചാലിയാര്‍, പൂനൂര്‍ തുടങ്ങിയ പുഴകളില്‍ ജലനിരപ്പ് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശക്തമായ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും മേപ്പാടിയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴയും കാറ്റും ശക്തമായതോടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

റവന്യു, ഫയര്‍ഫോഴ്‌സ്, ട്രോമാകെയര്‍, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സും ചേര്‍ന്നാണ് പുലരുവോളം മരങ്ങള്‍ വെട്ടിമാറ്റി തടസങ്ങള്‍ ഒഴിവാക്കുന്നത്. കെഎസ്ഇബി വിവിധ സെക്ഷനുകളിലായി 27 ഓളം ഇടങ്ങളിലായി വൈദ്യുത തൂണുകളും ഭാഗികമായി തകര്‍ന്നു.

ഞായറാഴ്ചവരെ മഴ തുടരും, മലപ്പുറത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് അതിതീവ്രമഴ പ്രതീക്ഷിക്കുന്ന മലപ്പുറം ജില്ലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിവിടെ പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിലും മലയോര മേഖലകളിലും അതിശക്തമായ മഴയാണ്. ആറ് ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. വരും ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മിഷനും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്കാണ് ദേശീയ ജല കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Eng­lish sum­ma­ry: Dam­age caused by rains and land­slides in North Ker­ala

You may also like this video;